കനത്ത മഴ: കരിപ്പൂര്‍ വിമാനത്താവള റണ്‍വെ റീ-കാര്‍പെറ്റിങ് പ്രവൃത്തികള്‍ നിര്‍ത്തി
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവള റണ്‍വേ റീ-കാര്‍പെറ്റിങ് പ്രവര്‍ത്തികള്‍ നിര്‍ത്തിവച്ചു. വേനല്‍ മഴ നേരത്തെ ശക്തിയായതിനാലാണ് റണ്‍വേ നവീകരണത്തിലെ ടാറിങ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കിയത്. എന്നാല്‍ റണ്‍വേയുടെ ബലപ്പെടുത്തിയ ഭാഗം ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ ഇവയുടെ അരികില്‍ മണ്ണിട്ട് നികത്തുന്നതടക്കമുള്ള അനുബന്ധ പ്രവര്‍ത്തികള്‍ നടത്തും. ഉച്ചക്ക് 12 മുതല്‍ രാത്രി 8 വരെ വിമാനങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ തുടരും. റണ്‍വേയുടെ മൂന്നാംഘട്ട ടാറിങ് പ്രവൃര്‍ത്തികളാണ് പൂര്‍ത്തിയായി വരുന്നത്. മഴക്കാലത്തിന് ശേഷം സെപ്റ്റംബറില്‍ പ്രവൃത്തികള്‍ പുനരാരംഭിക്കും.
മഴയുള്ള സമയത്ത് റണ്‍വേ റീ-കാര്‍പെറ്റിങ് പ്രവൃത്തികള്‍ നടത്താനാവില്ല. രണ്ടു മണിക്കൂര്‍ ടാറിങ് പ്രവൃത്തികളും ശേഷിക്കുന്ന 6 മണിക്കൂര്‍ ടാറിങ് ഈര്‍പ്പമില്ലാതെ വെയിലേറ്റ് സെറ്റാവണം. അല്ലാത്ത പക്ഷം ടാറിങ് ഇളകും. കാലവര്‍ഷം ജൂണില്‍ എത്തുമെന്ന കണക്ക് കൂട്ടലില്‍ നവീകരണ പ്രവൃത്തികള്‍ നടത്തിവരികയായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടു ദിവസമായി വേനല്‍ മഴ ശക്തമായതോടെ പ്രവൃത്തികള്‍ നേരത്തെ നിര്‍ത്തുകയായിരുന്നു. എന്നാല്‍ മണ്ണ് നിരത്തി മൂടുന്നതടക്കമുള്ള ജോലികള്‍ തുടരാന്‍ തീരുമാനിച്ചിട്ടുണ്ട്. മൂന്ന് മാസത്തിനു ശേഷം സെപ്റ്റംബറില്‍ വീണ്ടും കാര്‍പെറ്റിങ് ജോലികള്‍ തുടരും. ഒക്ടോബര്‍ മാസത്തോടെ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കും. പിന്നീട് വൈദ്യുതീകരണ പ്രവൃത്തികള്‍ നടത്തും. ഇതിനു ശേഷം എയര്‍പോര്‍ട്ട് അതോറിറ്റി ചെന്നെ കാര്യാലയത്തിന് നവീകരണത്തിന്റെ റിപ്പോര്‍ട്ട് നല്‍കും. ഇവര്‍ ഡല്‍ഹി കാര്യാലയത്തിന് കൈമാറുന്ന റിപ്പോര്‍ട്ട് പിന്നീട് ഡി.ജി.സി.എക്ക് കൈമാറും. ഇവരുടെ പരിശോധനക്ക് ശേഷമായിരിക്കും റണ്‍വേ പൂര്‍ണമായും വിമാനങ്ങള്‍ക്ക് പറന്നിറങ്ങാന്‍ അവസരം നല്‍കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."