ശബ്ദ മലിനീകരണത്തിനെതിരേ ഐ.എം.എയും എയ്ഞ്ചലും രംഗത്ത്
വടകര: ശബ്ദമലിനീകരണത്തിനെതിരെ ബോധവല്‍ക്കരണവുമായി ഐ.എം.എ, എയ്ഞ്ചല്‍സ്, പൊലിസ്, മോട്ടോര്‍ വാഹന വകുപ്പ് എന്നിവ സംയുക്തമായി രംഗത്തിറങ്ങുന്നു. വിഷാദ രോഗം, മാനസിക പിരിമുറുക്കം, ഓര്‍മക്കുറവ് ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് നേരിട്ടും മറ്റനവധി രോഗങ്ങള്‍ക്ക് അല്ലാതേയും ശബ്ദ മലിനീകരണം കാരണമാകുന്നതായി ഐ.എം.എ, എയ്ഞ്ചല്‍സ് ഭാരാവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഡിസംബര്‍ ഒന്നിന് 'നൊ ഹോണ്‍ ഡേ' ആയി ആചരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പൊതുജന പങ്കാളിത്തത്തോടെ പരിപാടി നടപ്പിലാക്കാനാണ് തീരുമാനം. വൈകീട്ട് നാലിന് പുതിയ ബസ്സ്റ്റാന്‍ഡില്‍ പൊതു പരിപാടിയോടെ ബോധവത്കരണത്തിന് തുടക്കം കുറിക്കും. ശബ്ദ തരംഗങ്ങളുടെ തോത് അളക്കാനുപയോഗിക്കുന്ന സൗണ്ട് ലവല്‍ മീറ്റര്‍ ഐ.എം.എ പ്രസിഡന്റ് പൊലിസിന് കൈമാറും. ഇപ്പോള്‍ വാഹനങ്ങളുടെ ഹോണിന്റെ ഡസിബെല്‍ മനുഷ്യന് താങ്ങാവുന്നതിലും വളരെ കൂടുതലാണ്. നിരവധി വാഹനങ്ങളുടെ ഹോണിന്റെ അളവ് പരിശോധിച്ച് ബോധവത്കണം നടത്തും. ഡസിബെല്‍ കൂടിയ തോതിലുള്ള ശബ്ദം ഡ്രൈവര്‍മാര്‍ക്കും ദോഷം ചെയ്യും. അറിയാതെ പിന്നില്‍നിന്നും ഇത്തരം ശബ്ദം പ്രയോഗിക്കുന്നത് ഹൃദ്‌രോഗികളുടെ മരണത്തിന് വരെ വഴിവക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
ചില വാഹനങ്ങളില്‍ ഇപ്പോള്‍ ഘടിപ്പിക്കുന്ന ലൈറ്റും മനുഷ്യന്റെ കണ്ണിന് ഏറെ ദോഷകരമാണ്. ഡ്രൈവര്‍മാര്‍ക്കും ട്രാഫിക്ക് ഉദ്യോഗസ്ഥര്‍ക്കും പ്രത്യേക ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും.
ആമ്പുലന്‍സുകളിലും ലൈറ്റും, സൈറണും ഉപയോഗിക്കാവുന്ന അളവിനേക്കാള്‍ കൂടുതല്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് തടയാന്‍ ഡോക്ടര്‍മാര്‍ അടങ്ങിയ പ്രത്യേക സ്‌ക്വാഡ് ആമ്പുലന്‍സ് പരിശോധിക്കുമെന്നും ഇവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഐ.എം.എ പ്രസിഡന്റ് ഡോ.നസീര്‍, ഡോ.കെ.എം അബ്ദുല്ല, എയ്ഞ്ചല്‍സ് എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ പി.പി രാജന്‍, ഫിനാന്‍സ് ഡയരക്ടര്‍ ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."