സഹകരണബാങ്കുകള്‍ പിടിച്ചെടുക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സഹകരണബാങ്കുകള്‍ പിടിച്ചെടുക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സഹകരണമേഖലയുമായി ബന്ധപ്പെട്ട ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണ ബാങ്കുകളില്‍ കള്ളപ്പണം സൂക്ഷിച്ചിട്ടുണ്ടെങ്കില്‍ ആര്‍ക്കും പരിശോധിക്കാം. എന്നാല്‍, റിസര്‍വ് ബാങ്കിന്റെ പൂര്‍ണ നിയന്ത്രണത്തില്‍ വരണമെന്ന് പറയുന്നത് ജനായത്തരീതിക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു.
സഹകരണബാങ്കുകളിലെ നിക്ഷേപങ്ങള്‍ സുരക്ഷിതമാണ്. ഇത് ജനങ്ങളെ ബോധിപ്പിക്കാനായി ബാങ്കുകളിലെ ജീവനക്കാര്‍ ഗൃഹസന്ദര്‍ശനം നടത്തണമെന്നും അത് വഴി ജനങ്ങളിലുള്ള ആശങ്കകള്‍ പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാര്‍ ഗ്യാരണ്ടിയുണ്ടെന്നും ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ നബാര്‍ഡും സംസ്ഥാന ബാങ്കുകളും സഹായിക്കണം. ബാങ്കുകളിലെ പണമില്ലാത്ത പ്രതിസന്ധി പരിഹരിക്കാന്‍ മിറര്‍ അക്കൗണ്ട് വഴി ശ്രമിക്കാം. പ്രാഥമിക ബാങ്കുകളില്‍ അക്കൗണ്ടുള്ളവര്‍ ജില്ലാ ബാങ്കുകളിലും അക്കൗണ്ട് തുടങ്ങിയാല്‍ അതില്‍ നിന്ന് പിന്‍വലിക്കാവുന്ന രീതിയാണിത്.
സംസ്ഥാനത്തുള്ള പ്രാഥമിക-ജില്ലാ-സംസ്ഥാന ബാങ്കുകളെ കോര്‍ ബാങ്കിങ് സംവിധാനത്തിലേക്ക് കൊണ്ടുവന്നാല്‍ പ്രവര്‍ത്തനം സുതാര്യമാകും. ഇതിനായി ബാങ്കുകളിലെ സോഫ്റ്റ്വെയര് ഏകീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് മാര്‍ച്ച് മാസത്തിനുള്ളില്‍ തന്നെ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."