ഏറ്റുമുട്ടലിന്റെ എല്ലാവശങ്ങളും പരിശോധിക്കും: ഡി.ജി.പി
തിരുവനന്തപുരം: മാവോയിസ്റ്റ് ഏറ്റുമുട്ടലിന്റെ എല്ലാവശങ്ങളും പരിശോധിച്ചു മാത്രമേ ഒരുനിഗമനത്തിലെത്തുകയുള്ളെന്നു സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബഹ്‌റ പറഞ്ഞു.
ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ പറയാന്‍ സാധിക്കൂ. മുന്‍വിധിയോടെ നിഗമനങ്ങളില്‍ എത്താന്‍ പൊലിസ് ഉദ്ദേശിക്കുന്നില്ലെന്നും നിലമ്പൂരില്‍ പൊലിസിനെ മാവോയിസ്റ്റുകള്‍ ആക്രമിച്ചതുകൊണ്ടാണു പ്രത്യാക്രമണം നടത്തിയതെന്നും ഡി.ജി.പി പറഞ്ഞു.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ പൊലിസിന് ബാധ്യതയുണ്ട്. ഇക്കാര്യത്തില്‍ പൊലിസ് തെറ്റ് ചെയ്‌തെന്ന് അന്വേഷണത്തില്‍ തെളിഞ്ഞാല്‍ നടപടിയെടുക്കട്ടെ എന്നും ഡി.ജി.പി. പറഞ്ഞു.
മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമെന്ന് ബി.ജെ.പി
തിരുവനന്തപുരം: നിലമ്പൂരില്‍ പൊലിസ് വെടിവയ്പ്പില്‍ രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട് അഞ്ച് ദിവസം പിന്നിട്ടിട്ടും ഇതുസംബന്ധിച്ചു പ്രതികരിക്കാന്‍ തയ്യാറാകാത്ത ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ മൗനം ദുരൂഹമാണെന്നു ബി.ജെ.പി. പൊലിസ് നടപടിയില്‍ നിലപാട് വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. മറ്റു സംസ്ഥാനങ്ങളില്‍ ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ വ്യാജ ഏറ്റുമുട്ടലെന്നു പറയുന്ന സി.പി.എം. കേരളത്തിലുണ്ടായ സംഭവത്തെക്കുറിച്ചു മൗനം പാലിക്കുന്നതു ദുരൂഹമാണെന്നും ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം വി.മുരളീധരന്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."