കാരശ്ശേരി പഞ്ചായത്തിലെ ക്രിമറ്റോറിയം : ലക്ഷങ്ങള്‍ വിലയുള്ള ഉപകരണങ്ങള്‍ തുരുമ്പെടുത്ത് നശിക്കുന്നു
മുക്കം: കാരശ്ശേരി പഞ്ചായത്തിലെ ലക്ഷങ്ങള്‍ വിലയുള്ള ക്രിമറ്റോറിയം ഉപകരണങ്ങള്‍ അധികൃതരുടെ അനാസ്ഥ കാരണം തുരുമ്പെടുത്ത് നശിക്കുന്നു. എം.ഐ ഷാനവാസ് എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച ഗ്യാസ് ശ്മശാനത്തിന്റെ കെട്ടിടവും ഉപകരണങ്ങളുമാണ് നശിച്ചുപോകുന്നത്. 2013-2014 സാമ്പത്തിക വര്‍ഷത്തില്‍ എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 17 ലക്ഷം രൂപ മുടക്കിയാണ് ശ്മശാനത്തിന്റെ നിര്‍മാണ പ്രവൃത്തി പൂര്‍ത്തീകരിച്ചത്.
പത്തനംതിട്ട ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹൈടെക് ക്രിമറ്റോറിയം കമ്പനിയാണ് പ്രവൃത്തി കരാറെടുത്ത് സമയബന്ധിതമായി പൂര്‍ത്തിയാക്കിയത്. ഈ വര്‍ഷം ജനുവരി ആദ്യവാരം തന്നെ നിര്‍മാണം പൂര്‍ത്തിയായിരുന്നു.
പഞ്ചായത്തിലെ ഓടത്തെരുവിലാണ് ഗ്യാസ് ശ്മശാനത്തിനായി കെട്ടിടവും യന്ത്രസാമഗ്രികളും സ്ഥാപിച്ചത്. ആരും തിരിഞ്ഞുനോക്കാതായതോടെ കെട്ടിടം കാടുമൂടി നാശിക്കുകയാണ്. ഇതിനകത്തെ ഉപകരണങ്ങളും തുരുമ്പെടുത്ത് തുടങ്ങിയിട്ടുണ്ട്. കെട്ടിടത്തിനു സമീപം നിര്‍മിച്ച ടോയ്‌ലറ്റും ഇതോടെ ഉപയോഗശൂന്യമായി.പഞ്ചായത്തിലെ 35ഓളം വരുന്ന കോളനിവാസികള്‍ക്ക് സൗകര്യപ്രദമാകുന്ന തരത്തില്‍ കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയാണ് സമ്മര്‍ദം ചെലുത്തി ശ്മശാനത്തിനുള്ള ഫണ്ട് സംഘടിപ്പിച്ചത്.
ഇപ്പോഴും കോളനിക്കാര്‍ സംസ്‌കാര ചടങ്ങുകള്‍ക്ക് കോഴിക്കോട് വൈദ്യുതി ശ്മശാനത്തിലേക്കാണ് പോകുന്നത്. ഇവിടേക്കു വാഹനം വഴി എത്തണമെങ്കില്‍ ഭീമമായ സംഖ്യയുടെ ചെലവുമുണ്ട്. ഇതിനു പരിഹാരമായി നിര്‍മിച്ച ശ്മശാനമാണ് അധികൃതരുടെ അനാസ്ഥ കാരണം നശിച്ചുകൊണ്ടിരിക്കുന്നത്. ശ്മശാനത്തിന്റെ എല്ലാ പ്രവൃത്തികളും പൂര്‍ത്തിയായ സാഹചര്യത്തില്‍ തുറന്നുകൊടുക്കുന്നതും കാത്തിരിക്കുകയാണ് കോളനിവാസികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."