കൂച്ച് ബിഹാര്‍: ഡാരിയലിനു സെഞ്ച്വറി; കേരളത്തിനു ലീഡ്
ആലപ്പുഴ: റെയില്‍വേസിനെതിരായ കൂച്ച് ബിഹാര്‍ ട്രോഫിയില്‍ കേരളത്തിനു ലീഡ്. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ കേരളം 89 റണ്‍സ് ലീഡ് സ്വന്തമാക്കി.
ആദ്യ ഇന്നിങ്സില്‍ റെയില്‍വേസ് 235 റണ്‍സില്‍ പുറത്തായപ്പോള്‍ ഒന്നാം ഇന്നിങ്സ് തുടങ്ങിയ കേരളം ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 324 റണ്‍സെന്ന ഭേദപ്പെട്ട നിലയില്‍.
വിക്കറ്റ് നഷ്ടമില്ലാതെ 23 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം തുടങ്ങിയ കേരളത്തിനായി അഞ്ചാമനായി ക്രീസിലെത്തിയ ഡാരിയല്‍ എസ് ഫെരാരിയോയുടെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് കരുത്തായത്.
136 റണ്‍സുമായി പുറത്താകാതെ നില്ക്കുന്ന ഡാരിയല്‍ ഏതാണ്ട് ഒറ്റയ്ക്ക് ടീമിനെ മികച്ച സ്കോറിലേക്ക് നയിക്കുകയായിരുന്നു. 198 പന്തുകള്‍ നേരിട്ട് 17ഫോറും മൂന്നു സിക്സും പറത്തിയാണ് ഡാരിയല്‍ ശതകം കുറിച്ചത്. സച്ചിന് സുരേഷ് (27), സിജോമോന്‍ (26), അര്ജുന് അജി (25), ഫനൂസ് (20) എന്നിവര്‍ മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും വലിയ സ്കോറിലെത്താന്‍ സാധിച്ചില്ല.
കളി നിര്‍ത്തുമ്പോള്‍ ഡാരിയലിനൊപ്പം 15 റണ്‍സുമായി വിവേകാണ് ക്രീസില്‍. റെയില്‍വേസിനായി ആദിത്യ തോമര്‍ ആറു വിക്കറ്റുകള്‍ വീഴ്ത്തി.
നേരത്തെ നാലു വിക്കറ്റുകള്‍ വീഴ്ത്തി ഡാരിയല്‍ ബൗളിങിലും തിളങ്ങിയിരുന്നു. മികച്ച രീതിയില്‍ ബാറ്റിങ് തുടങ്ങിയ റെയില്‍വേയ്ക്ക് മധ്യനിരയുടേയും വാലറ്റത്തിന്റേയും കൂട്ടത്തകര്‍ച്ചയാണ് വിനയായത്. ഓപണര്‍ ധീരു സിങ് (84), രുദ്രപ്രതിം നായക് (40) എന്നിവരാണ് റെയില്‍വേസിന്റെ ടോപ് സ്കോറര്‍മാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."