അനുഭവങ്ങളുടെ കരുത്തില്‍ ഭരണതലപ്പത്തേക്ക്
ചോരച്ചാലുകള്‍ നീന്തിക്കയറിയ ജനായകന്റെ കൈക്കരുത്തില്‍ ഇനി സംസ്ഥാന ഭരണം. ചെത്തുതൊഴിലാളിയായ മുണ്ടയില്‍ കോരന്റെയും കല്യാണിയുടെയും മകനായി 1944 മാര്‍ച്ച് 21നാണ് പിണറായി വിജയന്റെ ജനനം.
ബാല്യകൗമാരം പൂര്‍ണമായും ദാരിദ്ര്യം നിറഞ്ഞതായിരുന്നു. പിണറായി യു.പി സ്‌കൂളിലും പെരളശ്ശേരി ഹൈസ്‌കൂളിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ഒരു വര്‍ഷം നെയ്ത്ത് തൊഴിലാളിയായി ജോലി ചെയ്തു.
പിന്നീട് തലശ്ശേരി ഗവ. ബ്രണ്ണന്‍കോളജില്‍ പ്രീ ഡിഗ്രി, ബിരുദ പഠനം. ഈ കാലയളവിലാണ് പിണറായി വിജയന്‍ എന്ന വിദ്യാര്‍ഥി നേതാവിന്റെ ഉദയം. നിരവധി സമരപോരാട്ടങ്ങളില്‍ കേരള സ്റ്റുഡന്റ്‌സ് ഫെഡറേഷനെ നയിച്ചു. കെ.എസ്.എഫ് സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി കെ.എസ്.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
1968ല്‍ മാവിലായില്‍ ചേര്‍ന്ന കണ്ണൂര്‍ ജില്ലാ പ്ലിനത്തില്‍ സി.പി.എം ജില്ലാ കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1972ല്‍ ജില്ലാ സെക്രട്ടറിയറ്റ് അംഗവും 1978ല്‍ സംസ്ഥാന കമ്മിറ്റി അംഗവുമായി. 1970ലും 77ലും 1991ലും 96ലും കൂത്തുപറമ്പില്‍നിന്നും നിയമസഭാംഗമായി.
1971ല്‍ തലശ്ശേരിയില്‍ ആര്‍.എസ്.എസുകാര്‍ വര്‍ഗീയ കലാപമഴിച്ചുവിട്ടപ്പോള്‍ ധീരമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് പിണറായി ആയിരുന്നു. 1996ല്‍ പയ്യന്നൂരില്‍ നിന്നു വീണ്ടും നിയമസഭയിലെത്തിയ പിണറായി, സഹകരണ, വൈദ്യുതി മന്ത്രിയായി.
രണ്ടു വര്‍ഷത്തില്‍ താഴെ മാത്രമേ ആ സ്ഥാനത്തിരുന്നുള്ളൂ. 1998 സെപ്തംബറില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ചടയന്‍ ഗോവിന്ദന്റെ നിര്യാണത്തെ തുടര്‍ന്ന് പിണറായിയെ സെക്രട്ടറിയായി തെരഞ്ഞെടുത്തു.
വൈദ്യുതിമന്ത്രി സ്ഥാനം രാജിവച്ചാണ് പാര്‍ട്ടി സെക്രട്ടറിയായി സ്ഥാനമേറ്റത്. 2002 ഫെബ്രുവരിയില്‍ കണ്ണൂരില്‍ ചേര്‍ന്ന 17ാം സംസ്ഥാന സമ്മേളനത്തിലും 2005 ഫെബ്രുവരിയില്‍ മലപ്പുറം സംസ്ഥാനസമ്മേളനത്തിലും വീണ്ടും സെക്രട്ടറിയായി.
കോട്ടയത്ത് 2008ല്‍ ചേര്‍ന്ന സംസ്ഥാന സമ്മേളനം വീണ്ടും അദ്ദേഹത്തെ സാരഥ്യമേല്‍പിച്ചു. പിന്നീട് 2012 ല്‍ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.2015 ലെ ആലപ്പുഴ സംസ്ഥാന സമ്മേളനത്തിലാണ് സെക്രട്ടറിസ്ഥാനം ഒഴിഞ്ഞത്.
അഞ്ചര പതിറ്റാണ്ടിലേറെ നീണ്ട പൊതുജീവിതത്തിനിടയില്‍ എതിരാളികള്‍ പലവട്ടമാണ് പിണറായിയുടെ ജീവന്‍ അപഹരിക്കാന്‍ ശ്രമിച്ചത്. ഇതിനെയെല്ലാം അതീജീവിച്ചാണ് ഈ കരുത്തിന്റെ ആള്‍രൂപം ഇനി നാടിനെ ഭരിക്കുന്നത്.
ഭാര്യ: കമല. മക്കള്‍: വിവേക് കിരണ്‍, വീണ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."