എടച്ചേരിയില്‍ മൃഗാശുപത്രി യാഥാര്‍ഥ്യമാകും
എടച്ചേരി: ഒരു മൃഗാശുപത്രിക്കായി വര്‍ഷങ്ങളായി കാത്തിരിക്കുന്ന നാട്ടുകാര്‍ക്ക് ഇനി ആശ്വസിക്കാം. ആശുപത്രിക്ക് വേണ്ടി സ്വകാര്യ വ്യക്തി സൗജന്യമായി 10 സെന്റ് സ്ഥലം അനുവദിച്ചിട്ട് വര്‍ഷം പന്ത്രണ്ട് കഴിഞ്ഞു. എന്നാല്‍ ഇത് ചതുപ്പു നിലമാണെന്നും ഇവിടെ കെട്ടിടം പണിയാന്‍ സാധ്യമല്ലെന്നും പറഞ്ഞ് അധികൃതര്‍ ഇത്രയും കാലം നീട്ടിക്കൊണ്ട് പോവുകയായിരുന്നു. സ്ഥലത്തെ പൗരപ്രമുഖനും കര്‍ഷകനുമായ പനോളിപ്പീടികയില്‍ കുഞ്ഞമ്മത് ഹാജിയാണ് തന്റെ വീട്ടിനടുത്തുളള ഇരിങ്ങണ്ണൂര്‍ റോഡിനോട് ചേര്‍ന്നു നില്ക്കുന്ന സ്ഥലം വിട്ടു നല്‍കിയത്. എന്നാല്‍ നാട്ടുകാര്‍ക്ക് ഉപകാരമാകുമെന്ന് കരുതി താന്‍ സ്ഥലം നല്‍കിയിട്ടും ഇവിടെ കെട്ടിടം വരാത്തതില്‍ കുഞ്ഞമ്മദ് ഹാജി പലതവണ ഉത്തരവാദപ്പെട്ടവരോട് പരാതി പറഞ്ഞിരുന്നു.
എന്നാല്‍ ഇടക്കാലത്ത് മാറി വന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ അരവിന്ദാക്ഷന്റെയും നാദാപുരം എം.എല്‍.എ ഇ.കെ വിജയന്റെയും പ്രത്യേക താല്പര്യത്താല് ഈ സ്ഥലത്ത് തന്നെ കെട്ടിടം പണിയാന്‍ സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുകയായിരുന്നു. 41 ലക്ഷം രൂപയാണ് മൃഗസംരക്ഷണ വകുപ്പില്‍ നിന്നും ഇതിനായി അനുവദിച്ചത്. ഈ തുക മതിയായില്ലെങ്കില്‍ വേണ്ടി വരുന്ന തുക പഞ്ചായത്ത് ഫണ്ടില്‍ നിന്ന് അനുവദിക്കുമെന്ന് ഭരണ സമിതിയും അറിയിച്ചിട്ടുണ്ട്. ഇതോടെ മൃഗാശുപത്രിക്ക് വേണ്ടിയുളള നാട്ടുകാരുടെ കാത്തിരിപ്പിന് വിരാമമാവുകയാണ്. നിലവില്‍ കിലോമീറ്റര്‍ അകലെയുളള ഇരിങ്ങണ്ണൂര്‍, പുറമേരി എന്നിവിടങ്ങളിലെ മൃഗാശുപത്രിയെയാണ് പ്രദേശവാസികള്‍ ആശ്രയിക്കുന്നത്. കെട്ടിടത്തിന്റെ ടെണ്ടര്‍ നടപടിക്രമങ്ങള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കാന്‍ പഞ്ചായത്ത് ഭരണ സമിതി മുന്‍കൈ എടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."