മണലിപ്പുഴയ്ക്ക് കുറുകെ താല്‍ക്കാലിക തടയണ നിര്‍മിച്ചു
തൃശൂര്‍: കുടിവെള്ള ആവശ്യത്തിനായി പാണഞ്ചേരി പഞ്ചായത്ത് മൈലാട്ടുംപാറ വാര്‍ഡിലെ മഞ്ഞക്കുന്ന് പ്രദേശവാസികള്‍ ഹര്‍ത്താല്‍ ദിനത്തില്‍ മണലിപ്പുഴക്ക് കുറുകെ താല്‍ക്കാലികമായ തടയണ നിര്‍മിച്ചു. മഴക്കുറവുമൂലം മണലിപ്പുഴയില്‍ വെള്ളം കുറഞ്ഞുതുടങ്ങിയിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി വെള്ളം വളരെ കുറവാണ്. പീച്ചി ഡാം പ്രദേശത്തുള്ള മലകളില്‍ നിന്നുള്ള നീരുറവകളും വറ്റിത്തുടങ്ങി. സാധാരണ നവംബര്‍ മാസത്തില്‍ പീച്ചി ഡാമില്‍ നിന്നുള്ള ഇടതുകര, വലതുകര കനാലില്‍ കൂടി വെള്ളം തുറന്ന് വിടുക പതിവാണ്. ഡാമില്‍ വെള്ള കുറവ് മൂലം കനാലില്‍കൂടി വെള്ളം തുറന്ന് വിട്ടിട്ടില്ല. കനാലില്‍ വെള്ളം വിട്ടാല്‍ രണ്ടുകനാലുകള്‍ തുറക്കുമ്പോള്‍ ഉണ്ടാകുന്ന ലീക്ക് വെള്ളം മണലിപുഴയിലേക്ക് എത്താറുണ്ട്.
പുഴ വറ്റാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് പുഴയുടെ കരയില്‍ സ്ഥിതിചെയുന്ന മഞ്ഞക്കുന്ന് നിറവ് ജലനിധി പദ്ധതിയുടെ കിണറില്‍ നിന്നും വെള്ളം പമ്പ് ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്. മണലിപുഴയുടെ തീരത്ത് സ്ഥിഥി ചെയ്യുന്ന ഈ കിണറില്‍ നിന്നും വെള്ളം പമ്പ് ചെയ്ത് 115 വീടുകളിലേക്കാണ് കുടിവെള്ളം എത്തിക്കുന്നത്. സാധാരണ രാവിലേയും വൈകീട്ടുമായി രണ്ടു മണിക്കൂര്‍ വീതം നാല് മണിക്കൂര്‍ വെള്ളം പമ്പ് ചെയ്താണ് പ്രദേശവാസികളുടെ കുടിവെള്ളക്ഷാമം പരിഹരിച്ചത്. ഇപ്പോള്‍ ഒരു മണിക്കൂര്‍ മോട്ടോര്‍ അടിച്ചാല്‍ കിണറിലെ വെള്ളം വറ്റുന്ന അവസ്ഥയാണ്. വരാനിരിക്കുന്ന വേനലും വൈദ്യുതി ക്ഷാമവും മുന്‍പില്‍ കണ്ടാണ് മഞ്ഞക്കുന്ന് പ്രദേശത്തെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറ്റെഴുപതോളം പേര്‍ ചേര്‍ന്ന്് തടയണ നിര്‍മിച്ചത്. എത്രയും പെട്ടെന്ന് സ്ഥിരമായ തടയണ നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മഞ്ഞക്കുന്നില്‍ തടയണ നിര്‍മിക്കുന്നതിന് ഇറിഗേഷന്‍ ഡിപാര്‍ട്ട് മെന്റില്‍ നിവേദനം നല്‍കിയുട്ടുണ്ടെന്നും വാര്‍ഡ് മെമ്പര്‍ കെ.പി എല്‍ദോസ് അറിയിച്ചു.
തടയണ നിര്‍മാണത്തിന് വാര്‍ഡ് മെമ്പര്‍ കെ.പി എല്‍ദോസ്, ജലനിധി പ്രസിഡന്റ് ഏലിയാസ് മടക്കല്‍, സെക്രട്ടറി ഷാജി ചാക്കോപറമ്പില്‍, ഷീബ വട്ടതുരത്തില്‍, സുരേഷ് ഞാറേക്കാട്ടില്‍ ഓമന കണ്ടന്‍കായില്‍, നാട്ടുകാര്‍ നേതൃത്വം നല്‍കി.
മണലിപുഴ വരണ്ടതിനെതുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ മണലിപുഴയില്‍ നിര്‍മിക്കുന്ന ആദ്യത്തെ താല്‍ക്കാലിക തടയണ ആണ് മഞ്ഞക്കുന്നില്‍ നിര്‍മിച്ചത്.
ട്രാന്‍സ്‌പോര്‍ട്ട് ഓഫിസറുടെ അലംഭാവത്തിനെതിരേ വിജിലന്‍സ് റിപ്പോര്‍ട്ട്
തൃശൂര്‍: വിദ്യാര്‍ഥികള്‍ക്കുള്ള കണ്‍സെഷന്‍ കാര്‍ഡ് വിതരണത്തില്‍ കാലതാമസം വരുത്തിയ ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസറുടെയും തിരുവനന്തപുരം ചീഫ് ഓഫിസറുടെയും ( ട്രാഫിക്) അലംഭാവത്തിനെതിരേ വിജിലന്‍സ് റിപ്പോര്‍ട്ട്. കേന്ദ്ര ഗവ. ഹ്യൂമണ്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് മന്ത്രാലയത്തിന്റെ കീഴിലുള്ള രാഷ്ട്രീയ സംസ്‌കൃത സംസ്ഥാന ഡീമ്ഡ് യൂനിവേഴ്‌സിറ്റിയുടെ പുറനാട്ടുകരയിലുള്ള ഗുരുവായൂരപ്പന്‍ ക്യാംപസില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ പരാതിയിലാണ് ഡിവൈഎസ്പി എ.രാമചന്ദ്രന്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയത്. തൃശൂര്‍ ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസില്‍ നിന്നും നാലു മാസമായിട്ടും കെഎസ്.ആര്‍.ടി.സി കണ്‍സെഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യാതിരുന്നതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ വിജിലന്‍സ് ഓഫിസില്‍ പരാതി നല്‍കിയത്.
അന്വേഷണത്തില്‍ ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസറുടെയും തിരുവനന്തപുരം ചീഫ് ഓഫിസറുടെയും ഭാഗത്ത് നിന്നും അലംഭാവം ഉണ്ടായതായി കണ്ടതിനെ തുടര്‍ന്നാണ് അവരോടു വിശദീകരണം തേടുന്നതിനും വിദ്യാര്‍ഥികള്‍ക്കു കാലതാമസം ഇല്ലാതെ കണ്‍സെഷന്‍ കാര്‍ഡുകള്‍ ലഭ്യമാക്കുന്നതിനുമുള്ള നടപടിക്കായി വിജിലന്‍സ് ഡയറക്റ്ററോട് ശുപാര്‍ശ ചെയ്തത്. 2016 ജൂലൈ 20ന് വിദ്യാര്‍ഥികള്‍ നല്‍കിയ ആവശ്യമായ രേഖകള്‍ സഹിതമുള്ള അപേക്ഷ ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ തിരുവനന്തപുരം ചീഫ് ഓഫിസിലേക്ക് അയച്ചിരുന്നെങ്കിലും വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ കാര്‍ഡ് അനുവദിച്ചിരുന്നില്ല.
ഇതേ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസില്‍ അന്വേഷിച്ചെങ്കിലും ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ യാതൊരു നടപടികളും എടുക്കാതിരിക്കുകയും ചെയ്തതായും അന്വേഷണത്തില്‍ കണ്ടെത്തി.
ഇതുപോലെ തന്നെ മറ്റ് ചില സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുടെയും അപേക്ഷകള്‍ ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ പരിഗണിക്കാതിരുന്നതായും പരാതി ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."