കിരാലൂര്‍ പരശുരാമ മെമ്മോറിയല്‍ എല്‍.പി സ്‌കൂളില്‍ പഠനം ആരംഭിച്ചു
എരുമപ്പെട്ടി: മാനേജ്‌മെന്റ് അടച്ച് പൂട്ടിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത കിരാലൂര്‍ പരശുരാമ മെമ്മോറിയല്‍ എല്‍.പി.സ്‌കൂളില്‍ വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ച് പഠനം ആരംഭിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ കെ.സുമതി, ഡെപ്പ്യൂട്ടി തഹയില്‍ദാര്‍ ഗംഗാധരന്‍, വടക്കാഞ്ചേരി എ. ഇ . ഒ സിദ്ധീഖ് എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് കുട്ടികളെ സ്‌കൂളില്‍ പ്രവേശിപ്പിച്ചത്. ഈ അധ്യയന വര്‍ഷത്തില്‍ കോടതി വിധി സംമ്പാദിച്ച് മാനേജ്‌മെന്റ് അടച്ച് പൂട്ടിയ സംസ്ഥാനത്തെ നാല് സകൂളില്‍ ഒന്നാണ് കിരാലൂര്‍ പി.എം. എല്‍.പി.സ്‌കൂള്‍. നഷ്ടത്തിന്റെ കണക്ക് പറഞ്ഞ് 2011 മുതല്‍ മാനേജര്‍ സ്‌കൂള്‍ അടച്ച് പൂട്ടാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും നാട്ടുകാര്‍ സംരക്ഷണ സമിതി രൂപീകരിച്ച് സകൂള്‍ സംരക്ഷിച്ച് വരുകയാണ്. എന്നാല്‍ കഴിഞ്ഞ ജൂണ്‍ 10 ന് കോടതിയുടെ കര്‍ശന ഉത്തരവിനെ തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പ് സകൂള്‍ ബലമായി അടച്ച് പൂട്ടി സീല്‍ ചെയതു. ഇതിന് ശേഷം വേലൂര്‍ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള വ്യവയായ കേന്ദ്രത്തിലാണ് സ്‌കൂള്‍ പ്രവര്‍ത്തിച്ച് വന്നിരുന്നത്. അടച്ച് പൂട്ടിയ സ്‌കൂളുകള്‍ ഏറ്റെടുക്കുന്നതിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയും കഴിഞ്ഞ 23-ാം തിയ്യതി അനുകൂലമായി വിധി വന്നതിനെ തുടര്‍ന്ന് സ്‌കൂള്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു.
ഇതിനെ തുടര്‍ന്നാണ് കുട്ടികളെ വീണ്ടും സ്‌കൂളില്‍ പ്രവേശിപ്പിച്ചത്. മാനേജ്‌മെന്റ് സ്‌കൂളായിരുന്ന കിരാലൂര്‍ പി.എം. എല്‍.പി. സ്‌കൂള്‍ ഇനിമുതല്‍ സര്‍ക്കാര്‍ സ്‌കൂളായി പ്രവര്‍ത്തിക്കുമെന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ കെ.സുമതി അറിയിച്ചു. വേലൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുള്‍ റഷീദ്, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ സ്വപ്ന രാമചന്ദ്രന്‍, സംരക്ഷണ സമിതി കണ്‍വീനര്‍ പി.കെ.ഹരികൃഷ്ണന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് വിദ്യാര്‍ഥികളെ സ്‌കൂളില്‍ പ്രവേശിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."