നവകേരള മിഷന്‍: ജില്ലയിലെ ജലസ്രോതസുകള്‍ അടുത്തമാസം എട്ടിന് ശുചീകരിക്കും
കാസര്‍കോട്: സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച നവകേരള മിഷന്റെ ഭാഗമായി ജില്ലയില്‍ ജലസ്രോതസുകളുടെ സംരക്ഷണം, പരിസരശുചിത്വം, കാര്‍ഷിക വികസനം എന്നിവയ്ക്ക് മുന്‍ഗണന നല്‍കി ഡിസംബര്‍ എട്ടിന് പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍.
കാസര്‍കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഹരിതകേരളം ജില്ലാതല മിഷന്റെ ആദ്യയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. നവകേരളമിഷന്‍ പദ്ധതികള്‍ ചര്‍ച്ച ചെയ്യുന്നതിന് ഭരണസമിതി വിളിച്ചു ചേര്‍ക്കാന്‍ അവശേഷിക്കുന്ന മുഴുവന്‍ തദ്ദേശഭരണ സ്ഥാപനങ്ങളും ഈ ആഴ്ച തന്നെ യോഗം ചേര്‍ന്ന് പദ്ധതികള്‍ തയ്യാറാക്കണമെന്നും മന്ത്രി പറഞ്ഞു.
ജില്ലയില്‍ മുഴുവന്‍ തദ്ദേശസ്വയംഭരണ വാര്‍ഡുകളിലും കുറഞ്ഞത് ഒരു ജലസ്രോതസ് വീതം അടുത്തമാസം എട്ടിന് ശുചീകരിക്കും. വാര്‍ഡ് അംഗത്തിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ, സന്നദ്ധ സംഘടനകള്‍, പൊതുജനങ്ങള്‍ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുക, ജലസ്രോതസുകള്‍ വറ്റിച്ച് ശുചീകരിക്കരുതെന്നും വൃത്തിയാക്കി അണുവിമുക്തമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു. നവകേരള മിഷന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളിലും ജനപങ്കാളിത്തം ഉറപ്പുവരുത്തണം. അയല്‍ക്കൂട്ടങ്ങള്‍ വരെ ഈ പ്രവര്‍ത്തനങ്ങളുടെ സന്ദേശമെത്തിക്കണമെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കി. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന് മുഖ്യപരിഗണന നല്‍കണമെന്നും മന്ത്രി പറഞ്ഞു.
തരിശ് നിലങ്ങള്‍ കൃഷിയോഗ്യമാക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണം, ജൈവകൃഷി വ്യാപകമാക്കണം. ഡിസംബര്‍ എട്ടിന് സംഘടിപ്പിക്കുന്ന പരിപാടിയില്‍ വിവിധ മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യം ഉറപ്പാക്കണമെന്ന് മന്തി ജനപ്രതിനിധികളോടാവശ്യപ്പെട്ടു.ഡിസംബര്‍ എട്ടിന് വാര്‍ഡ്തലത്തില്‍ ആവിഷ്‌കരിച്ച പദ്ധതികള്‍ ജനപ്രതിനിധികളും സെക്രട്ടറിമാരും യോഗത്തില്‍ അവതരിപ്പിച്ചു. ജില്ലയില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളേറ്റെടുക്കുന്നതിന് യോഗം തീരുമാനിച്ചു.
കാഞ്ഞങ്ങാട് നഗരസഭയില്‍ വാര്‍ഡ്തലത്തില്‍ ശുചീകരണം ആരംഭിച്ചു. മികച്ച വാര്‍ഡിന് പുരസ്‌കാരം നല്‍കും. നഗരത്തില്‍ റാലി സംഘടിപ്പിക്കും. കാരാട്ട് വയല്‍ കൃഷിയോഗ്യമാക്കും. കാഞ്ഞങ്ങാട് പ്ലാസ്റ്റിക് വിമുക്തനഗരമാക്കുമെന്ന് ചെയര്‍മാന്‍ വി വി രമേശന്‍ അറിയിച്ചു. നീലേശ്വരം നഗരസഭയില്‍ മുഴുവന്‍ വാര്‍ഡുകളിലും ജലസ്രോതസ്സുകള്‍ ശുചീകരിക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ പ്രൊഫ. കെ പി ജയരാജന്‍ പറഞ്ഞു. പാലായിയിലും പട്ടേനയിലും അഞ്ചേക്കര്‍ വീതം തരിശ് നിലം കൃഷി യോഗ്യമാക്കും. ജൈവനഗരമായി നീലേശ്വത്തെ നിലനിര്‍ത്തും. ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ പൊന്മാലം വലിയകുളം ശുചീകരിക്കും. കിനാനൂര്‍-കരിന്തളം പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി തടയണകള്‍ നിര്‍മ്മിക്കും. മീഞ്ചയിലും കുമ്പളയിലും എല്ലാവാര്‍ഡുകളിലും പ്ലാസ്റ്റിക് ശേഖരിക്കും. ജലാശയങ്ങള്‍ സംരക്ഷിക്കും. വെസ്റ്റ് എളേരി പഞ്ചായത്തിലെ പൂങ്ങംചാലില്‍ കര്‍മ്മസേന കൃഷിയിറക്കും. ചെറുകിട ജലസേചന വകുപ്പിന്റെ പട്ടികയിലുളള 400 കുളങ്ങളില്‍ 223 കുളങ്ങള്‍ നവീകരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കും. അവശേഷിക്കുന്നവ ചെറുകിട ജലസേചന വകുപ്പ് നവീകരിക്കുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു.
യോഗത്തില്‍ ജില്ലാകലക്ടര്‍ കെ ജീവന്‍ബാബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മിഷന്‍ ചെയര്‍മാനായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, വിവിധ ഗ്രാമപഞ്ചായത്തു പ്രസിഡന്റുമാരും സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."