ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നില്ല; മലവേടര്‍ ഉടുമ്പന്‍ചോല താലൂക്ക് ഓഫിസ് ഉപരോധിച്ചു
കട്ടപ്പന: നാലുവര്‍ഷമായി ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിനെത്തുടര്‍ന്ന് മലവേട വിഭാഗം ഉടുമ്പന്‍ചോല താലൂക്ക് ഓഫീസ് ഉപരോധിച്ചു. നെടുങ്കണ്ടം ടൗണിനോടുചേര്‍ന്ന് താമസിക്കുന്ന 16 കുടുംബങ്ങള്‍ക്കാണ് വര്‍ഷങ്ങളായി ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ അധികൃതര്‍ തയാറാകാത്തത്.
മലവേട വിഭാഗക്കാരായ 66 പേരാണ് ഇവിടെയുള്ളത്. എസ്ടി വിഭാഗക്കാരാണ് മലവേടന്‍മാര്‍. എന്നാല്‍ നെടുങ്കണ്ടത്ത് താമസിക്കുന്ന ആളുകള്‍ മലവേടര്‍ അല്ലെന്നും എസ് സി വിഭാഗമായ വേടന്‍മാരാണെന്നും പറഞ്ഞാണ് ജാതി സര്‍ട്ടിഫിക്കറ്റുകള്‍ തടഞ്ഞിരിക്കുന്നത്.
പട്ടികവര്‍ഗ സമുദായ ആചാരങ്ങള്‍ അനുഷ്ഠിച്ചു ജീവിക്കുന്നവരാണ് ഇവര്‍. പൂര്‍വികര്‍ക്ക് എസ് ടി സര്‍ട്ടിഫിക്കറ്റുകള്‍ യാതൊരു പ്രശ്‌നവും കൂടാതെ നല്‍കിയിരുന്നു. കുറച്ചുവര്‍ഷങ്ങളായി അനാവശ്യ വിവാദങ്ങള്‍ നിരത്തി റവന്യു അധികൃതര്‍ സര്‍ട്ടിഫിക്കറ്റുകള്‍ തടഞ്ഞുവച്ചിരിക്കുകയാണ്.
വാസയോഗ്യമായ വീട്, വൈദ്യുതി തുടങ്ങിയ സൗകര്യങ്ങള്‍പോലും ഇല്ലാത്ത നിരവധിയാളുകള്‍ ഇവിടെയുണ്ട്. ഓരോ വര്‍ഷവും പട്ടിക വര്‍ഗക്കാര്‍ക്ക് വിതരണംചെയ്യുന്ന ആനൂകൂല്യങ്ങളെകുറിച്ച് വിശദീകരിക്കുന്നതിനായുള്ള ഊരുകൂട്ടങ്ങളില്‍ ഇവരെ ക്ഷണിക്കാറുണ്ടെങ്കിലും ആനുകൂല്യങ്ങള്‍ നല്‍കാറില്ല. കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനായി നല്‍കിയിരുന്ന ആനുകൂല്യങ്ങളും നിര്‍ത്തിയിരിക്കുകയാണ്.
അര്‍ഹതപെട്ട ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതിന്റെ പേരില്‍ പഠനം അവസാനിപ്പിക്കേണ്ട സ്ഥിതിയും ഉണ്ടായിരിക്കുകയാണ്. വിവിധ പിഎസ്‌സി ലിസ്റ്റുകളില്‍ ഇടംപിടിച്ചവര്‍ക്കും സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ ജോലിയില്‍ പ്രവേശിക്കുവാനാകുന്നില്ല.
റവന്യു അധികൃതര്‍ക്കും പട്ടികജാതി ഗോത്രവര്‍ഗ കമ്മീഷനും ജില്ലാ കളക്ടര്‍ക്കും നിരവധിതവണ പരാതി സമര്‍പ്പിച്ചിട്ടും നടപടി ഉണ്ടാകാതെ വന്നതോടെയാണ് മലവേട വിഭാഗക്കാര്‍ താലൂക്ക് ഓഫീസ് ഉപരോധസമരം നടത്തിയത്.
ഉടുമ്പന്‍ചോല തഹസില്‍ദാര്‍ പി.എസ്. ഭാനുകുമാറുമായി നടത്തിയ ചര്‍ച്ചയില്‍ താത്കാലികമായി ഇവര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തീരുമാനമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."