ഹൗസ് ബോട്ടില്ലെങ്കില് എന്താ, മ്മടെ നാടന്‍ വള്ളമില്ലേ...
ചേര്‍ത്തല: കായല്‍ കാഴ്ചകള്‍ കാണാനെത്തിയ വിദേശ ടൂറിസ്റ്റുകള്‍ക്ക് ഹൗസ് ബോട്ടിന്റെ അഭാവം തടസമായില്ല. നമ്മുടെ നാടന്‍ വള്ളത്തില്‍ കായല്‍ കാഴ്ചകള്‍ ശരിക്കും ആസ്വദിക്കുകയായിരുന്നു വിദേശ വിനോദ സഞ്ചാരികള്‍. ചേര്‍ത്തല അരൂക്കുറ്റി റോഡില്‍ ചെങ്ങണ്ട പാലത്തിന് സമീപമാണ് നാട്ടുകാര്‍ക്ക് കൗതുകമുണര്‍ത്തിയ ഈ വ്യത്യസ്ത കാഴ്ച അരങ്ങേറിയത്.
ഇവിടെ ഹൗസ് ബോട്ടുകളുടെ സഞ്ചാരമില്ലാത്തതിനാള് ടൂറിസ്റ്റുകള്‍ അപൂര്‍വമായിട്ടേ എത്താറുള്ളു. തണ്ണീര്‍മുക്കം ബണ്ടിന് വടക്കോട്ട് ഹൗസ് ബോട്ടുകള്‍ കടത്തിവിടാത്തത് ഈ മേഖലയിലെത്തുന്ന ടൂറിസ്റ്റുകള്‍ക്ക് കായല്‍ കാഴ്ചകള്‍ കാണാനുള്ള അവസരം ലഭിക്കാറില്ല. അതിനാല്‍ ഇവിടെ ടൂറിസത്തിന്റെ പ്രയോജനവും അന്യമാണ്. പതിനേഴോളം ചെറു ദീപുകളുള്ള മനോഹരപ്രദേശമാണിവിടം. തോടുകളാലും ആറുകളാലും സമ്പന്നമായ ഈ ഭൂപ്രദേശത്തില്‍ പല സ്ഥലങ്ങളും ചരിത്ര സ്മരണകള്‍ ഉള്ക്കൊള്ളുന്നവകൂടിയാണ്.
മാര്‍ത്തോമാ സ്ലീഹ സ്ഥാപിച്ച കോക്കമംഗലം പള്ളി, താരാട്ടുപാട്ടിന്റെ രചയിതാവ് ഇരയിമ്മന്‍തമ്പിയുടെ ജന്മഗൃഹമായ വാരനാട് നടുവിലകം കോവിലകം, പുരാതന ക്ഷേത്രങ്ങളായ വാരനാട് ദേവി ക്ഷേത്രം,വിപ്ലവത്തിന്റെ ചരിത്രമുറങ്ങുന്ന വയലാര്‍ രക്ത സാക്ഷി സ്മാരകം എന്നിവ ഇവയില്‍ ചിലതുമാത്രം. ഇപ്പോള്‍ ആലപ്പുഴയിലെത്തുന്ന ടൂറിസ്റ്റുകള്‍ തണ്ണീര്‍മുക്കം ബണ്ട് വരെ വന്ന് മടങ്ങിപ്പോകുന്ന അവസ്ഥയാണുള്ളത്. ഹൗസ് ബോട്ടുകള്‍ ബണ്ടിന്റെ ലോക്കുകളിലൂടെയാണ് ഇരുഭാഗത്തേയ്ക്കു പോകുന്നത്. ലോക്ക് പലപ്പോഴും തകരാറാകുന്നതിനാല്‍ ഹൗസ് ബോട്ടുകള്‍ ബണ്ടിന് തെക്കുവശം മാത്രമാണ് യാത്ര ചെയ്യുന്നത്.
എന്നാല്‍ ബണ്ടിന്റെ മൂന്നാം ഘട്ട നിര്‍മാണത്തിന്റെ ഭാഗമായി ഹൗസ് ബോട്ടുകള്‍ക്ക് കടന്നുപോകാന്‍ പ്രത്യേക ബോട്ടുചാല്കൂടി നിര്‍മിക്കുന്നതിനാല്‍ ഈ കുറവ് നികത്തപ്പെടുന്നത് ചേര്‍ത്തലയുടെ വടക്കന്മേഖലയില് ടൂറിസം സാധ്യത വര്‍ദ്ധിപ്പിക്കും.കൂടാതെ എറണാകുളം മുതല്‍ ആലപ്പുഴ വരെയുള്ള ടൂറിസ വികസനത്തിനും വഴിയൊരുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."