പെരുവട്ടൂരില്‍ ചെത്തുതൊഴിലാളി നേതാവിന്റെ വീടിനു നേരെ ബി.ജെ.പി ആക്രമണം
കൊയിലാണ്ടി: ചെത്തുതൊഴിലാളി നേതാവിന്റെ വീടിനു നേരെ ബി.ജെ.പി ആക്രമണം. പെരുവട്ടൂര്‍ മങ്കാട്ടില്‍ എം.എ ഷാജിയുടെ വീടിനു നേരെയാണ് ഇന്നലെ പുലര്‍ച്ചെ ആക്രമണമുണ്ടായത്.
വീടിന്റെ മുന്‍വശത്തെ വാതില്‍ ചവിട്ടിപ്പൊളിച്ച അക്രമികള്‍ അകത്തുകടന്നു കണ്ണില്‍ കണ്ടതെല്ലാം അടിച്ചുതകര്‍ക്കുകയായിരുന്നു. ഈ സമയം വീട്ടുകാരനായ ഷാജിയും ഭാര്യയും അടച്ചിട്ടമുറിയിലായതിനാല് ഇവര്‍ അക്രമത്തില്‍ നിന്നു രക്ഷപ്പെട്ടു. അക്രമത്തില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍, ഫര്‍ണിച്ചറുകള്‍, മോട്ടോര്‍, മറ്റ് ഉപകരണങ്ങളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഫലപ്രഖ്യാപന ദിവസം വൈകിട്ട് ബി.ജെ.പി പ്രവര്ത്തകന് കണ്ടംചാത്തനാരി ശശിയുടെ വീടിനു നേരെയുണ്ടായ അക്രമ സംഭവത്തിന്റെ തുടര്‍ച്ചയായാണ് ഷാജിയുടെ വീടിനു നേരെ കൈയേറ്റമുണ്ടായത്.
ശശിക്കും (60) ഭാര്യ ശോഭന(55)ക്കും മക്കളായ പ്രശാന്ത് (30), പ്രദീപ് (28) എന്നിവര്‍ക്കും പരുക്കേറ്റിരുന്നു. പ്രശാന്ത് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. സംഭവത്തെ തുടര്‍ന്നു സ്ഥലത്ത് പൊലിസ് ക്യാംപ് ചെയ്തിരുന്നു. എന്നാല്‍, പൊലിസിനെ പിന്‍വലിച്ചതിനെ തുടര്‍ന്നാണു വീണ്ടും സംഘര്‍ഷമുണ്ടായത്.
കൊയിലാണ്ടി പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ബൈക്കിലെത്തിയ സി.പി.എം സംഘമാണു തന്റെ വീട് ആക്രമിച്ചതെന്ന് ശശി ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ഇരുകക്ഷികളും പെരുവട്ടൂരില്‍ പ്രകടനം നടത്തി. കൊയിലാണ്ടിയില്‍ ചെത്തുതൊഴിലാളി യൂനിയന്‍ പ്രവര്‍ത്തകരും പ്രകടനം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."