ബാങ്കുകളിലെ നീണ്ടനിരയും സംഘര്‍ഷാവസ്ഥയും വര്‍ധിക്കുന്നു
പേരാമ്പ്ര: നോട്ട് പ്രതിസന്ധിയും അരക്ഷിതാവസ്ഥയും മൂന്നാഴ്ച പിന്നിടുമ്പോഴും ബാങ്കുകളിലെ നീണ്ട നിരയും സംഘര്‍ഷാവസ്ഥയും നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. കാലത്ത് മുതല്‍ ബാങ്കുകള്‍ക്ക് മുന്നില്‍ എത്തുന്ന പ്രായമുള്ളവരും സ്ത്രീകളും ക്യൂ നിന്ന് മടുത്ത രംഗങ്ങളാണ് എന്നും കാണാന്‍ കഴിയുന്നത്.
ഏ.ടി.എം കൗണ്ടറിന്റെ മുന്നില്‍ എത്തുന്നവര്‍ക്ക് എന്നും പണമില്ലെന്ന അറിയിപ്പ് കണ്ട് തിരിച്ചു പോകാനാണ് വിധി. പേരാമ്പ്രയിലെ രണ്ട് സ്റ്റേറ്റ് ബാങ്കുകള്‍, പഞ്ചാബ് നാഷനല്‍ ബാങ്ക്, കേരള ഗ്രാമിണ്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക്, കനറാ ബാങ്ക്, ഐ.സി.ഐസി.ഐ ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക് എന്നിവിടങ്ങളില്‍ കാലത്തു മുതലുണ്ടാവുന്ന നീണ്ട നിര വൈകുന്നേരം വരെ കാണാന്‍ തുടങ്ങിയിട്ട് ഇരുപത്തിരണ്ട് ദിവസം പിന്നിട്ടു.
ബാങ്കുകളില്‍ താത്ക്കാലികമായി നിയമിച്ച ജീവനക്കാര്‍ക്യൂ നില്‍ക്കുന്നവര്‍ക്ക് ടോക്കണും സ്ലിപ്പും നല്‍കുന്ന ജോലിയിലും പക്ഷപാതിത്വം കാണിക്കുന്നതായി ഇതിനിടെ ആക്ഷേപമുയര്‍ന്നിട്ടുണ്ട്. തങ്ങള്‍ക്ക് വേണ്ടപ്പെട്ടവര്‍ക്ക് ഉടന്‍ തന്നെ ബാങ്കിലേക്ക് കടക്കാന്‍ സഹായിക്കുന്നതായി പറയപ്പെടുന്നു. ക്യൂവില്‍ നില്‍ക്കുന്നവര്‍ക്ക് ടോക്കണ്‍ നല്‍കിയാല്‍ തന്നെ അടുത്ത ദിവസങ്ങളില്‍ പരിഗണന നല്‍കുന്നില്ലെന്നും പരാതിയുണ്ട്. ഇതിനിടെ സാമ്പത്തികാടിയന്തിരാവസ്ഥയും അരക്ഷിതാവസ്ഥയും കാരണം നൂറ് കണക്കിന് സര്‍വിസ് ബാങ്ക് കലക്ഷന്‍ ഏജന്റുമാര്‍ പ്രയാസത്തിലായി. മേഖലയിലെ അറുപതോളം സഹകരണ സ്ഥാപനങ്ങള്‍ നോട്ട് പ്രതിസന്ധി കാരണം നോക്കുകുത്തികളായി മാറിയിട്ടുണ്ട്. ഇവിടങ്ങളില്‍ നിത്യ നിധി ഏജന്റുമാരായും കലക്ഷന്‍ ഏജന്റുമാരായും പ്രവര്‍ത്തിക്കുന്ന പാവപ്പെട്ടവരാണ് പ്രയാസം നേരിടുന്നത്. അരക്ഷിതാവസ്ഥ മൂന്നാഴ്ച പിന്നിടുമ്പോള്‍ ഇവരുടെ വീടുകളില്‍ പട്ടിണിയാണ് അനുഭവപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."