നികുതി പിരിവ് ഊര്‍ജിതമാക്കാന്‍ 'മിഷന്‍ എറണാകുളം'; പ്രഖ്യാപനവും ആദ്യയോഗവും ഇന്ന്
കൊച്ചി: ജില്ലയില്‍ നികുതി സമാഹരണം ഊര്‍ജിതമാക്കുന്നതിനുള്ള പ്രത്യേക ദൗത്യത്തിന് ഇന്ന് തുടക്കം കുറിക്കും. മിഷന്‍ എറണാകുളം 2016-17 എന്ന് നാമകരണം ചെയ്തിരിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം കച്ചേരിപ്പടി ആശിര്‍ഭവനില്‍ രാവിലെ പത്തിന് ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്ക് നിര്‍വഹിക്കും. ഇതുമായി ബന്ധപ്പെട്ട് വാണിജ്യ നികുതി ഉദ്യോഗസ്ഥരുടെ യോഗവും വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
സംസ്ഥാനത്ത് വില്‍പ്പ നികുതിയുടെ പകുതിയോളം സംഭാവന ചെയ്യുന്ന ജില്ല എന്ന നിലയിലാണ് നികുതി സമാഹരണത്തിന്റെ പ്രത്യേക ദൗത്യത്തിന് എറണാകുളത്ത് തുടക്കം കുറിക്കുന്നത്. പുതിയ നികുതിയോ ജനങ്ങള്‍ക്കുമേല്‍ പുതിയ ഭാരമോ ഏല്‍പിക്കാതെ ബജറ്റില്‍ വിഭാവനം ചെയ്ത നികുതി മുഴുവന്‍ ഖജനാവില്‍ എത്തുന്നു എന്ന് ഉറപ്പുവരുത്തുന്നതിനാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. നികുതിവരുമാനത്തില്‍ 25 ശതമാനം വളര്‍ച്ചയാണ് ബജറ്റിലെ ലക്ഷ്യം. നോട്ടുനിരോധം വ്യാപാരരംഗത്ത് മാന്ദ്യം ഉണ്ടാക്കിയെങ്കിലും 20 ശതമാനം നികുതിവളര്‍ച്ച ഈ സാമ്പത്തികവര്‍ഷം നേടാന്‍ ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ കഴിയുമെന്നാണ് ധനവകുപ്പിന്റെ പ്രതീക്ഷ.
നികുതി പിരിവില്‍ എറണാകുളം ജില്ലയുടെ കാര്യക്ഷമതയാണ് സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി നിര്‍ണ്ണയിക്കുന്ന സുപ്രധാന ഘടകം. ഈ വര്‍ഷത്തെ നികുതിലക്ഷ്യമായ 38,628 കോടി രൂപയില്‍ 18,681 കോടി രൂപ എറണാകുളം ജില്ലയില്‍ നിന്നാണു ലഭിക്കേണ്ടത്. മൊത്തം വാണിജ്യനികുതിയുടെ 48.3 ശതമാനമാണിത്.
ഒക്‌ടോബര്‍ വരെ എറണാകുളത്ത് 8434 കോടി രൂപയും മട്ടാഞ്ചേരിയില്‍ 848 കോടി രൂപയുമാണു ലഭിച്ചത്. ലക്ഷ്യത്തിന്റെ 89 ശതമാനം മാത്രം. ഇനിയുള്ള മാസങ്ങളില്‍ സെല്‍ഫ് അസസ്‌മെന്റ് വഴി എറണാകുളത്ത് 6725 കോടി രൂപയും മട്ടാഞ്ചേരിയില്‍ 610 കോടി രൂപയുമാണു പ്രതീക്ഷിക്കുന്നത്.ലക്ഷ്യം നേടാന്‍ എറണാകുളത്ത് 1850 കോടി രൂപയും മട്ടാഞ്ചേരിയില്‍ 213 കോടി രൂപയും അഡീഷണല്‍ ഡിമാന്‍ഡില്‍ നിന്നു സമാഹരിക്കേണ്ടതുണ്ട്. എന്നാല്‍ ഇതുവരെ സമാഹരിച്ചത് യഥാക്രമം 28 കോടിയും 25 കോടിയും രൂപ വീതമാണ്. അഡീഷണല്‍ ഡിമാന്‍ഡില്‍നിന്നുള്ള സമാഹരണത്തില്‍ കുതിച്ചുചാട്ടമുണ്ടാക്കുന്നതിനുള്ള കര്‍മ്മപരിപാടിയാണ് മിഷന്‍ എറണാകുളം.
ശരാശരി 18 ശതമാനം വീതം വളര്‍ന്നുകൊണ്ടിരുന്ന വാണിജ്യനികുതിയുടെ 20-13-14 മുതല്‍ ശരാശരി വളര്‍ച്ച 11 ശതമാനം മാത്രമാണ്. ഏപ്രില്‍ മുതല്‍ ഒക്‌ടോബര്‍ വരെ സംസ്ഥാനവാണിജ്യനികുതി മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 9 ശതമാനമാണ് ഉയര്‍ന്നത്. നികുതിവരുമാനമുരടിപ്പിന് പ്രധാനകാരണം സമ്പദ്ഘടനയെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന മാന്ദ്യമാണ്. അതേസമയം കണക്കുകള്‍ കാണിക്കുന്നത് കേരളത്തിലെ ടാക്‌സ് ബോയന്‍സി ഒന്നില്‍ താഴെയാണെന്നാണ്. വരുമാനവര്‍ദ്ധനയുടെ തോതില്‍ പോലും നികുതി വര്‍ദ്ധിക്കുന്നില്ല എന്നര്‍ത്ഥം.കേരളത്തിന്റെ നികുതിവരുമാനത്തില്‍ 2535 ശതമാനം ചോര്‍ച്ച ഉണ്ടെന്ന് വിവിധ പഠനങ്ങളും സൂചിപ്പിക്കുന്നു. ജനങ്ങള്‍ നല്‍കുന്ന നികുതി ഖജനാവില്‍ എത്തുന്നില്ല.
നികുതിഭരണസംവിധാനത്തില്‍ സംഭവിച്ച കെടുകാര്യസ്ഥതമൂലം ഈ ചോര്‍ച്ച സമീപവര്‍ഷങ്ങളില്‍ ഗണ്യമായി ഉയര്‍ന്നിട്ടുണ്ട്. നികുതിഭരണത്തിന്റെ കാര്യക്ഷമത ഉയര്‍ത്തി, അഴിമതി ഇല്ലാതാക്കി നികുതിചോര്‍ച്ച തടയുകയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."