മധുരംപിള്ളി നടപ്പാലം ശോചനീയാവസ്ഥയില്‍
ചെന്ത്രാപ്പിന്നി: എടത്തിരുത്തി-കാട്ടൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കനോലി കനാലിന് കുറുകെയുള്ള മധുരംപിള്ളി നടപ്പാലം ശോച്യാവസ്ഥയില്‍. കാല്‍നൂറ്റാണ്ട് പഴക്കമുള്ള നടപ്പാലത്തിന്റെ കൈവരികള്‍ തകര്‍ന്നും കാലുകള്‍ ദ്രവിച്ചും അപകടാവസ്ഥയിലാണ്. 1989 ല്‍ നാട്ടുകാര്‍ നിര്‍മിച്ച മരപ്പാലമാണ് പിന്നീട് കോണ്‍ക്രീറ്റ് പാലമായി മാറിയത്.
കനാലിനു കിഴക്കു താമസിച്ചിരുന്ന മിക്കവര്‍ക്കും കനാലിനു പടിഞ്ഞാറു ഭാഗത്ത് കൃഷി ഭൂമികള്‍ ഉണ്ടായിരുന്നു. കനാലിന് ഇരുവശത്തേക്കും ജോലിക്കാര്‍ക്കും മറ്റും വരാനും പോകാനുമുള്ള സൗകര്യം പരിഗണിച്ചാണ് പാലം നിര്‍മിച്ചത്. നാല് വര്‍ഷത്തിനു ശേഷം പഞ്ചായത്തുകളില്‍ നിന്നും ചെറിയ തോതിലുള്ള സഹായവും നാട്ടുകാരുടെ സംഭാവനകളും ചേര്‍ത്താണ് കോണ്‍ക്രീറ്റ് പാലത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കുകയായിരുന്നു.
കാല്‍ ലക്ഷത്തിലധികം രൂപ മാത്രം ചെലവാക്കി നിര്‍മിച്ച പാലത്തില്‍ ഇന്ന് സൈക്കിള്‍ പോലും കടത്തുക പ്രയാസമാണ്.ഇരു പഞ്ചായത്തിലെയും നിരവധി കുടുംബങ്ങള്‍ക്ക് ആശ്രയമായ പാലത്തിന്റെ ഇരുവശത്തും രണ്ടു പഞ്ചായത്തുകളില്‍ നിന്നായി റോഡുകള്‍ വന്നു നില്‍ക്കുന്നുണ്ട്.
എടത്തിരുത്തിയിലുള്ളവര്‍ക്കും കയ്പമംഗലത്തുള്ളവര്‍ക്കും ഇരിങ്ങാലക്കുടയുമായി ബന്ധപ്പെടുവാനുള്ള എളുപ്പ വഴിയാണിത്. എടത്തിരുത്തി സെന്റ് ആന്‍സ് സ്‌കൂള്‍, ചെന്ത്രാപ്പിന്നി ഗവ.സ്‌കൂള്‍ എന്നിവടങ്ങളിലേക്കുള്ള വിദ്യാര്‍ഥികള്‍ക്കും കാട്ടൂര്‍ മാര്‍ക്കറ്റിലേക്ക് പോകുന്നവര്‍ക്കും പാലം വലിയ ആശ്വാസമാണ്.
അഞ്ഞൂറോളം കുടുംബങ്ങള്‍ക്ക് പാലം ഉപകരിക്കുമെന്നാണ് കണക്ക്കൂട്ടല്‍. നാട്ടുകാരുടെ മുറവിളി ശക്തമായതോടെ തോമസ് ഉണ്ണിയാടന്‍ ഇരിങ്ങാലക്കുട എം.എല്‍.എ ആയിരിക്കെ പാലം പുനര്‍നിര്‍മ്മിക്കുമെന്ന പ്രഖ്യാപനം ഉണ്ടായിരുന്നു.
ബജറ്റില്‍ ഇതിനെ കുറിച്ചുള്ള പരാമര്‍ശവും ഉണ്ടായി. എന്നാല്‍ തുടര്‍ നടപടികള്‍ ഒന്നും ആയില്ല. അതേസമയം, ദേശീയ ജലപാത വരുന്നതുമായി ബന്ധപ്പെട്ട് പാലത്തെ കുറിച്ചു പ്രതീക്ഷ വര്‍ധിച്ചിട്ടുണ്ട്. കാക്കാത്തിരുത്തി മുതല്‍ അഴിമാവ് കടവു വരെയുള്ള 9.5 കിലോമീറ്റര്‍ കനോലി കനാലിനു 16 മീറ്റര്‍വരെ മാത്രമാണ് വീതി.
ഇത് 40 മീറ്ററിലധികമാക്കുകയും കുറുകെയുള്ള പാലങ്ങള്‍ പുതുക്കിപ്പണിയുകയും ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ജലസേചന വകുപ്പ്. അങ്ങനെയെങ്കില്‍ ഇടയില്‍ വരുന്ന മധുരംപിള്ളി പാലത്തിനും ശാപമോക്ഷമാകും എന്നാണ് പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."