സ്‌നേഹത്തിന് അതിരിടരുത്
മനുഷ്യജീവിതത്തിലെ ഏറ്റവും ആഹ്ലാദകരമായ അനുഭവങ്ങളിലൊന്നാണ് കുട്ടികളെ വളര്‍ത്തല്‍. അതൊരു കലയും ശാസ്ത്രവുമാണ്. എന്നാല്‍ സ്വന്തം കുഞ്ഞുങ്ങളെ 'വളര്‍ത്തുന്ന' എത്ര മാതാപിതാക്കളുണ്ടാവും? പലപ്പോഴും കുട്ടികള്‍ വളര്‍ത്തപ്പെടുകയല്ല 'സ്വയം വളരുകയാണ്' ചെയ്യുന്നത്.
ഇവിടെയാണ് പേരന്റിംഗിന്റെ പ്രസക്തി. കുട്ടികളെ ഒരുക്കി, മെരുക്കി സമൂഹത്തിന് പ്രയോജനപ്പെടുന്നവരാക്കി മാറ്റുന്ന പരിശീലന പ്രക്രിയയാണ് പേരന്റിംഗ് അഥവാ രക്ഷാകര്‍തൃത്വം. തങ്ങളുടെ കുട്ടിയെ ജീവിതായോധനത്തിന് പ്രാപ്തനാക്കാനും സമൂഹത്തിനുതകുന്ന നല്ല മനുഷ്യനായി വാര്‍ത്തെടുക്കാനും ശ്രമിക്കുന്നവരാണ് ഓരോ രക്ഷിതാവും. കുട്ടികളെ കരുതലോടെ വളര്‍ത്താന്‍ രക്ഷിതാക്കള്‍ അവരെ മനസിലാക്കേണ്ടതുണ്ട്; പരിഗണിക്കേണ്ടതുണ്ട്. കുട്ടികളുടെ പ്രശ്‌നപരിഹാരങ്ങള്‍ക്ക് ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമാണ് രക്ഷിതാക്കളുടേത്. കുട്ടികള്‍ വൈകാരികമായി ആരോഗ്യമുള്ള വ്യക്തികളായി വളരുന്നത് രക്ഷിതാക്കള്‍ അവരെ എങ്ങനെ വളര്‍ത്തുന്നുവെന്നതിനെ ആശ്രയിച്ചായിരിക്കും.
ജനനം മുതല്‍ ശിശുക്കള്‍ അറിവിന്റെ പടവുകള്‍ എങ്ങനെ കയറുന്നുവെന്ന് രക്ഷിതാക്കള്‍ അറിഞ്ഞിരിക്കണം. അനന്യഗുണവിശേഷങ്ങളോടെയാണ് ഓരോ കുഞ്ഞും പിറന്നുവീഴുന്നത്. ഓരോകുട്ടിയും സൃഷ്ടിയുടെ മഹത്തായ മാതൃകയാണ്.
നിഷ്‌കളങ്കതയുടെ നിറകുടമായ കുട്ടി ആദ്യമായിതിരിച്ചറിയുന്നത് മാതാവിനെയാണ്. ശിശു ജനിച്ച് മൂന്നു മണിക്കൂറിനകം മാതാവിന്റെ ഗന്ധം തിരിച്ചറിയുമെന്ന് ആധുനിക പഠനങ്ങള്‍ തെളിയിക്കുന്നു. പിന്നീട് സ്പര്‍ശനം, കാഴ്ച, കേള്‍വി തുടങ്ങിയവയിലൂടെ കുട്ടി ചുറ്റുപാടുകള്‍ അറിയുന്നു. മാതാവിന്റെ ഗര്‍ഭപാത്രത്തില്‍വച്ചുതന്നെ ഓര്‍മ ആരംഭിക്കുന്നു. ജന്‍മനായുള്ള അറിവിലൂടെ മുലപ്പാല്‍ കുടിക്കുന്നു.
എന്നാല്‍ വയറു നിറയുന്നതുവരെ കുടിക്കണണമെന്ന അറിവ് അനുഭവത്തിലൂടെ ലഭിക്കുന്നു. മാതാവാണ് പ്രഥമ അധ്യാപിക. ആദ്യത്തെ ആറ് ആഴ്ച മുതല്‍ മൂന്ന് മാസം വരെ കുഞ്ഞുങ്ങള്‍ ശബ്ദം ശ്രദ്ധിക്കുക, കരയുക, ശബ്ദത്തോട് പ്രതികരിക്കുക, ചിരിക്കുക എന്നിവയൊക്കെ ചെയ്യുന്നു. മൂന്നു മാസം മുതല്‍ ശബ്ദത്തിനനുസരിച്ച് കളിക്കാന്‍ തുടങ്ങുന്നു. ആറു മാസമാകുമ്പോഴേക്കും ആദ്യ വാക്ക് ഉച്ചരിക്കുന്നു. പതിനെട്ട് മുതല്‍ ഇരുപത്തിനാല് മാസം വരെ പ്രായമാകുമ്പോഴാണ് ആദ്യ വാചകം ഉച്ചരിക്കുന്നത്.
കുട്ടികളെ മാതൃകാപരമായി വളര്‍ത്തി വലുതാക്കി മികച്ച ഭാവി സാക്ഷാല്‍ക്കരിക്കണം. എന്നാല്‍ മത്സരാധിഷ്ഠിതമായ വര്‍ത്തമാനകാലത്ത് പുതുതലമുറയുടെ ജീവിതം വളരെയധികം ആശങ്കാജനകമാണ് നാം പഠിച്ചിരുന്ന കാലം മാറിയിരിക്കുന്നു. ആവശ്യങ്ങളും ആഗ്രഹങ്ങളും അഭിരുചികളും സങ്കല്‍പങ്ങളും മാറിയിരിക്കുന്നു. കാലത്തിന്റെ വെല്ലുവിളികള്‍ അഭിമുഖീകരിക്കാന്‍ ഓരോ കുട്ടിയും പ്രാപ്തനാകേണ്ടതുണ്ട്.
കുഞ്ഞുമനസിലേക്ക് വെളിച്ചത്തിന്റെ വാതിലുകള്‍ തുറന്നുവയ്ക്കാനുള്ള ദൗത്യം രക്ഷിതാക്കളുടേതു കൂടിയാണ്. ഈ കുഞ്ഞുപൂക്കള്‍ വാടാതിരിക്കാന്‍ ഇത്തിരികരുതലും, തളര്‍ന്നുതുടങ്ങുമ്പോള്‍ സാന്ത്വനത്തിന്റെയും വിശ്വാസത്തിന്റെയും കൈത്താങ്ങാവാനും, സമയോചിതമായ ഇടപെടല്‍ നടത്താനും രക്ഷിതാക്കള്‍ക്ക് കഴിയണം.
സംഘര്‍ഷങ്ങള്‍, പ്രലോഭനങ്ങള്‍, പ്രതിസന്ധികള്‍, പ്രായം വരുത്തുന്ന ശാരീരികവും മാനസികവുമായ വ്യതിയാനങ്ങള്‍, വൈകാരികാവശ്യങ്ങള്‍ തുടങ്ങി വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും തികഞ്ഞ സന്തുലനത്തോടെയും ആത്മവിശ്വാസത്തോടെയും വെല്ലുവിളികള്‍ തരണം ചെയ്യാന്‍ കുട്ടിയെ പ്രാപ്തനാക്കുന്നയാളാണ് യഥാര്‍ഥ രക്ഷിതാവ്. കുട്ടികളുടെ അവകാശങ്ങള്‍, അവര്‍ക്ക് നല്‍കേണ്ട പഠനപിന്തുണ, സൗഹൃദപരമായ ഗാര്‍ഹികാന്തരീക്ഷം എന്നിവയെക്കുറിച്ചെല്ലാം രക്ഷിതാവെന്ന നിലയില്‍ ശരിയായ അവബോധം അനിവാര്യമാണ്.
കുട്ടിയുടെ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊള്ളാനും അവരെ ശ്രദ്ധിച്ച് കേള്‍ക്കാനും പരസ്പരം പങ്കുവയ്ക്കാനും രക്ഷിതാക്കള്‍ സന്നദ്ധമാവണം. എന്നാലിന്ന് പലര്‍ക്കും ഒന്നിനും നേരമില്ലാത്ത അവസ്ഥയാണ്. അതുകൊണ്ട് വീടിന്റെ അകത്തളങ്ങളില്‍നിന്ന് അപശബ്ദങ്ങള്‍ ഉയരുന്നു. പത്തു മാസം ചുമന്നു പ്രസവിച്ച എന്നോട് നീ ഇങ്ങനെ പറഞ്ഞല്ലോ എന്ന് പരിഭവപ്പെടുന്ന അമ്മമാര്‍ കൂടിവരുന്നു.
അമ്മയ്ക്ക് എന്നെ മനസിലാവുന്നില്ലെന്ന് വിലപിക്കുന്ന മക്കളുടെ എണ്ണം കൂടിവരുന്നു. അങ്ങനെ പല വീടുകളിലും മാതാപിതാക്കളുടെയും മക്കളുടെയും ഇടയില്‍ അദൃശ്യമായ വന്‍മതിലുകള്‍ ഉയര്‍ന്നുവരുന്നു. സ്‌നേഹത്തിന്റെ ഈറ്റില്ലമാകേണ്ട വീട് പലര്‍ക്കുമിന്ന് അജൈവികമായ ഒരു സങ്കേതം മാത്രമാണ്.
പരിചിതമല്ലാത്ത ഗന്ധങ്ങളും പരിചയമില്ലാത്ത വാക്കുകളും നിര്‍വചനം തെറ്റിയ ബന്ധങ്ങളും ചേര്‍ന്ന് അവിടെ വ്യത്യസ്ത ലോകങ്ങള്‍ സൃഷ്ടിക്കുന്നു. മാനസിക സമ്മര്‍ദ്ദങ്ങളുടെയും കൊടുംക്രൂരതകളുടെയും കാരണങ്ങളന്വേഷിച്ചാല്‍ ഒടുവിലെത്തുന്നത് മിക്കപ്പോഴും വീടുകളിലെ സ്‌നേഹരാഹിത്യത്തിന്റെ പ്രശ്‌നങ്ങളിലായിരിക്കും.
ആകാശത്തോളം ഉയരുന്ന വീടു വയ്ക്കുമ്പോള്‍ നാം ഓര്‍ക്കേണ്ടത് അതിന് സ്‌നേഹത്തിന്റെ അടിത്തറ ഉണ്ടോ എന്നാണ്. നന്‍മ വിളമ്പുന്ന, ഊഷ്മള ബന്ധങ്ങളുടെ പച്ചപ്പുള്ള, നിലാവ് പോലെ സ്‌നേഹം നിറഞ്ഞുനില്‍ക്കുന്ന, സന്തോഷവും സംതൃപ്തിയും കൊണ്ട് സമ്പന്നമായ വീടുകളാണാവശ്യം. സ്‌നേഹത്തിന്റെ പാരിജാതങ്ങള്‍ വിരിയേണ്ട വീടുകളില്‍ അസഹിഷ്ണുതയുടെ കനല്‍ കോരിയിടുന്നത് വിനാശത്തിന്റെ വിത്ത് പാകലാണ് എന്നു നാം തിരിച്ചറിയണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."