മാവോയിസ്റ്റ് ഏറ്റുമുട്ടല്‍: ആദിവാസികള്‍ക്കിടയില്‍ പൊലിസ് വിരുദ്ധവികാരം
പാലക്കാട്: നിലമ്പൂര്‍ കരുളായി വനമേഖലയില്‍ മാവോയിസ്റ്റുകള്‍ക്കെതിരേ പൊലിസ് നടത്തിയത് ഏകപക്ഷീയ വെടിവയ്പ്പാണെന്ന തരത്തില്‍ വിവരങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് ആദിവാസി മേഖലകളില്‍ പൊലിസ് വിരുദ്ധവികാരം പടരുന്നു. മാവോയിസ്റ്റുകളോടും പൊലിസിനോടും നിഷ്പക്ഷ നിലപാട് സ്വീകരിച്ചിരുന്ന ആദിവാസി വിഭാഗങ്ങള്‍ക്കിടയിലാണ് പൊലിസ് വിരുദ്ധവികാരം പുകഞ്ഞു പൊന്തുന്നത്.
നിരായുധരായി ടെന്റില്‍ വിശ്രമിക്കുന്നവരെയാണ് വെടിവച്ചു കൊന്നതെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. പൊലിസില്‍നിന്ന് ലഭിക്കുന്ന സൂചനകളും ഇത് ശരിവയ്ക്കുന്ന തരത്തിലാണ്. വെടിവയ്പ്പില്‍ കൊല്ലപ്പെട്ട അജിതയുടെ മൃതശരീരത്തിനടുത്തുനിന്നു പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന നിലയില്‍ ഐപോഡ് കണ്ടെത്തിയതാണ് ഏറ്റുമുട്ടല്‍ ഏകപക്ഷീയമാണെന്ന നിഗമനത്തിലേക്ക് വിരല്‍ചൂണ്ടുന്നത്. കുപ്പു ദേവരാജ് എന്ന കുപ്പുസ്വാമി, അജിത എന്നിവരാണ് വ്യാഴാഴ്ച ഉച്ചയോടെ നടന്ന പൊലിസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിന്റെ വിശദാംശങ്ങള്‍ പൊലിസ് വ്യക്തമാക്കാത്തതും സംശയം വര്‍ധിപ്പിക്കുകയാണ്.
ഏറ്റുമുട്ടല്‍ നടന്നിട്ടുണ്ടെങ്കില്‍ പൊലിസിലോ തണ്ടര്‍ബോള്‍ട്ടിലോ ഉള്‍പ്പെട്ട ആര്‍ക്കെങ്കിലും പരുക്കേല്‍ക്കുമായിരുന്നു. എന്നാല്‍, ഒരു സേനാംഗത്തിനും പരുക്കേറ്റതായി വിവരമില്ല. കാട്ടിലേക്ക് വ്യാഴാഴ്ച ഉച്ചയോടെ ആംബുലന്‍സ് പോയെങ്കിലും പരുക്കേറ്റവരെ ചികിത്സിക്കാനുള്ള ഡോക്ടര്‍മാരുണ്ടായിരുന്നില്ല.
മാവോയിസ്റ്റുകള്‍ തുടര്‍ച്ചയായി ഊരുകളില്‍ യോഗങ്ങളും ലഘുലേഖ വിതരണവുമൊക്കെ നടത്തിയിട്ടും ഇവര്‍ക്കു പിടികൊടുക്കാതിരിക്കുകയും, പൊലിസിനോട് സൗഹൃദം സൂക്ഷിച്ച് നിഷ്പക്ഷ നിലപാട് സ്വീകരിക്കുകയും ചെയ്തവരായിരുന്നു ഊരുകൂട്ടങ്ങള്‍. പൊലിസിനോടും മാവോയിസ്റ്റുകളോടും വിധേയത്വവും വിരോധവും കാണിക്കാതെയായിരുന്നു ആദിവാസി വിഭാഗങ്ങള്‍ നിലപാട് സ്വീകരിച്ചിരുന്നത്.
എന്നാല്‍ കാട്ടില്‍ കയറി ഏകപക്ഷീയ വെടിവയ്പ്പ് നടത്തുന്നത് തങ്ങളുടെ സൈ്വരജീവിതത്തിനുനേരെയുള്ള നടപടിയായാണ് ആദിവാസികള്‍ വിലയിരുത്തുന്നത്.
സോഷ്യല്‍മീഡിയാ ബന്ധങ്ങളോ മറ്റു വാര്‍ത്താവിനിമയ സംവിധാനങ്ങളോ ഇല്ലെങ്കിലും കൊലപാതകത്തെക്കുറിച്ച് ആദിവാസികള്‍ക്കിടയില്‍ ചൂടുപിടിച്ച ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നാണ് ഇന്റലിജന്‍സ് ബ്യൂറോയും വ്യക്തമാക്കുന്നത്. ഇത് വൈകാരിക പ്രശ്‌നമാക്കി ആദിവാസികള്‍ക്കിടയില്‍ വേരുപിടിപ്പിക്കാനുള്ള അവസരമാക്കി മാറ്റാന്‍ മാവോയിസ്റ്റുകള്‍ ശ്രമിക്കുമെന്നും ഒരുവേള ആദിവാസികള്‍ ഈ ശ്രമങ്ങളില്‍ വീണുപോകാനുള്ള സാധ്യതയേറെയാണെന്നും ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."