ദേശീയപാത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന നടപടികള്‍ ആരംഭിച്ചു
മാറഞ്ചേരി: ദേശീയപാത കടന്നുപോകുന്ന വെളിയങ്കോട് അങ്ങാടിയിലെ അനധികൃത കൈയേറ്റങ്ങള്‍ അധികൃതര്‍ നേരിട്ടെത്തി പൊളിച്ചു നീക്കാന്‍ നടപടി ആരംഭിച്ചു.
ദേശീയപാതയിലേക്ക് ഇറക്കിക്കെട്ടി കച്ചവടം നടത്തുന്ന കടകളും കൈയേറി നിര്‍മിച്ച കെട്ടിടങ്ങളും ഷെഡുകളുമാണ് നടപടിയുടെ ഭാഗമായി പൊളിച്ചു നീക്കുന്നത്. എട്ടു മാസം മുന്‍പ് വെളിയങ്കോട് പഞ്ചായത്ത് സെക്രട്ടറി നോട്ടിസ് നല്കിയ കടകളാണ് പൊളിച്ചു നീക്കുന്നത്. പാത കൈയേറി കച്ചവട സ്ഥാപനങ്ങള്‍ നിര്‍മിച്ചതാണ് അപകടങ്ങള്‍ക്ക് കാരണമെന്ന് അധികൃതരുടെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് ദേശീയപാത അധികൃതര്‍ നേരിട്ടെത്തി കടകള്‍ പൊളിച്ചു നീക്കാന്‍ ചുമതലപ്പെടുത്തിയ തൊഴിലാളികള്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ചെറിയ ചായക്കടകളും മറ്റും സംഘം പൊളിച്ചു നീക്കം ചെയ്തു. തുടര്‍ന്ന് വ്യാപാരികളും നാട്ടുകാരും ഇടപ്പെട്ടതിനെ തുടര്‍ന്ന് സാധനങ്ങള്‍ സ്വയം എടുത്തുമാറ്റാന്‍ കച്ചവടക്കാര്‍ക്ക് ഒരു ദിവസം സാവകാശം നല്കി.
ബുധനാഴ്ച്ച കൈയേറ്റങ്ങള്‍ പൂര്‍ണമായും ഒഴിപ്പിക്കുമെന്ന് അധികൃതര്‍ കച്ചവടക്കാര്‍ക്ക് മുന്നറിയിപ്പ് നല്കി. കൈയേറ്റങ്ങള്‍ പൊളിച്ചു നീക്കുന്നതിനായി വ്യാപാരികള്‍ക്ക് നിശ്ചിത സമയം നല്‍കിയിരുന്നുവെങ്കിലും ഇനിയും പൊളിച്ചു നീക്കാത്തതിനെ തുടര്‍ന്നാണ് ദേശീയപാത അതോറിറ്റി കര്‍ശന നടപടിയുമായി രംഗത്തെത്തിയത്.
ദേശീയപാതയുടെ ചാവക്കാട് ഓഫിസിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."