അണക്കെട്ടുകളിലെ ജലനിരപ്പ് താഴ്ന്നു
ഒലവക്കോട്: തുലാവര്‍ഷവും കൂടി ചതിച്ചതോടെ ജില്ലയിലെ അണക്കെട്ടുകളിലെ ജലനിരപ്പ് താഴ്ന്നു. ചിറ്റൂര്‍ താലൂക്കില്‍ വെള്ളമില്ലാത്തതിനാല്‍ ഇത്തവണ രണ്ടാംവിളയില്ല. മലമ്പുഴയില്‍നിന്ന് കുറച്ചു ദിവസത്തേക്ക് മാത്രമുള്ള വെള്ളം മാത്രമാണ് തുറന്നുവിടുക. ഇത് ഈ ഡാമിനെ ആശ്രയിച്ച് കൃഷിയിറക്കിയ കര്‍ഷകരും പ്രതിസന്ധിയിലായിരിക്കുകയാണ്. വായ്പ എടുത്തും കടം വാങ്ങിയും കൃഷിയിറക്കിയ കര്‍ഷകര്‍ക്കാകട്ടെ ഒന്നാംവിള പോലും നേരാംവണ്ണം ലഭിക്കാത്തതിനാല്‍ കടം തിരിച്ചടയ്ക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ്. ഈ അവസ്ഥയില്‍ രണ്ടാംവിളയും കിട്ടാതായാല്‍ കര്‍ഷകജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാകുമെന്നുറപ്പാണ്.
മലമ്പുഴ ഡാമില്‍ നിന്ന് ഡിസംബര്‍ അഞ്ചു മുതല്‍ ജലവിതരണം ആരംഭിക്കുമെങ്കിലും 27 ദിവസത്തേക്ക് വിതരണം ചെയ്യാനുള്ള വെള്ളം മാത്രമാണുള്ളത്. സാധാരണ നിലയില്‍ 70 മുതല്‍ 90 ദിവസത്തേക്ക് വെള്ളം തുറന്നു വിടുന്ന മലമ്പുഴ ഡാമില്‍ ഇത്തവണ 70 ദിവസത്തേക്കെങ്കിലും വെള്ളം തുറന്നുവിടുമെന്നാണ് കര്‍ഷകര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ തുലാവര്‍ഷം കാര്യമായി ലഭിക്കാത്തതിനാല്‍ മലമ്പുഴ അണക്കെട്ട് വറ്റിവരണ്ട നിലയിലാണ്. ജലസേചനം നടത്തുന്ന പ്രദേശത്ത് 75 ശതമാനം കൃഷിയിറക്കിയവരാകട്ടെ ഉണക്കമില്ലാതെ ഇത് രക്ഷിച്ചെടുക്കുക ഏറെ ശ്രമകരമാണ്.
കഴിഞ്ഞ 12 വര്‍ഷത്തിലെ ഏറ്റവും രൂക്ഷമായ വരള്‍ച്ചയാണ് ഇത്തവണ പാലക്കാട് അഭിമുഖീകരിക്കാനിരിക്കുന്നത്. പോത്തുണ്ടി ഡാമില്‍നിന്ന് 41 ദിവസത്തേക്കും മംഗലം ഡാമില്‍ നിന്ന് 64 ദിവസത്തേക്കും മാത്രമേ ഇത്തവണ ജലം വിതരണം ചെയ്യാനാകൂ. വാളയാര്‍ മേഖലയില്‍ രണ്ടാംവിള കൃഷിക്ക് ജലസേചനം നടത്താനാകില്ല. ജലക്ഷാമം മൂലം രണ്ടാം വിള കൃഷിയിറക്കാന്‍ കഴിയാത്ത കര്‍ഷകര്‍ക്ക് ആനുകൂല്യം വിതരണം ചെയ്യാനും കൃഷിക്കാരുടെ കടം എഴുതിത്തള്ളാനും സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യാന്‍ ഉപദേശക സമിതി തീരുമാനിച്ചതാണ് ഇത്തവണ കര്‍ഷകര്‍ക്കുള്ള ഏക ആശ്വാസം.ചിറ്റൂര്‍ ജലസേചന പദ്ധതികള്‍ക്ക് കീഴില്‍ വരുന്ന മീങ്കര, ചുള്ളിയാര്‍, മൂലത്തറ ഡാമുകളെ പ്രതീക്ഷിച്ച് ഇത്തവണ രണ്ടാംവിള കൃഷിയിറക്കാന്‍ കഴിയില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. മൂലത്തറ, മീങ്കര, ചുള്ളിയാര്‍ ഡാമുകളുടെ പരിധിയില്‍ 50,000 ഏക്കറിലധികം നെല്‍കൃഷിയുണ്ട്. ജില്ലയില്‍ തന്നെ ഏറ്റവുമധികം നെല്‍ക്കൃഷിയുള്ളതും ഇവിടെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."