വെട്ടാനും മെടയാനും ആളില്ല; ഓലപ്പുരകള്‍ വിസ്മൃതിയിലേക്ക്
എടച്ചേരി: നാട്ടിന്‍പുറങ്ങളില്‍ നിന്ന് ഓലപ്പുരകളും ഓലമേഞ്ഞ കടകളും അന്യമാകുന്നു. ഗ്രാമീണതയുടെ അടയാളപ്പെടുത്തലുകളായിരുന്നു ഇത്തരം ഓലമേഞ്ഞ കെട്ടിടങ്ങള്‍. ഇടവഴികളിലെ കവലകളില്‍ മണ്‍കട്ട കൊണ്ടുതീര്‍ത്ത ചുവരുകളില്‍ ഓലമേഞ്ഞ മേല്‍ക്കൂരയില്‍ പണിത ചായക്കടകളും അവിടുത്തെ നാടന്‍ വര്‍ത്തമാനങ്ങളും പുതുതലമുറയ്ക്ക് ഇന്നു വിസ്മയക്കാഴ്ച മാത്രം. ഒരു കാലത്ത് ഗ്രാമപ്രദേശങ്ങളിലെ മിക്ക വീടുകളും ഓല മേഞ്ഞതായിരുന്നു.
വൃശ്ചികം, ധനു മാസങ്ങളില്‍ തേങ്ങയിടുമ്പോള്‍ തെങ്ങുകളില്‍ നിന്ന് മൂന്നും നാലും ഓലകള്‍ വീതം വെട്ടാറുണ്ടായിരുന്നു. ഈ ഓലകള്‍ തലയും വാലും (തുച്ചവും കടമ്പും) വെട്ടിമാറ്റി നെടുകെ പിളര്‍ന്ന് വെള്ളത്തില്‍ കുതിര്‍ത്തു മെടഞ്ഞെടുക്കാറാണ് പതിവ്. ഓല മെടയല്‍ നാട്ടിന്‍ പുറത്തെ കൂലിപ്പണിക്കാരായ സ്ത്രീകളുടെ ഒരു പ്രധാന തൊഴില്‍ കൂടിയായിരുന്നു. എല്ലാ വീടുകളിലും കൃത്യമായി നടന്നുവന്ന ഒരു പതിവായിരുന്നു ഇത്. വീടുകള്‍ ഓടുമേയാനും കോണ്‍ക്രീറ്റാക്കാനും തുടങ്ങിയതോടെ ഓലപ്പുരകള്‍ അന്യമാവുകയായിരുന്നു.
എന്നാല്‍ പല വീടുകളിലെയും വിറകുപുരകളും വെണ്ണീര്‍പുരകളും തൊഴുത്തുകളും ഈയടുത്ത കാലംവരെ ഓലകള്‍ കൊണ്ടായിരുന്നു മേല്‍ക്കൂര തീര്‍ത്തത്. എന്നാല്‍ തെങ്ങുകയറ്റക്കാര്‍ ഓലവെട്ടാന്‍ വൈമനസ്യം കാണിച്ചതോടെ ആളുകള്‍ ബദല്‍ മാര്‍ഗം കണ്ടെത്തുകയായിരുന്നു.
ക്രമേണ അലുമിനിയം ഷീറ്റുകള്‍ ഓലയുടെ സ്ഥാനം പിടിച്ചടക്കി. നാട്ടിന്‍പുറങ്ങളിലുള്ള പല സിനിമ ടാക്കീസുകളും ഓല മേഞ്ഞതായിരുന്നു. ഓലയുടെ ദൗര്‍ലഭ്യം മാത്രമല്ല വര്‍ഷം തോറും അതുകെട്ടി മേയാനുള്ള പ്രയാസവും ഓലപ്പുരകളെ അന്യമാക്കി. മഴക്കാലത്തിന് മുന്‍പായി ഓലപ്പുരകള്‍ കരിയോല മാറ്റി പകരം പുതിയ ഓലകള്‍ കൊണ്ട് മേയുന്ന പതിവിന് 'പുര കെട്ട് ' എന്നാണ് പറയുക. ഇങ്ങനെ കലാപരമായി മേല്‍ക്കൂര ഓല മേയുന്നതില്‍ വൈദഗ്ധ്യമുള്ള തൊഴിലാളികളും നിരവധിയുണ്ടായിരുന്നു. പുതിയ തലമുറയ്ക്ക് ഈ ജോലി ഇന്ന് അപ്രാപ്യമായി. നാട്ടിന്‍ പുറങ്ങളിലെ കലാവേദികള്‍ സ്ത്രീകള്‍ക്കായി നടത്തിയിരുന്ന മത്സരങ്ങളില്‍ ഒരു പ്രധാന ഇനമായിരുന്നു ഓലമെടയല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."