നോട്ട് പ്രതിസന്ധി: പാര്‍ലമെന്റ് സ്തംഭനം തുടരുന്നു
പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ചവേണമെന്ന ആവശ്യത്തിലുറച്ച് പ്രതിപക്ഷം
ന്യൂഡല്‍ഹി: നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഇന്നലെയും പാര്‍ലമെന്റിന്റെ ഇരുസഭകളും സ്തംഭിപ്പിച്ചു. ശീതകാലസമ്മേളനത്തിന്റെ തുടര്‍ച്ചയായ പത്താംദിവസമാണ് പാര്‍ലമെന്റ് കാര്യമായ നടപടികളിലേക്കു കടക്കാനാവാതെ തടസപ്പെടുന്നത്. ലോക്‌സഭ ഇന്നലെ ചേര്‍ന്നയുടന്‍ തന്നെ നോട്ട് വിഷയത്തില്‍ പ്രതിപക്ഷം ഉയര്‍ത്തിയ പ്രതിഷേധം കാരണം ഉച്ചയ്ക്കു മുമ്പു രണ്ടുതവണ സഭ പിരിഞ്ഞു. കോണ്‍ഗ്രസ്, സിപി.എം, തൃണമൂല്‍ അംഗങ്ങള്‍ പ്രതിഷേധിച്ചു നടുത്തളത്തിലിറങ്ങിയപ്പോള്‍ അണ്ണാ ഡി.എം.കെ അംഗങ്ങള്‍ എഴുന്നേറ്റു നിന്ന് പ്രതിഷേധിച്ചു. ആദായനികുതി നിയമ ഭേദഗതി ബില്ല് സംബന്ധിച്ച് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിമര്‍ശനം ഉന്നയിച്ചു. കഴിഞ്ഞ ദിവസം സഭയില്‍ അവതരിപ്പിക്കാതെയാണ് ബില്ല് ഇന്നത്തെ നടപടിയില്‍ ഉള്‍പ്പെടുത്തിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനിടെ ബഹളം തുടര്‍ന്നതോടെ സ്പീക്കര്‍ സുമിത്ര മഹാജന്‍ സഭ പിരിച്ചുവിട്ടു. വീണ്ടും ചേര്‍ന്നപ്പോഴും പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നു. ബഹളം രൂക്ഷമായതോടെ സഭ ഉച്ചയ്ക്കു രണ്ടു വരെ പിരിഞ്ഞു. ഉച്ചയ്ക്കു ശേഷം സഭ ചേര്‍ന്നപ്പോഴാണ് ആദായനികുതി ഭേദഗതി ബില്ല് എടുത്തത്. ബഹളത്തില്‍ മുങ്ങിയ സഭയില്‍ ബില്ല് ചര്‍ച്ച ചെയ്യുക അസാധ്യമാണെന്നു സ്പീക്കര്‍ തന്നെ വ്യക്തമാക്കി. തുടര്‍ന്ന് ചര്‍ച്ചയില്ലാതെയാണ് ബില്ല് പാസാക്കിയത്. ഇതിനു ശേഷവും ബഹളം തുടര്‍ന്നതോടെ സഭ ഇന്നത്തേക്കു പിരിഞ്ഞു.
നോട്ട് വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യം ആവശ്യമാണെന്ന് പ്രതിപക്ഷം ഉറച്ചുനിന്നതോടെയാണ് രാജ്യസഭയില്‍ നടപടികള്‍ തടസപ്പെട്ടത്. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ബി.എസ്.പി അംഗങ്ങള്‍ പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി. നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് ജനങ്ങള്‍ എങ്ങനെ ബുദ്ധിമുട്ടുന്നുവെന്ന് മനസിലാക്കാന്‍ പ്രധാനമന്ത്രി സഭയിലെത്തി ചര്‍ച്ച കേട്ടിരിക്കണമെന്ന് ബി.എസ്.പി നേതാവ് മായാവതി ആവശ്യപ്പെട്ടു. കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ കക്ഷികളും ഇതിനെ പിന്തുണച്ചു. അതേസമയം നോട്ട് വിഷയത്തില്‍ രാജ്യസഭയില്‍ തുടങ്ങിയ ചര്‍ച്ച ഇതുവരെ പൂര്‍ത്തിയായിട്ടില്ലെന്നും ഇതിനിടയ്ക്ക് പ്രധാനമന്ത്രി എത്തി സംസാരിക്കുമെന്നും കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു വ്യക്തമാക്കി. ചര്‍ച്ചയ്ക്കു തയാറാകാതിരിക്കുകയും സഭാനടപടികള്‍ തുടര്‍ച്ചയായി തടസപ്പെടുത്തുകയും ചെയ്യുന്ന പ്രതിപക്ഷത്തെ നായിഡു ചോദ്യം ചെയ്തു. ഇതോടെ പ്രതിഷേധം രൂക്ഷമാക്കി പ്രതിപക്ഷം വീണ്ടും നടുത്തളത്തിലിറങ്ങി. പ്രതിപക്ഷത്തിനെതിരേ മുദ്രാവാക്യം വിളികളുമായി ഭരണപക്ഷവും എഴുന്നേറ്റതോടെ സഭ ബഹളത്തില്‍ മുങ്ങി. എങ്കിലും ചര്‍ച്ച തുടരാന്‍ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍ നിര്‍ദേശിച്ചു. ഇതോടെ പ്രതിപക്ഷ ബഹളം രൂക്ഷമാവുകയും സഭ പിരിയുകയുമായിരുന്നു.
നേരത്തേ സഭ ചേര്‍ന്നപ്പോള്‍ ഭരണപക്ഷത്തെ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നതു ചൂണ്ടിക്കാട്ടിയും പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. സഭ ചേര്‍ന്നപ്പോള്‍ മന്ത്രിമാരായ മനോഹര്‍ പരീക്കര്‍, നിര്‍മല സീതാരാമന്‍ തുടങ്ങിയ നാലഞ്ചുപേര്‍ മാത്രമായിരുന്നു ഭരണപക്ഷത്തു സഭയിലുണ്ടായിരുന്നത്. പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് ഭരണപക്ഷത്തെ ഒഴിഞ്ഞ സീറ്റുകള്‍ ചൂണ്ടിക്കാട്ടി വിമര്‍ശിച്ചു. എന്നാല്‍, സഭ നടത്താന്‍ വേണ്ട ക്വാറം തികഞ്ഞിട്ടുണ്ടെന്ന് ഉപാധ്യക്ഷന്‍ വ്യക്തമാക്കി. നിങ്ങള്‍ ഭരണപക്ഷത്തെ ഓര്‍ത്ത് വ്യാകുലപ്പെടുന്നത് എന്തിനാണെന്നും പി.ജെ കുര്യന്‍ ചോദിച്ചു.
ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി യോഗമുണ്ടായിരുന്നതു കൊണ്ടാണ് അംഗങ്ങള്‍ എത്താന്‍ വൈകിയതെന്ന് മന്ത്രിമാര്‍ വിശദീകരിച്ചു. ചോദ്യോത്തര വേളയിലും ബഹളം തുടര്‍ന്നതോടെ സഭ ഉച്ചയ്ക്കു പിരിയുകയുും പിന്നീട് രണ്ടുമണിക്ക് ചേര്‍ന്നപ്പോഴും ബഹളം ശമിക്കാതിരുന്നതോടെ ഇന്നത്തേക്കു പിരിയുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."