മേഘ മറിയം ജില്ലയിലെ മികച്ച കായിക താരം
കഠിനംകുളം: മൂന്നു സ്വര്‍ണം നേടിയ സായിയുടെ മേഘ മറിയം മാത്യുവാണ് ജില്ലയിലെ മികച്ച കായിക താരം.
ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഷോട്ട്പുട്ട്, ഡിസ്‌കസ് ത്രോ, ഹാമര്‍ ത്രോ എന്നീയിനങ്ങള്‍ക്കാണ് മേഘ സ്വര്‍ണം നേടിയത്.
ഷോട്ട്പുട്ടില്‍ സംസ്ഥാന റെക്കോര്‍ഡ് തന്നെ മേഘ മറികടന്നു.കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഷോട്ട് പുട്ടിനും, ഡിസ്‌കസ് ത്രോയ്ക്കും സ്വര്‍ണം നേടിയിരുന്നു. ദേശീയ സ്‌കൂള്‍ കായികമേളയില്‍ ഷോട്ട് പുട്ടിന് സ്വര്‍ണം നേടി ലോക സ്‌കൂള്‍ മീറ്റിലും പങ്കെടുത്തു. കൊല്ലം പുനലൂര്‍ വീരപ്പള്ളില്‍ ജോണ്‍മാത്യവിന്റെയും ജോളിമാത്യവിന്റെയും മകളായ മേഘ കാര്യവട്ടം തുണ്ടത്തില്‍ എം.വി.എച്ച്.എസ്.എസിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയാണ്. സായിയിലെ എം.ബി.സത്യാനന്ദനാണ് പരിശീലകന്‍.
സബ് ജൂനിയര്‍ ആണ്‍കുട്ടികളില്‍ സായിയുടെ അനന്തുവും പെണ്‍കുട്ടികളില്‍ ഹോളി ഏഞ്ചല്‍സ് കോണ്‍വെന്റ് എച്ച്.എസിലെ ദേവിക എസ് മധുവും വ്യക്തിഗതചാമ്പ്യന്മാരായി. ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളില്‍ സായിയുടെ ജഗനാഥും പെണ്‍കുട്ടികളില്‍ മേഘമറിയം മാത്യുവും ചാമ്പ്യന്മാരയപ്പോള്‍ സീനിയര്‍ വിഭാഗത്തില്‍ ട്രിപ്പിള്‍ സ്വര്‍ണം നേടിയ സായിയുടെ അഭിനന്ദ് സുന്ദരേശന്‍, അഞ്ജലി അനില്‍കുമാര്‍ (എം.വി.എച്ച്.എസ്.എസ് അരുമാനൂര്‍) എന്നിവരാണ് വ്യക്തിഗത പോയന്റ് പട്ടികയില്‍ മുന്നിലെത്തിയത്.സബ് ജൂനിയര്‍ ആണ്‍പെണ്‍, ജൂനിയര്‍ ആണ്‍പെണ്‍, സീനിയര്‍ പെണ്‍കുട്ടികള്‍ എന്നീ വിഭാഗങ്ങളില്‍ നെയ്യാറ്റിന്‍കര ഉപജില്ല ചാമ്പ്യന്മാരായപ്പോള്‍ സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ തിരുവനന്തപുരം നോര്‍ത്ത് ചാമ്പ്യന്മാരായി. കാര്യവട്ടം എല്‍.എന്‍.സി.പി.ഇ ഗ്രൗണ്ടില്‍ നടന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എം.കെ. ഷൈന്‍മോന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എച്ച്.എസ്.ഇ റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ മുരളീധരന്‍ നായര്‍.പി, ആര്‍.ഡി.എസ്.ജി.എ സെക്രട്ടറി എല്‍.രാജു എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."