ഹരിതകേരളം മിഷന് ഡിസംബര്‍ എട്ടിനു ജില്ലയില്‍ തുടക്കമാകും
ആലപ്പുഴ: ശുചിത്വം, മാലിന്യസംസ്‌കരണം, കൃഷി വികസനം, ജലവിഭവ സംരക്ഷണം എന്നീ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി ജനപങ്കാളിത്തത്തോടെ നടപ്പാക്കുന്ന ഹരിതകേരളം മിഷന്‍ പദ്ധതികള്‍ക്ക് ഡിസംബര്‍ എട്ടിനു ജില്ലയില്‍ തുടക്കമാകുമെന്ന് പൊതുമരാമത്ത് വകുപ്പുമന്ത്രി ജി. സുധാകരന്‍ പറഞ്ഞു.
നവകേരള മിഷനുമായി ബന്ധപ്പെട്ട് സിവില്‍ സ്‌റ്റേഷനിലെ ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന ആലോചനാ യോഗത്തില്‍ ആധ്യക്ഷ്യം വഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കു ന്ന നവകേരള മിഷന്റെ ഭാഗമായ നാലു പദ്ധതികളിലൊന്നാണ് ഹരിതകേരളം.
അടുത്ത അഞ്ചുവര്‍ഷം കൊണ്ട് എല്ലാ കുടുംബങ്ങള്‍ക്കും വീടും ഭൂമിയും ഉറപ്പാക്കുന്ന സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയായ ലൈഫ്, സര്‍ക്കാര്‍ ആശുപത്രികളെ ജനസൗഹൃദമാക്കി ചികിത്സാ സംവിധാനം മെച്ചപ്പെടുത്താനുള്ള ആര്‍ദ്രം, സര്‍ക്കാര്‍ സ്‌കൂളുകളെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള സമഗ്ര വിദ്യാഭ്യാസ നവീകരണ പദ്ധതിയായ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നിവയാണ് മറ്റു പദ്ധതികള്‍.
നാലു പദ്ധതികളുമായും ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി ജില്ലാതല മിഷന്‍ രൂപീകരിച്ചു. പൊതുമരാമത്ത് മന്ത്രിക്കാണ് ജില്ലയുടെ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ചുമതല. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ അധ്യക്ഷനും ജില്ലാ കളക്ടര്‍ വീണ എന്‍. മാധവന്‍ മിഷന്റെ സെക്രട്ടറിയുമാണ്. സെക്രട്ടറിക്കാണ് ഏകോപന ചുമതല. ജില്ലയിലെ മറ്റു മന്ത്രിമാര്‍, പ്രതിപക്ഷനേതാവ്, എം.എല്‍.എ.മാര്‍, നഗരസഭാധ്യക്ഷര്‍, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ്, സെക്രട്ടറി എന്നിവരാണ് അംഗങ്ങള്‍.
പദ്ധതിയുമായി ബന്ധപ്പെട്ട് എല്ലാ വാര്‍ഡുകളിലും നടപ്പാക്കാനുള്ള പദ്ധതിയുടെ രൂപരേഖ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷരുടെ നേതൃത്വത്തില്‍ തയാറാക്കും. പദ്ധതികള്‍ നടപ്പാക്കുന്നതിന് ബ്ലോക്ക്, പഞ്ചായത്ത് തല മിഷനുകള്‍ രൂപീകരിക്കും. ജില്ലാബ്ലോക്ക്ഗ്രാമ പഞ്ചായത്തുകളും നഗരസഭകളും ഉടന്‍ മിഷന്‍ പദ്ധതികള്‍ തയാറാക്കണമെന്നും കര്‍മപരിപാടിക്ക് രൂപം കൊടുക്കണമെന്നും മന്ത്രി പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഡിസംബര്‍ രണ്ടിനകം പദ്ധതികള്‍ തയാറാക്കി ജില്ലാ പഞ്ചായത്തിന് നല്‍കണം.
വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സന്നദ്ധസംഘടനളെയും പങ്കെടുപ്പിച്ച് ബഹുജനപങ്കാളിത്തത്തോടെ ശുചിത്വ, കാര്‍ഷിക, ജലവിഭവ സംരക്ഷണ, മാലിന്യസംസ്‌കരണ പദ്ധതികളാണ് നടപ്പാക്കുക. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പച്ചക്കറി കൃഷി വ്യാപിപ്പിക്കുന്നതിന് നടപടികളെടുക്കും. വിദ്യാര്‍ഥികള്‍ വഴി ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കും. സ്‌കൂളുകളില്‍ ഡിസംബര്‍ എട്ടിന് വിദ്യാര്‍ഥികള്‍ ഹരിതകേരളം പ്രതിജ്ഞയെടുക്കും. പരിസരശുചീകരണത്തിനും ആശുപത്രികളുടെ ശുചീകരണത്തിനും ജലാശയങ്ങള്‍ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം നല്‍കും. മലിനമാക്കപ്പെട്ട കുളങ്ങള്‍, കിണറുകള്‍, ജലാശയങ്ങള്‍ എന്നിവ സംരക്ഷിക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കും. ഡിസംബര്‍ അഞ്ചു മുതല്‍ 11 വരെ ഹരിതകേരളം മിഷന്‍ കാമ്പയിന്‍ സംഘടിപ്പിക്കും. സ്‌കൂളുകളില്‍ വനംവകുപ്പിന്റെയും സാമൂഹിക വനവത്കരണ വിഭാഗത്തിന്റെയും സഹകരണത്തോടെ ഫലവൃക്ഷതൈകള്‍ നടും.
യോഗത്തില്‍ എം.എല്‍.എ.മാരായ അഡ്വ. എ.എം. ആരിഫ്, ആര്‍. രാജേഷ്, അഡ്വ. കെ.കെ. രാമചന്ദ്രന്‍ നായര്‍, അഡ്വ. യു. പ്രതിഭാഹരി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍, ജില്ലാ കളക്ടര്‍ വീണ എന്‍. മാധവന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ, നഗരസഭാധ്യക്ഷര്‍, ബ്ലോക്ക്ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ എന്‍.കെ. രാജേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."