സ്ത്രീസുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല: രമേശ് ചെന്നിത്തല
തിരുവനന്തപുരം: സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിനു കഴിയുന്നില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തു വീണ്ടും സ്ത്രീപീഡനം വര്‍ധിക്കുന്നത് ഉത്കണ്ഠ വര്‍ധിപ്പിക്കുന്നതാണ്. അന്താരാഷ്ട്ര പ്രശസ്തിയാര്‍ജിച്ച ടൂറിസ്റ്റ് കേന്ദ്രമായ കോവളത്ത് ഒരു വിദേശ വനിത പീഡനത്തിനിരയായി. തിരുവനന്തപുരത്ത് നരുവാമൂടിനടുത്ത് ചൂവാറ്റുകോട്ടയില്‍ ദലിത് യുവതി കൂട്ടമാനഭംഗത്തിനിരയായി.വിദേശികളെ പലവിധത്തില്‍ പ്രലോഭിപ്പിച്ച് ചതിയില്‍ വീഴ്ത്തുന്നത് തടയുന്നതിന് ഫലപ്രദമായ നടപടികള്‍ വേണം. നരുവാമൂട്ടിലാകട്ടെ ഒരു പൊലിസുകാരന്‍ ഉള്‍പ്പെടെയുള്ള സംഘമാണു യുവതിയെ തന്ത്രത്തില്‍ കൂട്ടിക്കൊണ്ടു പോയി കെണിയില്‍പ്പെടുത്തിയതെന്നതു സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം സ്ത്രീപീഡനം വര്‍ധിക്കുന്നതായാണു കണക്കുകള്‍ കാണിക്കുന്നത്. സ്ത്രീപീഡനത്തിനെതിരേ വലിയ പ്രചാരണം നടത്തി വോട്ട് വാങ്ങിയ ഇടതു സര്‍ക്കാരിനു സംസ്ഥാനത്ത് സ്ത്രീകളുടെ സുരക്ഷ ഉറപ്പു വരുത്താനാവുന്നില്ല.
വടക്കാഞ്ചേരിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി പരസ്യമായി പത്രസമ്മേളനം നടത്തി പ്രതികളുടെ പേര് പറഞ്ഞിട്ടും തെളിവില്ല എന്ന നിലപാടാണു പൊലിസ് സ്വീകരിച്ചിരിക്കുന്നത്. ഇവിടെ ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണു ഭരണ കക്ഷിയായ സി.പി.എം നേതൃത്വം സ്വീകരിച്ചത്. ആഭ്യന്തര വകുപ്പ് കൈയാളുന്ന പാര്‍ട്ടി പരസ്യമായി അങ്ങനെ ഒരു നിലപാടെടുക്കുമ്പോള്‍ അന്വേഷണം ഫലപ്രദമാവില്ലെന്ന് സംശയമുണ്ടാക്കിയതാണ്. അതാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. സ്ത്രീപീഡനക്കേസുകളില്‍ മൃദു സമീപനം സ്വീകരിക്കുന്നതു സംസ്ഥാനത്ത് ഇനിയും ഇത്തരം കേസുകള്‍ വര്‍ധിക്കാനേ ഇടവരുത്തൂ എന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."