ആയുര്‍വേദ മരുന്ന് കൃഷി പ്രോത്സാഹിപ്പിക്കും: മന്ത്രി കെ.കെ ശൈലജ
തലക്കുളത്തൂര്‍: ആയുര്‍വേദ മരുന്നിന് ക്ഷാമമുള്ളതിനാല്‍ മരുന്നു കൃഷി പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി ആയുഷ് വകുപ്പ് നടപടി തുടങ്ങിയിട്ടുണ്ടെന്ന് ആരോഗ്യ ആയുഷ് വകുപ്പ് മന്ത്രി കെ.കെ ശൈലജ. പുറക്കാട്ടിരിയില്‍ പ്രവര്‍ത്തിക്കുന്ന കുട്ടികളുടെയും കൗമാരപ്രായക്കാരുടെയും ആയുര്‍വേദ ആശുപത്രിയില്‍ പഞ്ചകര്‍മ തിയറ്റര്‍ കോംപ്ലക്‌സിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍.
ആയുര്‍ കേന്ദ്രത്തിന്റെ സമഗ്ര വികസനം സാധ്യമാക്കുന്നതിനു വേണ്ടി പദ്ധതി തയാറാക്കുമെന്നും കേന്ദ്രം ഗവേഷണ പഠന സ്ഥാപനമാക്കാനുള്ള നടപടികള്‍ക്കു വേണ്ടി ആവശ്യമായ പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ അധ്യക്ഷനായി. കോഴിക്കോട് ബൈപ്പാസുമായി ബന്ധപ്പെടുത്തി കേന്ദ്രത്തിലേക്ക് റോഡ് നിര്‍മിക്കുന്നതിനുള്ള ശ്രമം തുടരുമെന്ന് മന്ത്രി ഉറപ്പുനല്‍കി. ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. എന്‍. ശ്രീകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്, ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായ്ത്ത് പ്രസിഡന്റ് ഒ.പി ശോഭന, മുക്കം മുഹമ്മദ്, തലക്കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി. പ്രകാശന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."