ലക്ഷ്യം കൈവരിക്കാന്‍ കൂട്ടായ പ്രവര്‍ത്തനം അനിവാര്യം: മന്ത്രി എം.എം മണി
പൈനാവ്: വികസന രംഗത്ത് പുതുചലനങ്ങള്‍ സൃഷ്ടിക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങളും സര്‍ക്കാര്‍ വകുപ്പുകളും ജനപങ്കാളിത്തം ഉറപ്പ് വരുത്തി കൂട്ടായ പ്രവര്‍ത്തനങ്ങല്‍ നടത്തണമെന്ന് വൈദ്യുതി മന്ത്രി എം.എം. മണി അഭിപ്രായപ്പെട്ടു. ഹരിത കേരളം മിഷന്‍ ആദ്യ ജില്ലാതല യോഗം കലക്ട്രേറ്റില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളം ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച സാക്ഷരതാ പ്രവര്‍ത്തനം, ജനകീയാസൂത്രണ പദ്ധതി നിര്‍വഹണം തുടങ്ങിയ രംഗങ്ങളില്‍ ജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും ഒത്തൊരുമയോടുകൂടിയുള്ള പ്രവര്‍ത്തനം മൂലം അസാമാന്യ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞു. തദ്ദേശ സ്ഥാപനങ്ങള്‍ കൃത്യമായ ലക്ഷ്യത്തോടെ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് ജനപ്രതിനിധികള്‍ ബഹുജന പങ്കാളിത്തത്തോടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു.
ജലസ്രോതസ്സുകളുടെ നവീകരണം കൃഷിയുടെയും അനുബന്ധ മേഖലയുടെയും പുരോഗതിക്ക് അനിവാര്യമാണെന്ന് യോഗത്തില്‍ അധ്യക്ഷയായിരുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് പറഞ്ഞു.
ഹരിതകേരളം പദ്ധതി ഉള്‍പ്പെടെ നവകേരള മിഷന്‍ നടപ്പാക്കുന്ന പദ്ധതികള്‍ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ പരിഹരിക്കാന്‍ പര്യാപ്തമാകുമെന്നും വികസന രംഗത്ത് കേരളത്തിന് മറ്റു സംസ്ഥാനങ്ങള്‍ക്ക് വീണ്ടും മാതൃകയാകാന്‍ കഴിയുമെന്നും എസ്. രാജേന്ദ്രന്‍ എം.എല്‍.എ പറഞ്ഞു.
ഹരിതകേരളം പദ്ധതിയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ഡിസംബര്‍ അഞ്ചിന് എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും പ്രചാരണപരിപാടികള്‍ സംഘടിപ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ ജി.ആര്‍. ഗോകുല്‍ നിര്‍ദ്ദേശം നല്‍കി. യോഗത്തില്‍ ഹരിതകേരളം പദ്ധതികളെക്കുറിച്ച് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടെസ് പി. മാത്യു അവതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ശ്രീമന്ദിരം ശശികുമാര്‍, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. യോഗത്തിനിടയില്‍ മുഖ്യമന്ത്രി ജില്ലകളിലെ പ്രവര്‍ത്തനങ്ങല്‍ സംബന്ധിച്ച് വീഡിയോ കോണ്‍ഫറന്‍സ് വഴി അവലോകനം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."