മട അടയ്ക്കല്‍: അടിയന്തിരമായി എസ്റ്റിമേറ്റ് തയാറാക്കാന്‍ നിര്‍ദേശം
ആലപ്പുഴ : പുത്തനാറായിരം പാടശേഖരത്തിലെ മട അടയ്ക്കാനും ഈ ഭാഗത്തെ ബണ്ട് ബലപ്പെടുത്താനുമുള്ള പ്രവര്‍ത്തികള്‍ക്കുള്ള എസ്റ്റിമേറ്റ് തയാറാക്കി ഒരാഴ്ചയ്ക്കകം സമര്‍പ്പിക്കാന്‍ ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കളക്ടര്‍ വീണ എന്‍. മാധവന്‍ നിര്‍ദേശം നല്‍കി. മടവീണ് കൃഷി നശിച്ച പുത്തനാറായിരം പാടശേഖരത്ത് കൃഷിയിറക്കുന്നതുമായി ബന്ധപ്പെട്ട് ചേര്‍ന്ന കര്‍ഷകരുടെയും ഉദ്യോഗസ്ഥരുടെയും ആലോചനാ യോഗത്തില്‍ ആധ്യക്ഷ്യം വഹിക്കുകയായിരുന്നു കളക്ടര്‍.
പാടശേഖരത്തെ പ്രധാന ബണ്ടിന് ബലമേകാന്‍ അതിനോട് ചേര്‍ന്ന് മറ്റൊരു ബണ്ട് (പിള്ളച്ചിറ) സ്ഥാപിക്കണമെന്ന് പാടശേഖരസമിതി ഭാരവാഹികളും കര്‍ഷകരും ആവശ്യപ്പെട്ടു. കരിങ്കല്ലിറക്കി ഉറപ്പിച്ച് അതിനു മുകളില്‍ ബണ്ട് പിടിക്കണമെന്നും അവര്‍ പറഞ്ഞു.
പിള്ളച്ചിറ നിര്‍മിക്കാനും ബണ്ട് മണ്ണിറക്കി ബലപ്പെടുത്താനും പൈല്‍ ആന്‍ഡ് സല്‍ബ് സ്ഥാപിച്ച് ഉറപ്പിക്കാനും എസ്റ്റിമേറ്റ് തയാറാക്കാന്‍ മങ്കൊമ്പിലെ കുട്ടനാട് പാക്കേജ് ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി. 29ന് ഇറിഗേഷന്‍ സംഘം ബണ്ട് സന്ദര്‍ശിച്ച് എസ്റ്റിമേറ്റ് തയാറാക്കും. ബണ്ട് ബലപ്പെടുത്തുന്നതിന് കര്‍ഷകര്‍ സ്വീകരിക്കുന്ന പരമ്പരാഗത മാര്‍ഗങ്ങളും അവരുടെ നിര്‍ദേശവും കൂടി പരിഗണിച്ച് എസ്റ്റിമേറ്റ് തയാറാക്കണമെന്നും നിര്‍ദേശിച്ചു. ഡിസംബര്‍ മൂന്നിന് കുട്ടനാട് ക്രൈസിസ് മാനേജ്‌മെന്റ് കമ്മിറ്റി കൂടി എസ്റ്റിമേറ്റ് പരിശോധിച്ച് സര്‍ക്കാരിന് സമര്‍പ്പിക്കും.
കൃഷി നശിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം അനുവദിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. കൃഷിയിറക്കി 12-ാം ദിവസമാണ് മടവീണ് കൃഷി നശിച്ചത്. 30 ദിവസം കഴിഞ്ഞാലേ നഷ്ടപരിഹാരം നല്‍കാനാവൂവെന്ന മാനദണ്ഡമുള്ളതിനാല്‍ ഇക്കാര്യം സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താമെന്ന് കളക്ടര്‍ പറഞ്ഞു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എ.ജി. അബ്ദുള്‍ കരീം, പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു കുറുപ്പശേരി, ഡി ബ്ലോക്ക് കായല്‍ പാടശേഖരസമിതി പ്രസിഡന്റ് കെ.എം. മാത്യു, തോമസ് ജോസഫ്, സൂപ്രണ്ടിങ് എന്‍ജിനീയര്‍ പി.ആര്‍. ഗീത, ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാരായ കെ.പി. ഹരണ്‍ബാബു, പി.എസ്. ഗണേഷ്, എ. ഹത്‌സ ബീവി, തോമസ് ചാണ്ടി എം.എല്‍.എ.യുടെ പ്രതിനിധി സോണി ജോസഫ്, കര്‍ഷകരായ തോമസ് ജോസഫ്, കെ.എം. തോമസ്, ജോര്‍ജ് തോമസ്, റ്റി.എ. ലാലപ്പന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."