പലിശരഹിത ബാങ്കിങ് പൗരന്മാരുടെ അവകാശമാണ്
കള്ളപ്പണക്കാരെ പിടിച്ചുകെട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ സാമ്പത്തിക അടിയന്തരാവസ്ഥ യഥാര്‍ഥത്തില്‍ ബാധിച്ചത് പലിശയിലധിഷ്ഠിതമായ ബാങ്കിങ് സംവിധാനത്തോട് മുഖം തിരിച്ചിരുന്ന ഒരു വലിയ സമൂഹത്തെയാണ്. നോട്ട് നിരോധനത്തിന്റെ പെരുമ പാടി നടക്കുന്നവര്‍ നിഷ്‌കളങ്കരായ ഈയൊരു വിഭാഗത്തെ കണ്ടില്ലെന്ന് നടിക്കരുത്. പലിശയിലധിഷ്ഠിതമായ രാജ്യത്തെ ബാങ്കുകളുമായി സാമ്പത്തിക ക്രയവിക്രയങ്ങള്‍ നടത്താത്ത ലക്ഷക്കണക്കിന് വിശ്വാസി സമൂഹം ഇവിടെയുണ്ട്. അധ്വാനിച്ചുണ്ടാക്കിയ പണം, പലിശയെ പേടിച്ചു ബാങ്കില്‍ നിക്ഷേപിക്കാതെ കൈയില്‍ സൂക്ഷിച്ചവര്‍ക്ക് സര്‍ക്കാര്‍ സമ്മാനിച്ചത് ഇരട്ട പ്രഹരമാണ്. മനസ്സില്ലാ മനസ്സോടെയാണ് വിശ്വാസികള്‍ ബാങ്കിന് മുന്നില്‍ വരിനില്‍ക്കുന്നതെന്ന് അധികാരികള്‍ തിരിച്ചറിയേണ്ടതുണ്ട്.
കള്ളപ്പണക്കാര്‍ ചെയ്ത തെറ്റിനു വേണ്ടി സാധുക്കളായ മതവിശ്വാസികള്‍ ബലിയാടാകേണ്ടി വരുന്നു. ഈയൊരു സാഹചര്യത്തില്‍ പലിശ അനുവദനീയമല്ലെന്ന് വിശ്വസിക്കുന്ന രാജ്യത്തെ മുസ്‌ലിംകള്‍ക്ക് പലിശരഹിത ബാങ്കിങ് വ്യവസ്ഥ ഒരുക്കിക്കൊടുക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ബാധ്യതയുണ്ട്.
പാശ്ചാത്യ രാജ്യങ്ങളിലടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പലിശരഹിത ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധിയില്‍ സാധാരണ ബാങ്കുകള്‍ തകര്‍ന്നടിഞ്ഞ സമയത്തെല്ലാം ലോകത്ത് പിടിച്ചുനിന്നത് ഇസ്‌ലാമിക് ബാങ്കുകളായിരുന്നു.
ഇന്ത്യയില്‍ ഇസ്‌ലാമിക് ബാങ്കുകള്‍ സ്ഥാപിക്കാന്‍ കഴിഞ്ഞ മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ മുന്നോട്ടുവന്നെങ്കിലും ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്ന് ആ ശ്രമം ഒഴിവാക്കുകയായിരുന്നു. ഇസ്‌ലാമിക് ബാങ്കുകള്‍ ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണെന്ന് സാമ്പത്തിക വിദഗ്ധര്‍ നേരത്തേ അഭിപ്രായപ്പെട്ടിട്ടുണ്ട്. കഴിഞ്ഞദിവസം പലിശരഹിത ബാങ്കുകള്‍ തുടങ്ങാന്‍ റിസര്‍വ് ബാങ്ക് പച്ചക്കൊടി കാണിക്കുന്നുണ്ടെന്ന വാര്‍ത്ത പ്രതീക്ഷയോടെയാണ് വിശ്വാസികള്‍ കാണുന്നത്. പൗരന്മാരുടെ സാമ്പത്തിക ക്ഷേമമാണ് ലക്ഷ്യമെങ്കില്‍ പലിശരഹിത ബാങ്കുകള്‍ തുടങ്ങാന്‍ ബന്ധപ്പെട്ടവര്‍ ഉടന്‍ നടപടിയെടുക്കണമെന്നാണ് വിശ്വാസികള്‍ക്ക് പറയാനുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."