ഒളിച്ചുകളിച്ച് ചെറിയ നോട്ടുകള്‍
കണ്ണൂര്‍: 1000, 500 നോട്ടുകള്‍ പിന്‍വലിച്ചതിനെത്തുടര്‍ന്നുണ്ടായ ചില്ലറ ക്ഷാമം അവസാനിക്കുന്നില്ല. അസാധു നോട്ടുകള്‍ മാറിക്കിട്ടിയ ചെറിയ നോട്ടുകള്‍ വീണ്ടും ക്രയവിക്രയത്തിനെത്താത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം. 100, 50, 20, 10 നോട്ടുകള്‍ പലരും അത്യാവശ്യത്തിനു മാത്രമാണ് ഉപയോഗിക്കുന്നത്. മിക്ക എ.ടി.എമ്മുകളിലും ബാങ്കുകളിലും തുക പിന്‍വലിക്കുമ്പോള്‍ ലഭിക്കുന്നത് 2000ത്തിന്റെ നോട്ടുകളാണ് തന്നെയാണ്. ഇതിനു ചില്ലറ ലഭിക്കാത്തതും പ്രശ്നമാകുന്നുണ്ട്. പണം നിക്ഷേപിക്കുന്നവരേക്കാള് പണം പിന്വലിക്കാനെത്തുന്നവരാണ് കൂടുതല്‍. എസ്.ബി.ഐയില്‍ എത്തുന്ന പണം പലപ്പോഴും ബാങ്കുകളുടെ ദൈനംദിന ആവശ്യത്തിന് ഉപയോഗിക്കാന്‍ തികയാറില്ല.
ബാങ്കുകളില്‍ നിന്നു പിന്‍വലിക്കുന്ന 500, 100 രൂപാ നോട്ടുകള്‍ ക്രയവിക്രയത്തിനു മാര്‍ക്കറ്റില്‍ തിരിച്ചെത്താതിരിക്കുകയും 2000 രൂപ നോട്ടിനു ചില്ലറ ലഭിക്കാതിരിക്കുകയും റിസര്‍വ് ബാങ്കില്‍ നിന്നു ജില്ലയില്‍ ആവശ്യത്തിനു പണം ബാങ്കുകളില്‍ എത്താതിരിക്കുകയും ചെയ്തതോടെ നോട്ട് ക്ഷാമം രൂക്ഷമായി തുടരുന്നു. നൂറു രൂപയുടെ നോട്ടുകള്‍ അധികമായി അടിച്ചിറക്കിയിട്ടുണ്ടെന്നും എ.ടി.എമ്മുകളില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നുമുള്ള അധികൃതരുടെ വാക്കുകള്‍ അതുപോലെ തുടരുകയാണ്. 500 രൂപയുടെ പുതിയ നോട്ടുകള്‍ ജില്ലയിലെത്തിയിട്ടുണ്ടെങ്കിലും ഉള്നാടുകളിലുള്ളവര്ക്ക് ഇതു ഇന്നും അപൂര്‍വ വസ്തുവാണ്.
ഇന്നലെ ജില്ലയിലെ മിക്ക ബാങ്കുകളില്‍ നിന്നും ഇടപാടുകാര്‍ക്കു പണം ലഭിക്കാത്ത അവസ്ഥയുണ്ടായി.
എസ്.ബി.ഐയില്‍ നോട്ടു ക്ഷാമം രൂക്ഷമായതോടെ പല ബാങ്കുകളിലും പണമെത്തിയില്ല. ജില്ലയിലെ മിക്ക എ.ടി.എമ്മുകളിലും ഇന്നലെ രാവിലെ തന്നെ പണം തീര്‍ന്നു. ഒരാഴ്ച ലഭിക്കുന്ന 24000 രൂപ ഒറ്റത്തവണയായി പിന്‍വലിക്കാന്‍ ചെന്നാല്‍ പല ബാങ്കുകളിലും ലഭിക്കാത്ത അവസ്ഥയാണ്. പരമാവധി ഇടപാടുകാരില്‍ എത്തിക്കുന്നതിനായി ഒരു നിശ്ചിത തുക മാത്രമാണു ബാങ്കുകള്‍ നല്‍കുന്നത്. ഇതോടെ രണ്ടും മൂന്നും തവണ ഒരാഴ്ച പണം പിന്‍വലിക്കാന്‍ ബാങ്കില്‍ കയറിയിറങ്ങേണ്ട അവസ്ഥയാണ് ഇടപാടുകാര്‍ക്ക്. ജില്ലയിലെ ദേശസാല്‍കൃത ബാങ്കുകളില്‍ ഇപ്പോഴും അസാധു നോട്ടുകള്‍ നിക്ഷേപമായി എത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."