പ്രഭാതസവാരിക്കിറങ്ങിയ നാലംഗ സ്ത്രീകളുടെ നേര്‍ക്കു പാല്‍വണ്ടി ഇടിച്ചുകയറി ഒരു മരണം: മൂന്നുപേര്‍ക്ക് പരുക്ക്
കൊല്ലം: കൊട്ടാരക്കരയില്‍ പ്രഭാതസവാരിക്കിറങ്ങിയ നാലംഗ സ്ത്രീകളുടെ നേര്‍ക്കു പാല്‍വണ്ടി ഇടിച്ചുകയറി ഒരാള്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരുക്ക്. ഇന്നു പുലര്‍ച്ചെ കോട്ടാത്തല പണയില്‍ ജങ്ഷനു സമീപമായിരുന്നു അപകടം. പണയില്‍ കുറവന്‍ചിറ തെക്കടത്തുവീട്ടില്‍ പരേതനായ അശോകന്‍ ഉണ്ണിത്താന്റെ ഭാര്യ ലതികാകുമാരിയാ(45)ണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന പണയില്‍ പുല്ലുവിളവീട്ടില്‍ മിനി(35), ഭാഗ്യശ്രീയില്‍ മിനി(36), കുറവന്‍ചിറ പാറയ്ക്കല്‍വീട്ടില്‍ ഗീത(36) എന്നിവരെ പരുക്കുകളോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രഭാത സവാരി കഴിഞ്ഞു മടങ്ങുമ്പോള്‍ കൊട്ടാരക്കര പുത്തൂര്‍ റോഡില്‍ പണയില്‍ ക്ഷേത്രത്തിന്റെ പുതിയ റോഡിന്റെ ഭാഗത്തായിരുന്നു അപകടം. റോഡരികില്‍കൂടി നടന്നുനീങ്ങിയ സംഘത്തെ, കൊട്ടാരക്കര ഭാഗത്തുനിന്നും വന്ന പിക്കപ്പ് വാന്‍ ഇടിച്ചുതെറിപ്പിച്ചശേഷം നിര്‍ത്താതെ പോകുകയായിരുന്നു. ഇടിയേറ്റ ലതികാകുമാരി റോഡിനുവശത്തെ തോട്ടിലേക്കു തെറിച്ചുവീണു.
ഓടിക്കൂടിയവര്‍ ഉടന്‍തന്നെ അപകടത്തില്‍പ്പെട്ടവരെ താലൂക്ക് ആശുപത്രിയിലും ആരോഗ്യനില വഷളായ ലതികാകുമാരിയെ തുടര്‍ന്നു മീയണ്ണൂരിലെ സ്വകാര്യ മെഡിക്കല്‍കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഉച്ചകഴിഞ്ഞു സംസ്‌ക്കരിക്കും. മകന്‍: അഖില്‍നാഥ്, മരുമകള്‍: ആര്‍ച്ച. കൊട്ടാരക്കര പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."