അടിസ്ഥാന സൗകര്യങ്ങളില്ല; അങ്കണവാടിയിലെ കുരുന്നുകള്‍ ദുരിതത്തില്‍
അരൂര്‍: എഴുപുന്ന പഞ്ചായത്ത് പതിമൂന്നാം വാര്‍ഡിലെ അങ്കണവാടിയിലെ വിദ്യാര്‍ഥികള്‍ ദുരിതത്തില്‍. പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ സൗകര്യമില്ലാതേയും കുടിവെള്ളമില്ലാതെയും വൈദ്യുതിയില്ലാതേയുമാണ് ഇവര്‍ വിഷമിക്കുന്നത്. പഞ്ചായത്തിലെ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന അങ്കണവാടിയാണ് 37ാം നമ്പര്‍ അങ്കണവാടി. 24 കുട്ടികളും രണ്ട് ജീവനക്കാരും നിലവിലുണ്ട്.
1975ല്‍ ബ്ലോക്ക് പഞ്ചായത്ത് നിര്‍മിച്ചു നല്‍കിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ അങ്കണവാടിയില്‍ കറന്റ് കണക്ഷനില്ല. വേനല്‍ കാലങ്ങളില്‍ കുട്ടികള്‍ വിയര്‍ത്തൊലിക്കുമ്പോള്‍ ആയമാര്‍ വിശറികൊണ്ട് വീശിയാണ് ചൂട് ശമിപ്പിക്കുന്നത്.ഒരു ടൊയ്‌ലെറ്റുണ്ടെങ്കിലും ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്.കാലാകാലങ്ങളില്‍ ടാങ്ക് ശുചിയാക്കാത്തതിനാല്‍ കൊതുകുശല്യവും രൂക്ഷമാണ്.
എഴുപുന്ന ഗ്രാമ മാതാവ് പ്രസിഡന്റായിട്ടുള്ള മഹിളാസമാജത്തിന്റെ പേരിലാണ് കെട്ടിടം.ഒരു സ്വകാര്യ വ്യക്തി സൗജന്യമായി നല്‍കിയ സ്ഥലത്താണ് കെട്ടിടം പണിതിട്ടുള്ളത്. തുടക്കത്തില്‍ ബാലവാടിയായി പ്രവര്‍ത്തനമാരംഭിക്കുകയും പിന്നീട് അങ്കണവാടിയായി അപ്‌ഗ്രേഡ് ചെയ്യുകയുമായിരുന്നു. മഹിളാസമാജം പ്രവര്‍ത്തകരായിരുന്നു അന്നും ഇന്നും ഇവിടത്തെ ജീവനക്കാര്‍. ഇന്നും അവര്‍ക്ക് അതിന്റെ പേരിലുള്ള ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ടെന്ന് അറിയുന്നു.എന്നാല്‍ മഹിളാസമാജത്തിന്റെ പേരിലുള്ള കെട്ടിടത്തിന്റെ ഓണര്‍ഷിപ്പ് വിട്ടുനല്‍കാത്തതാണ് കെട്ടിടത്തിന് വൈദ്യുതി ലഭിക്കാന്‍ തടസ്സമാകുന്നതെന്ന് പറയപ്പെടുന്നു.രേഖകള്‍ പ്രകാരം സാമൂഹ്യനീതിവകുപ്പിന്റെ (ഐ.സി.ഡി.എസ്) സ്വന്തം കെട്ടിടമായാണ് നിലനില്‍ക്കുന്നത്.
അങ്കണവാടി കെട്ടിടത്തിന് ശൗചാലയവും വൈദ്യുതിയും നല്‍കാനുള്ള നടപടിയുണ്ടാകണമെന്ന് ആവശ്യവുമായി ജെ.എസ്.എസ് എഴുപുന്ന പഞ്ചായത്ത്കമ്മറ്റി സെക്രട്ടറി റെജി റാഫോല്‍ ഇതുസംബന്ധിച്ച് എഴുപുന്ന പഞ്ചായത്ത്അധികൃതരെ സമീപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."