കൊടുവള്ളി കേരളോത്സവം 'കുള'മാക്കി അധികൃതര്‍
കൊടുവള്ളി: നഗരസഭാ കേരളോത്സവം ഇത്തവണയും നാഥനില്ലാക്കളരിയായി മാറുന്നു. അധികൃതരുടെ പിടിപ്പുകേടുമൂലം കലാകായിക മത്സരങ്ങള്‍ നിറം മങ്ങി. പുതിയ നഗരസഭയായി രൂപീകരിച്ച ശേഷം നടക്കുന്ന ആദ്യ കേരളോത്സവമാണ് അധികൃതരുടെ അനാസ്ഥ കാരണം അലങ്കോലമാകുന്നത്.
എന്നാല്‍ കേരളോത്സവത്തിന്റെ ഭാഗമായി നടക്കുന്ന ഘോഷയാത്ര കെങ്കേമമാക്കാനുള്ള തയാറെടുപ്പിലാണ് അധികൃതര്‍. കിഴഞ്ഞ തവണ കേരളോത്സവത്തിന് ഫണ്ട് ചെലവഴിച്ചതുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം നേരിടുന്നതിനിടയിലാണ് ഈ അവസ്ഥ. നഗരസഭയിലെ 32 ഡിവിഷനുകളിലായി അന്‍പതിലേറെ ക്ലബുകളുണ്ട്. കലാ സാംസ്‌കാരിക രംഗത്തു സജീവമായ പ്രദേശത്തെ ക്ലബുകള്‍ അധികൃതരുടെ അലംഭാവത്തില്‍ കടുത്ത അമര്‍ഷത്തിലാണ്.
മുന്‍കാലങ്ങളില്‍ ഒപ്പന, മലയാളം നാടകം മത്സരങ്ങളില്‍ സംസ്ഥാനതലത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നിരവധി തവണ നേടിയിട്ടുണ്ട്. എന്നാല്‍ ഇത്തവണ കാര്യമായ മത്സരങ്ങളൊന്നും നടന്നില്ല. കലാമത്സരങ്ങള്‍ കഴിഞ്ഞദിവസം നടന്ന ഹര്‍ത്താല്‍ കാരണം മാറ്റിവച്ചെങ്കിലും മത്സരാര്‍ഥികളെ അറിയിച്ചിരുന്നില്ല. ഇന്നലെ നടന്ന അഞ്ചിനങ്ങളില്‍ ആകെ പങ്കെടുത്തത് 12 പേരാണ്. മറ്റിനങ്ങള്‍ മത്സരാര്‍ഥികളില്ലാതെ നടന്നതുമില്ല. കായിക മത്സരങ്ങളും അവതാളത്തിലായി. വോളിബോള്‍, ഫുട്‌ബോള്‍ മത്സരങ്ങള്‍ മാത്രമാണ് നടന്നത്. വൈകി തുടങ്ങിയതിനാല്‍ നാലു ടീമുകള്‍ക്ക് ഫുട്‌ബോള്‍ മത്സരത്തില്‍ പങ്കെടുക്കാനും കഴിഞ്ഞില്ല. ക്രിക്കറ്റ് മത്സരത്തിന് പഞ്ചായത്ത് ഗ്രൗണ്ട് ലഭിക്കാത്തതിനാല്‍ കളി നടത്തുകയില്ലെന്നാണ് നഗരസഭാ അധികൃതര്‍ അറിയിച്ചത്. നഗരസഭയുടെ പുഴയോരത്തെ മിനി സ്‌റ്റേഡിയം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സമ്മേളനം നടത്താന്‍ വിട്ടുനല്‍കിയിരിക്കുകയാണ്.
മത്സരങ്ങള്‍ നടത്താനുള്ള ചെലവുകള്‍ സ്വയം വഹിക്കണമെന്നതിനാല്‍ ക്ലബുകളും മുന്നോട്ടുവന്നില്ല. വിജിലന്‍സ് അന്വേഷണം നടക്കുന്നതിനാല്‍ നടത്തിയ മത്സരങ്ങള്‍ക്കുപോലും ഫണ്ട് ലഭിക്കാത്ത അവസ്ഥയാണുള്ളത്.
ഇതുകാരണം ഇനി കായികമത്സരങ്ങള്‍ നടത്താനാവില്ലെന്ന് കായിക മത്സരങ്ങളുടെ ചുമതലയുള്ള കണ്‍വീനര്‍ പൂങ്കുന്നത്ത് മുഹമ്മദ് സുപ്രഭാതത്തോട് പറഞ്ഞു.
കിഴഞ്ഞതവണ ഒരു ഘോഷയാത്ര നടത്തി വലിയ കണക്കുകള്‍ രേഖപ്പെടുത്തിയതില്‍ നഗരസഭക്കെതിരേ വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്. അന്നു കായിക മത്സരങ്ങള്‍ നടന്നിട്ടില്ലെന്നും സെക്രട്ടറി നല്‍കിയ വിവരാവകാശ രേഖ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."