നോട്ട് നിരോധനം: മുഖ്യമന്ത്രിമാരുടെ ഉപസമിതി രൂപീകരിക്കും
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തെത്തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുഖ്യമന്ത്രിമാരുടെ ഉപസമിതിക്ക് രൂപം നല്‍കും. നോട്ട് പിന്‍വലിച്ചതിനെ തുടര്‍ന്ന് സംസ്ഥാനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളാണ് പ്രധാനമായും ഉപസമിതി പഠിക്കുക.
നിരോധനത്തെ തുടര്‍ന്ന് പലസംസ്ഥാനങ്ങളം പരാതികളുമായി കേന്ദ്രസര്‍ക്കാരിനെ സമീപിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. സംസ്ഥാനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനും പ്രശ്‌നങ്ങള്‍ വിലയിരുത്തുന്നതിനും പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനുമാണ് സമിതിയെ നിയോഗിക്കുന്നതെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു.
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും തെലുങ്കുദേശം പാര്‍ട്ടി (ടി.ഡി.പി) നേതാവുമായ ചന്ദ്രബാബു നായിഡുവാകും സമിതി അധ്യക്ഷന്‍. ഇതുസംബന്ധിച്ച് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, നായിഡുവുമായി ഫോണില്‍ സംസാരിച്ചതായി മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
കേന്ദ്രത്തില്‍ ഭരണകക്ഷിയായ എന്‍.ഡി.എ സഖ്യത്തിലെ മൂന്നാമത്തെ വലിയ കക്ഷിയാണ് ടി.ഡി.പി. എന്‍.ഡി.എ സഖ്യത്തിന് പുറത്തുള്ള രണ്ടു മുഖ്യമന്ത്രിമാര്‍ മാത്രമാണ് നിലവില്‍ കേന്ദ്രത്തിന്റെ നോട്ട് പിന്‍വലിക്കല്‍ നിലപാടിനെ പിന്തുണച്ചത്.
ബിഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാര്‍, ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് എന്നിവരാണ് നിരോധനത്തെ അനുകൂലിച്ചത്. എങ്കിലും ഇതുമൂലം ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകളെ ഇവര്‍ വിമര്‍ശിച്ചിട്ടുണ്ട്.
എന്‍.ഡി.എയിലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായ ശിവസേനയും മറ്റൊരു ഘടകക്ഷി ശിരോമണി അകാലി ദളും നോട്ട് പിന്‍വലിച്ച നിലപാടിനെ എതിര്‍ത്തിരുന്നു.
ഈ സാഹചര്യത്തിലാണ് പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ സമിതിയെ രൂപീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."