മോഷണത്തിനെതിരേ ജനജാഗ്രത സമിതിക്ക് രൂപം നല്‍കി
ചേര്‍ത്തല: മയക്കുമരുന്ന്, മോഷണം എന്നിവയ്‌ക്കെതിരെ ചേര്‍ത്തല നഗരസഭയും ജനമൈത്രി പോലീസും ചേര്‍ന്ന് ജനജാഗ്രത സമിതിക്ക് രൂപം നല്‍കി. നഗരസഭയിലെ 35 വാര്‍ഡുകളിലും രാഷ്ട്രീയ സാമുദായിക പരിഗണനകളില്ലാതെ 15 അംഗങ്ങള്‍ വീതം ഉള്‍ക്കൊള്ളുന്ന ജാഗ്രത സമിതിക്കാണ് രൂപം നല്‍കുന്നത്. രണ്ട് വാര്‍ഡുകള്‍ക്ക് ഒരു സിവില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തയ്യാറായി വരുന്നവര്‍ക്ക് ആവശ്യമായ പരിശീലനങ്ങളും ഐഡന്റിറ്റി കാര്‍ഡുകളും നല്‍കും.
ചേര്‍ത്തല പൊലിസ് ഡപ്യൂട്ടി സൂപ്രണ്ട് വൈ.ആര്‍ റസ്റ്റം, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മോഹന്‍ ദാസ്, സബ് ഇന്‍സ്‌പെക്ടര്‍ എം.എം ഇഗ്‌നേഷ്യസ്, ജനമൈത്രി കോര്‍ഡിനേറ്റര്‍ ശിവപ്രസാദ് എന്നിവരുടെ മേല്‍നോട്ടത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പൊലിസും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന് എല്ലാ ദിവസവും നഗരത്തിലും സമീപ പ്രദേശങ്ങളിലും രാത്രികാല പെട്രോളിങ് നടത്തും.
ചേര്‍ത്തല നഗരസഭ 32ാം വാര്‍ഡിലെ സന്നദ്ധ പ്രവര്‍ത്തകരുടെ യോഗം വട്ടക്കാട് വിശ്വനാഥ ക്ഷേത്രം ഓഡിറ്റോറിയത്തില്‍ നഗരസഭ ചെയര്‍മാന്‍ ഐസക് മാടവന അധ്യക്ഷതയില്‍ കൂടി. സബ് ഇന്‍സ്‌പെക്ടര്‍ എം.എം ഇഗ്‌നേഷ്യസ് പദ്ധതി വിശദീകരണം നല്‍കി. ജനമൈത്രി കോര്‍ഡിനേറ്റര്‍ ശിവപ്രസാദ്, ബീറ്റ് ഓഫിസര്‍ അനില്‍, കണ്ണന്‍ കുറ്റിക്കാട്ട്, ടി.കെ ബാബു, വി.പ്രദീപ്, ജോമി മാടവന, സി.പി വിഷ്ണു, ലിജോ.പി ജോസ്, റെജി പുളിമൂട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."