നോട്ട് നിരോധനം; നാലാം വാരത്തിലും ദുരിതമൊഴിഞ്ഞില്ല
കാഞ്ഞങ്ങാട്: 1000, 500 നോട്ട് നിരോധനം വന്ന് നാലാം വാരത്തിലും ജനങ്ങളുടെ ദുരിതമൊഴിഞ്ഞില്ല. നിരോധനം നിലവില്‍ വന്ന് നാലാം വാരത്തിന്റെ തുടക്കമായ ഇന്നും എസ.ബി.ഐ ഉള്‍പ്പെടെയുള്ള ബാങ്ക് ശാഖകളില്‍ അതിരാവിലെ തന്നെ രൂപപ്പെട്ടത് കനത്ത ക്യൂവാണ്. കാഞ്ഞങ്ങാട് എസ്.ബി.ഐ ശാഖയില്‍ രാവിലെ പത്തോടെ ക്യൂവിലെത്തിയത് അഞ്ഞൂറിലധികം ആളുകളാണ്. തുടര്‍ന്ന് പണമെടുക്കാനും അയയ്ക്കാനും എത്തിയവരുടെ എണ്ണം ക്രമാതീതമായി ഉയരുകയും ചെയ്തു.
ഉച്ചയ്ക്ക് പന്ത്രണ്ടോടെ ഇടപാടുകള്‍ക്ക് വേണ്ടിയെത്തിയ ആളുകളുടെ എണ്ണം ആയിരത്തിനടുത്തായി മാറി. അതേ സമയം നഗരത്തിലെ വിവിധ എ.ടി.എമ്മുകളില്‍ പണമില്ലാത്തതിനെ തുടര്‍ന്ന് ജനങ്ങള്‍ വലഞ്ഞു. എസ്.ബി.ഐയുടെ നഗരത്തിലുള്ള എ.ടി.എമ്മുകളില്‍ ചിലതില്‍ രണ്ടായിരം രൂപയുടെ നോട്ടുകള്‍ മാത്രമാണ് വിതരണത്തിനുള്ളത്. അതില്‍ താഴെയുള്ള തുകകള്‍ എ.ടി.എമ്മികളില്‍ എത്തിയിട്ടില്ല. രണ്ടായിരത്തി അഞ്ഞൂറ് രൂപ എ.ടി.എമ്മുകളില്‍ നിന്നും പിന്‍വലിക്കാമെന്ന് ആര്‍.ബി.ഐ അധികൃതര്‍ ഉത്തരവിറക്കിയിട്ട് രണ്ടാഴ്ചയായെങ്കിലും ജില്ലയിലും മംഗളൂരു ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലും ഇപ്പോഴും ലഭിക്കുന്നത് രണ്ടായിരം രൂപ മാത്രമാണ്.
അതേസമയം, എസ്.ബി.ഐയുടെ ശാഖാ കെട്ടിടത്തിലുള്ള എ.ടി.എമ്മിലും ഇന്ന് പണമില്ല. ഇതേ തുടര്‍ന്ന് എ.ടി.എം കാര്‍ഡ് സൈ്വപ് ചെയ്തു പണമെടുക്കാമെന്നു കരുതി വളരെ നേരം ക്യൂവില്‍ നിന്നവരും വെട്ടിലായി. സൈ്വപിങ് മെഷീന്റെ സെര്‍വര്‍ ഡൗണായതോടെ ക്യൂ നിന്ന് തളര്‍ന്നവര്‍ തിരികെ പോകേണ്ട അവസ്ഥയിലായി. ബാങ്കില്‍ നിന്നും നേരിട്ട് പണമെടുക്കണമെങ്കില്‍ അക്കൗണ്ട് ബുക്ക് കയ്യിലുണ്ടെങ്കില്‍ മാത്രമേ എസ്.ബി.ഐയില്‍ നിന്നും പണം നല്‍കുന്നുള്ളൂ. എന്നാല്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്ന ജനങ്ങള്‍ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് പണമെടുക്കാമെന്നു കരുതി വന്നതിനാല്‍ അക്കൗണ്ട് ബുക്ക് കൊണ്ട് വന്നിരുന്നില്ല. ഇതോടെയാണ് എ.ടി.എം ഉള്‍പ്പെടെ മൂന്നു വഴികളില്‍ കൂടിയും പണമെടുക്കാനാവാതെ ഒരു വിഭാഗം ആളുകള്‍ വലഞ്ഞത്.
അത്യാവശ്യ കാര്യങ്ങള്‍ക്ക് പോലും തങ്ങളുടെ പണം പിന്‍വലിക്കാന്‍ മണിക്കൂറുകളോളം സ്ത്രീകളും വൃദ്ധരും ഉള്‍പ്പെടെയുള്ള ആളുകള്‍ ഇപ്പോഴും നെട്ടോട്ടമോടുന്ന അവസ്ഥയിലാണ് കാര്യങ്ങള്‍. ക്യൂ നിന്ന് വിയര്‍ത്ത് മണിക്കൂറുകള്‍ കഴിഞ്ഞു ലഭിക്കുന്ന രണ്ടായിരത്തിന്റെ നോട്ടുമായി ആവശ്യ സാധനങ്ങള്‍ വാങ്ങിക്കാനും ബസ്സുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ യാത്ര ചെയ്യാനും ചില്ലറക്ക് നെട്ടോട്ടം ഓടേണ്ട അവസ്ഥയും ജനങ്ങളെ കടുത്ത ദുരിതത്തിലാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."