' ഉണ്ണിയെ കൊല്ലുമെന്നറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ കാവലിരിക്കുമായിരുന്നു...'
തിരൂരങ്ങാടി: '' അവന്റെ മരണശേഷം ഞാന്‍ ശരിക്ക് ഉറങ്ങിയിട്ടില്ല. എനിക്കിനി അതിന് കഴിയുമെന്നും തോന്നുന്നില്ല. വല്ലതും കഴിക്കുന്നത് തന്നെ ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി മാത്രമാണ്'' കൊടിഞ്ഞിയില്‍ വെട്ടേറ്റു മരിച്ച ഫൈസലിന്റെ പിതാവ് അനന്തകൃഷ്ണന്‍ നായരുടെ ഇടറുന്ന വാക്കുകള്‍. ഫൈസലിന്റെ ഘാതകരില്‍ ചിലരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച വിവരമറിഞ്ഞിട്ടും നിര്‍വികാരനാണദ്ദേഹം. '' രണ്ട് പെണ്‍കുട്ടികള്‍ക്ക് ഒരാണ്‍തുണയായിരുന്നു ഉണ്ണി. വളരെ ലാളിച്ചു വളര്‍ത്തി. ഒരുറുമ്പിനെപോലും നോവിക്കാത്തവനായിരുന്നു. മതം മാറണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ അവന്റെ ഇഷ്ടം നടക്കട്ടെ എന്നുകരുതി. അവന്റെ മനസ് വേദനിക്കുന്നത് കാണാന്‍ ഞങ്ങള്‍ക്കാര്‍ക്കും ശക്തിയില്ലായിരുന്നു. രക്തത്തില്‍ കുളിച്ച് കുടല്‍മാല പുറത്തേക്ക് തള്ളി നടുറോഡില്‍ അവന്‍ മരിച്ചുകിടക്കുന്ന കാഴ്ച കണ്ടപ്പോള്‍ ഹൃദയം പിടഞ്ഞുപോയി. മനസ്സിപ്പോഴും നിയന്ത്രിക്കാനാവുന്നില്ല''. കൃഷ്ണന്‍ നായരുടെ തൊണ്ടയിടറി.
''സജീഷ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല. ഫൈസലിന്റെ അമ്മാവന്റെ മകനാണവന്‍. അവര്‍ ഒരുമിച്ചാണ് കളിച്ചുവളര്‍ന്നത്. കൂടെനടന്ന ഉടപ്പിറപ്പായ അവനും ചതിച്ചു...'' മുഴുമിപ്പിക്കാനാകാതെ കൃഷ്ണന്‍ നായര്‍ പറഞ്ഞു നിര്‍ത്തി. ഘാതകരില്‍ അവന്റെ സ്വന്തം രക്തത്തില്‍ പിറന്നവരും ഉണ്ടല്ലോ എന്ന ദു: ഖത്തിലാണ്കൃഷ്ണന്‍ നായര്‍. ഫൈസലിന്റെ ഭാര്യ മതംമാറുമെന്നും അവളെ പിന്തിരിപ്പിക്കണമെന്നും പറഞ്ഞ് നാലുപേര്‍ വന്നിരുന്നതായും കൃഷ്ണന്‍ നായര്‍ ഓര്‍ക്കുന്നു.
''ഉണ്ണിയെകൊല്ലുമെന്ന് ആരും സൂചിപ്പിക്കുകയോ പറയുകയോ ചെയ്തില്ല. അറിഞ്ഞിരുന്നുവെങ്കില്‍ അവനുവേണ്ടി ഞാന്‍ കാവലിരിക്കുമായിരുന്നു. ഉണ്ണിക്ക് പകരം അവര്‍ക്ക് എന്നെ എടുക്കാമായിരുന്നില്ലേ. നടുറോഡില്‍ വച്ച് വെട്ടിക്കൊല്ലുന്നതിനേക്കാള്‍ ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് കൊല്ലാമായിരുന്നില്ലേ അവര്‍ക്ക് '' നീറുന്ന മനസ്സുമായി കൃഷ്ണന്‍ നായര്‍ ചോദിക്കുന്നു.
''മനുഷ്യന് ഇത്രയും ക്രൂരനാകാന്‍ സാധിക്കുമോ. പ്രതികളെ തൂക്കിക്കൊല്ലണം. എന്റെ മകന്‍ ഖബറില്‍ കിടക്കുമ്പോള്‍ ഞാനിനി എങ്ങോട്ടുമില്ല. അവന്‍ മരിച്ചതുമുതല്‍ ഞാന്‍ തനിച്ചാണ് വീട്ടില്‍ ജീവിക്കുന്നത്. അവന് പടച്ചവന്‍ നല്ലതുവരുത്തട്ടെ''. നിറഞ്ഞ കണ്ണുകളോടെ കരങ്ങള്‍ മേല്‍പ്പോട്ടുയര്‍ത്തി അനന്തകൃഷ്ണന്‍നായര്‍ വിതുമ്പി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."