നിതീഷ് എന്‍.ഡി.എയില്‍ ചേര്‍ന്നേക്കുമെന്ന് ആര്.ജെ.ഡി
പറ്റ്ന: ബിഹാര്‍ മുഖ്യമന്ത്രിയും ജനതാദള്‍(യു) നേതാവുമായ നിതീഷ് കുമാര്‍ എന്‍.ഡി.എയില്‍ ചേര്‍ന്നേക്കുമെന്ന് ആര്.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ ഭാര്യയും മുന്‍മുഖ്യമന്ത്രിയുമായ റാബ്രിദേവി.
നിതീഷിനെ എന്‍.ഡി.എയില്‍ അംഗമാക്കാന്‍ മുതിര്‍ന്ന ബി.ജെ.പി നേതാവ് സുശീല്‍കുമാര്‍ മോദി ശ്രമം നടത്തുന്നുണ്ടെന്നും അവര്‍ തുറന്നടിച്ചു. അദ്ദേഹത്തെ എന്‍.ഡി.എ സഖ്യകക്ഷിയാക്കാന്‍ സുശീല്‍കുമാര്‍ ശ്രമിക്കുന്നുണ്ടെന്ന് മാധ്യമ പ്രവര്‍ത്തകര്‍ പറഞ്ഞതായും അവര്‍ ആരോപിച്ചു.
ബി.ജെ.പിയെ അധികാരത്തില്‍ നിന്നും അകറ്റി നിര്‍ത്തുന്നതിനായി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിഹാറില്‍ മഹാസഖ്യം രൂപീകരിച്ച പാര്‍ട്ടികളില്‍ പ്രധാനികളായ ആര്.ജെ.ഡിയും ജനതാദള്‍(യു)ഉം തമ്മിലുള്ള ബന്ധം വഷളാകുന്ന സാഹചര്യമാണ് ഇപ്പോള്‍ ബിഹാറിലുള്ളത്. ഇത് വ്യക്തമാക്കുന്നതാണ് റാബ്രി ദേവിയുടെ പ്രസ്താവന.
നിതീഷിന്റെ നിലപാടുകളെക്കുറിച്ച് എല്ലാവര്ക്കും അറിയാം. അതുകൊണ്ട് എന്തുകൊണ്ട് എന്‍.ഡി.എയില്‍ പോകാന്‍ അദ്ദേഹം മടിക്കുന്നുവെന്നും റാബ്രിദേവി ചോദിച്ചു. പ്രധാനമന്ത്രിയുടെ നോട്ടു നിരോധനത്തേയും അവര്‍ രൂക്ഷമായി വിമര്‍ശിച്ചു. പ്രധാനമന്ത്രിയും കള്ളപ്പണം ഒളിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ലാലുപ്രസാദ് യാദവിനെതിരേ ഇത്തരമൊരു ആരോപണം ഉന്നയിക്കാനാകില്ല. കള്ളപ്പണം ഒളിപ്പിച്ചുവെന്ന പേരില്‍ അദ്ദേഹത്തിനെതിരേ ഇക്കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ ഇതുവരെ ഒരു കേസുപോലും രജിസ്റ്റര്‍ ചെയ്യുകയോ ഒരു നാണയം അനധികൃതമായി കണ്ടെടുക്കുകയോ ചെയ്തിട്ടില്ല.
അതിനിടെ നിതീഷ് കുമാര്‍ വീണ്ടും എന്‍.ഡി.എ സഖ്യകക്ഷിയാകണമെന്ന് ബി.ജെ.പി നേതാവ് സുശീല്‍ കുമാര്‍ മോദി ആവര്‍ത്തിച്ചു. ആര്.ജെ.ഡിയും കോണ്‍ഗ്രസുമായുള്ള നിതീഷിന്റെ സഖ്യത്തെക്കുറിച്ച് അദ്ദേഹം പുനരാലോചിക്കണം. തങ്ങള്‍ക്കൊപ്പം നിതീഷ് വരുന്നില്ലെങ്കില്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയം ഇരുളടയുമെന്നും മോദി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."