കരുളായിയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം
കരുളായി: കരുളായി വനമേഖലയില്‍ പൊലിസ് വെടിവയ്പ്പില്‍ രണ്ടു മാവോവാദികള്‍ കൊല്ലപ്പെട്ടതിനു അഞ്ചാം ദിവസം വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. തിങ്കളാഴ്ച്ച ഉച്ചയോടെ ചോലനായ്ക്ക കോളനിയായ മണ്ണളയില്‍ സംഘമെത്തിയതായാണ് സൂചന.
ആയുധ ധാരികളായ ഒരു സ്ത്രീ ഉള്‍പ്പടെയുള്ള ഏഴംഗ സംഘമാണ് മണ്ണളയിലെത്തിയത്. സംഘത്തില്‍ സോമനും വിക്രം ഗൗഡയുമുണ്ടായിരുന്നതായാണ് വിവരം. കോളനിയിലെത്തിയ സംഘം മാഞ്ചീരിയില്‍ നിന്നും കൂടുതല്‍ ഭക്ഷ്യസാധനങ്ങള്‍ എത്തിച്ചു തരണമെന്ന് കോളനിക്കാരോട് ആവശ്യപ്പെട്ടതായാണ് അറിയുന്നത്. ഉണക്കപ്പാറയിലെ ഇവരുടെ ടെന്റില്‍ നിന്നും 50 കിലോ അരിയുള്പടെയുള്ള സാധനങ്ങള്‍ പൊലിസ് കണ്ടെടുത്തിരുന്നു. ഇതിനുശേഷം ഭക്ഷണം ലഭിക്കാത്ത സംഘം താളിപ്പുഴയില് തമ്പടിച്ചതായും വിവരമുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ച്ച ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തുനിന്നും 20 കിലോമീറ്ററോളം നടന്നാല്‍ മണ്ണളയിലെത്താം. വെടിവയ്പ്പിന് ശേഷം രക്ഷപ്പെട്ടവര്‍ക്കായി വനത്തിലെ വിവിധ ഭാഗങ്ങളില്‍ പൊലിസ് പരിശോധന നടത്തിയിരുന്നെങ്കിലും ഇവരുടെ സാന്നിധ്യം കണ്ടെത്താനായിരുന്നില്ല.
അതേ സമയം ഏറ്റുമുട്ടലില്‍ മാവോവാദികള്‍ കൊല്ലപ്പെട്ട സംഭത്തില്‍ ക്രൈംബ്രാഞ്ച് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ആഭ്യന്തര സുരക്ഷാ വിഭാഗം എസ്.പി എസ്. ശശികുമാറിന്റെ മേല്‍നോട്ടത്തില്‍ ഡി.വൈ.എസ്.പി ബിജുപ്രഭാകറും സംഘവുമാണ് സ്ഥലത്തെത്തിയത്. മാവോവാദികളുടെ ടെന്റില്‍ നിന്നും കണ്ടെടുത്ത സാധന സാമിഗ്രികള്‍ സംഘം പരിശോധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."