സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി
കൊച്ചി: കേരള സര്‍വകലാശാലയിലെ അസിസ്റ്റന്റ് ലൈബ്രേറിയന്‍ ഗ്രേഡ്-ഒന്ന് തസ്തികയിലെ പെന്‍ഷന്‍ പ്രായം 60 ആക്കിയ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. പെന്‍ഷന്‍ പ്രായം കൂട്ടുന്നതു സര്‍ക്കാരിന്റെ നയതീരുമാനമാണെന്നുമുള്ള സര്‍ക്കാരിന്റെ വാദം അംഗീകരിച്ചാണു ഡിവിഷന്‍ ബെഞ്ചിന്റെ തീരുമാനം.
പെന്‍ഷന്‍ പ്രായം കൂട്ടാന്‍ യു.ജി.സി നിര്‍ദേശിച്ചിട്ടും സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് ഈ തസ്തികയിലുള്ളവര്‍ നല്‍കിയ ഹരജിയില്‍ സിംഗിള്‍ ബെഞ്ച് നല്‍കിയ അനുകൂല ഉത്തരവാണു ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്.
പെന്‍ഷന്‍ പ്രായം 62 ആക്കണമെന്ന ഹര്‍ജിയില്‍ ഇവരെ സര്‍വകലാശാല അധ്യാപകര്‍ക്കു തുല്യരായി കണക്കാക്കി പെന്‍ഷന്‍ പ്രായം 60 ആക്കാനാണു സിംഗിള്‍ബെഞ്ച് ഉത്തരവിട്ടത്. ഇതിനെതിരേ സംസ്ഥാന സര്‍ക്കാരും കേരള സര്‍വകലാശാലയും നല്‍കിയ അപ്പീലുകളും മറ്റു ഹരജികളുമാണു ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്.
കേരള സര്‍വകലാശാല നിയമമനുസരിച്ച് അസി. ലൈബ്രേറിയന്‍ ഗ്രേഡ് ഒന്നിലുള്ളവരെ അധ്യാപകര്‍ക്കു തുല്യരായി പരിഗണിക്കാനാവില്ലെന്നു സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.
അസി. ലൈബ്രേറിയന്‍ ഗ്രേഡ് ഒന്നിലേക്കു നിയമിക്കപ്പെട്ടവര്‍ അക്കാദമിക സ്വഭാവമുള്ള ജോലിയാണു ചെയ്യുന്നതെങ്കിലും അനധ്യാപക തസ്തികയാണിതെന്നും സര്‍വകലാശാല സ്റ്റാറ്റിയൂട്ട് അനുസരിച്ച് ഇവര്‍ക്കു കേരള സര്‍വിസ് ചട്ടമാണു ബാധകമെന്നും വ്യക്തമാക്കി കേരള സര്‍വകലാശാല സത്യവാങ്മൂലം നല്‍കിയിരുന്നു. കേരള സര്‍വീസ് റൂള്‍ അനുസരിച്ച് അനധ്യാപകരുടെ റിട്ടയര്‍മെന്റ് പ്രായം 56 വയസാണെന്നും ഇതു ഭേദഗതി ചെയ്യാതെ അസി. ലൈബ്രേറിയന്‍മാരുടെ പെന്‍ഷന്‍ പ്രായം കൂട്ടാനാവില്ലെന്നും കേരള സര്‍വകലാശാല വിശദീകരിച്ചു.
മറ്റു സംസ്ഥാനങ്ങളില്‍ പെന്‍ഷന്‍ പ്രായം കൂട്ടാനുള്ള യുജിസി നിര്‍ദേശം പാലിക്കുന്നുണ്ടെങ്കിലും വിദ്യാസമ്പന്നരായ ധാരാളം യുവാക്കള്‍ ജോലിക്കായി കാത്തിരിക്കുന്ന കേരളത്തില്‍ പെന്‍ഷന്‍ പ്രായം കൂട്ടാനാവില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കി. ഈ വസ്തുതകള്‍ കണക്കിലെടുത്താണു ഡിവിഷന്‍ ബെഞ്ചിന്റെ വിധി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."