ആയിരക്കണക്കിന് പേരുടെ പെന്‍ഷന്‍ മുടങ്ങാന്‍ സാധ്യത
മലപ്പുറം: സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ വാങ്ങുന്നവരോട് സര്‍ക്കാര്‍ നിര്‍ദേശിച്ച സത്യവാങ്മൂലം പൂര്‍ത്തിയാവാത്തതിനാല്‍ സംസ്ഥാനത്ത് ആയിരങ്ങളുടെ പെന്‍ഷന്‍ മുടങ്ങാന്‍ സാധ്യത. ഉപഭോക്താക്കള്‍ നല്‍കിയ സത്യവാങ്മൂലം ഓണ്‍ലൈന്‍ നടപടിക്രമങ്ങള്‍ അവസാനിക്കാനിരിക്കെ മിക്ക തദ്ദേശ സ്ഥാപനങ്ങളിലും നൂറുകണക്കിനു പേരുടെ വിവരങ്ങള്‍ ഇനിയും അപ്‌ഡേറ്റ് ചെയ്യാനായിട്ടില്ല.
ഗുണഭോക്താക്കളുടെ പുതിയ സത്യവാങ്മൂലം തദ്ദേശസ്ഥാപനങ്ങള്‍ പെന്‍ഷന്‍ വെബ്‌സൈറ്റില്‍ രേഖപ്പെടുത്തണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. മറ്റു സാമൂഹിക പെന്‍ഷനുകളോ ഇ.പി.എഫ് പെന്‍ഷനോ വാങ്ങുന്നില്ലെന്നും, ആദായനികുതി അടയ്ക്കുന്നില്ലെന്നും രണ്ട് ഏക്കറിലധികം ഭൂമി സ്വന്തമായോ കുടുംബത്തിനോ ഇല്ലെന്നും രേഖപ്പെടുത്തിയ സത്യവാങ്മൂലമാണ് നല്‍കേണ്ടത്. ഗുണഭോക്താക്കളുടെ ആധാര്‍ നമ്പര്‍ രേഖപ്പെടുത്താനും നിര്‍ദേശിച്ചിട്ടുണ്ട്.
പുതിയ സത്യവാങ്മൂലം ഗുണഭോക്താക്കളില്‍ നിന്നു വാങ്ങുന്നതിന് കഴിഞ്ഞ പതിനാറിനാണ് തദ്ദേശസ്ഥാപനങ്ങളില്‍ നിര്‍ദേശമെത്തിയത്. വാര്‍ഡുതലങ്ങളില്‍ പ്രത്യേകഫോം വിതരണം ചെയ്താണ് വിവരശേഖരണം നടത്തിയത്. കഴിഞ്ഞ 25ന് ഓണ്‍ലൈന്‍ നടപടികള്‍ പൂര്‍ത്തിയാക്കാനായിരുന്നു നിര്‍ദേശം. എന്നാല്‍ പകുതിയോളം പേരുടെ വിവരശേഖരണവും പൂര്‍ത്തിയാക്കാതെ വന്നതോടെ നാലുദിവസം കൂടി നീട്ടി നല്‍കിയിരുന്നു.
തദ്ദേശസ്ഥാപനങ്ങള്‍ നാലും അഞ്ചും പേരെ അധിക ജോലിക്കായി നിയമിച്ചാണ് രാത്രി വൈകിയും ഡാറ്റാഎന്‍ട്രി ജോലികള്‍ തുടരുന്നത്. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒരേസമയം സര്‍വര്‍ ഉപയോഗിക്കുന്നതോടെ സോഫ്റ്റ്‌വെയര്‍ തകരാറിലാണ്. പലയിടത്തും രാത്രിയും പുലര്‍ച്ചെയുമായാണ് വിവരങ്ങള്‍ ഇതിനാല്‍ അപ്‌ലോഡ് ചെയ്യുന്നത്.
അതേസമയം പുതിയ പെന്‍ഷന്‍ സത്യവാങ്മൂലം ധൃതിപിടിച്ചു പൂര്‍ത്തിയാക്കുന്ന നടപടികള്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. സാമൂഹ്യക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ കിടപ്പിലായവരുള്‍പ്പടെ പലരും ആധാര്‍ കാര്‍ഡ് എടുക്കാത്തവരുണ്ട്. ധൃതിപിടിച്ചുള്ള നീക്കം ഇവര്‍ക്ക് തിരിച്ചടിയാകും.
കഴിഞ്ഞ തവണ കുടുംബശ്രീ നേതൃത്വത്തില്‍ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ നിന്നു വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഇതനുസരിച്ച് വീടുകളില്‍ പെന്‍ഷന്‍ നേരിട്ട് വിതരണവും നടന്നിരുന്നു. പിന്നീടാണ് ഇതേലക്ഷ്യത്തില്‍ രണ്ടാമതും സത്യവാങ്മൂലം നല്‍കാനുള്ള അറിയിപ്പ്. പെന്‍ഷന്‍ തുക വിതരണത്തിനു ഗുണഭോക്താക്കള്‍ക്ക് സ്വീകാര്യമായ രീതി ഉറപ്പാക്കുന്നതിന് പെന്‍ഷന്‍ തുക നേരിട്ടു കൈമാറുകയോ, ബാങ്ക് മുഖേനെ വിതരണം നടത്തുകയോ, ബാങ്ക് അക്കൗണ്ടിലേക്കു അയക്കുകയോ ചെയ്യേണ്ടതെന്നാണ് വീണ്ടും ഇതിലൂടെ ആവര്‍ത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."