മാങ്കടവ്- കല്ലാര്‍കൂട്ടി റോഡിന്റെ ശോച്യാവസ്ഥ: കര്‍മ സമിതി റോഡ് ഉപരോധിച്ചു
അടിമാലി: വെള്ളത്തൂവല്‍ പഞ്ചായത്തിലൂടെ കടന്ന് പോകുന്ന കൂമ്പന്‍പാറ-മാങ്കടവ് കല്ലാര്‍കൂട്ടി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കര്‍മ സമിതിയുടെ നേതൃത്വത്തില്‍ കല്ലാര്‍കൂട്ടി വെള്ളത്തൂവല്‍ റോഡ് ഉപരോധിച്ചു.
ഇന്നലെ രാവിലെ പ്രതിഷേധ പ്രകടനമായി കര്‍മ്മ സമിതി പ്രവര്‍ത്തകും നാട്ടുകാരും എത്തിയായിരുന്നു ഉപരോധം.സമരം ജില്ലാ പഞ്ചായത്ത് അംഗം ഇന്‍ഫന്റ് തോമസ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് അംഗങ്ങളായ മുഹമ്മദ് ഷാഫി,ജയലേഖ,വിഎസ് സജി,പയസ്സ് എം പറമ്പില്‍,പിവി ആഗസ്തി,ബെഷി പി വര്‍ഗ്ഗീസ്,എ.എം മീരാന്‍,ടി.എം ജോസ് എന്നിവര്‍ പ്രസംഗിച്ചു.
വെള്ളത്തൂവല്‍ പഞ്ചായത്തിലൂടെ കടന്ന് പോകുന്ന ഈ പൊതുമരാമത്ത് റോഡിന് എട്ട് കിലോ മീറ്റര്‍ നീളമുണ്ട്. നേരത്തെ രണ്ട് കെ.എസ്.ആര്.ടി.സി ബസുകളും ഒന്നിലേറെ സ്വകാര്യ ബസുകളും ഈ റൂട്ടില്‍ സര്‍വ്വീസ് നടത്തിയിരുന്നതാണ്.എന്നാല്‍ റോഡിന്റെ അവസ്ഥ മാറിയതോടെ ഈ വാഹനങ്ങള്‍ ഈ റോഡിനെ ഉപേക്ഷിച്ചു.
ഹൈറേഞ്ചിലെ ഏറ്റവും പ്രശസ്തമായ മാങ്കടവ് ദേവീക്ഷേത്രം,സ്കൂള്‍,തുടങ്ങിയ നിരവധി സ്ഥാപനങ്ങള്‍ ഇവിടെ ഉണ്ട്.
അടിമാലി വെള്ളത്തൂവല്‍ എന്നിവിടങ്ങളിലേക്ക് പഠനത്തിന് പോകുന്ന കുട്ടികള്‍,വിവിധ സര്‍ക്കാര്‍ ആവശ്യത്തിന് ഇവിടേക്ക് പോകുന്ന ആയിരകണക്കിന് പ്രദേശവാസികള്‍ എന്നിവരുടെ പ്രധാന പാതയാണ് ഈ റോഡ്.ഈ റോഡാണ് നാളുകളായി നശിച്ച് കിടക്കുന്നത്.ഇതിന്റെ ശോച്യാവസ്ഥ അധികാരികള്‍ പരിഹരിക്കുവാന്‍ തയ്യാറാകാത്തതിനാലാണ് കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."