പൊതുനിരത്ത് കീഴടക്കി കുട്ടി ഡ്രൈവര്‍മാര്‍
കല്‍പ്പറ്റ: നിയമങ്ങളും നിയന്ത്രണങ്ങളും കാറ്റില്‍ പറത്തി പൊതുനിരത്തുകളില്‍ കുട്ടിഡ്രൈവര്‍മാരുടെ ഡ്രൈവിങ്. അപകടകരമാം വിധത്തിലാണ് കുട്ടി ഡ്രൈവര്‍മാര്‍ വാഹനം ഓടിക്കുന്നത്. റോഡ് സുരക്ഷാ നിയമങ്ങള്‍ അവഗണിച്ച് വാഹനം ഓടിക്കുന്നവര്‍ അപകടങ്ങള്‍ വരുത്തുന്നതും സ്ഥിരം സംഭവമായി.
ലൈസന്‍സോ ഹെല്‍മറ്റോ ഇല്ലാതെ പരസ്യമായി നിയമം ലംഘിച്ച് ബൈക്കില്‍ കറങ്ങുന്ന കുട്ടികളെ കൈകാര്യം ചെയ്യാന്‍ പൊലിസിനും മോട്ടോര്‍ വാഹന വകുപ്പിനും പലപ്പോഴും കഴിയുന്നില്ല. കൈ കാണിച്ചാലും നിറുത്താതെ പോകുന്ന കുട്ടികളെ, അവര്‍ അപകടത്തില്‍പ്പെട്ടേക്കുമെന്ന് ഭയന്ന് പിന്തുടര്‍ന്ന് പിടിക്കാനും പൊലിസ് ശ്രമിക്കാറില്ല.
സാമ്പത്തികമായി ഉയര്‍ന്ന കുടുംബങ്ങളിലെ കുട്ടികളാണ് ഇരുചക്രവാഹനങ്ങളില്‍ തലങ്ങും വിലങ്ങും സഞ്ചരിക്കുന്നതില്‍ അധികവും.
രാവിലെയും വൈകുന്നേരവും സ്‌കൂട്ടറിലും ബൈക്കിലും രണ്ടും മൂന്നും വിദ്യാര്‍ഥികള്‍ കുതിച്ചുപായുന്ന കാഴ്ച സ്‌കൂള്‍, കോളജ് പരിസരങ്ങളില്‍ സാധാരണമാണ്. കുട്ടി ഡ്രൈവര്‍മാരുടെ പാച്ചില്‍ മറ്റു ഡ്രൈവര്‍മാര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്.
ലൈസന്‍സില്ലാത്ത കുട്ടികള്‍ക്ക് സ്‌കൂള്‍, കോളജ് യാത്രയ്ക്ക് വാഹനം വാങ്ങി നല്‍കുന്ന രക്ഷിതാക്കള്‍ക്കെതിരെ പ്രതിഷേധമുയരുന്നുണ്ട്.
പ്രായപൂര്‍ത്തിയാകാത്തവര്‍ ഇരുചക്ര വാഹനങ്ങള്‍ ഉപയോഗിക്കുന്നത് തടയാന്‍ രക്ഷകര്‍ത്താകളും സ്‌കൂള്‍ അധികൃതരും പി.ടി.എയും ആവശ്യമായ ബോധവല്‍ക്കരണം നടത്തണമെന്ന ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."