മാവോയിസ്റ്റ് ഭീഷണി: മൂലമറ്റം പവര്‍ ഹൗസിനും അഞ്ച് പൊലിസ് സ്റ്റേഷനുകള്‍ക്കും സുരക്ഷ ശക്തമാക്കും
തൊടുപുഴ: ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ മൂലമറ്റം ഭൂഗര്‍ഭ പവര്‍ ഹൗസിനും അഞ്ച് പൊലിസ് സ്റ്റേഷനുകള്‍ക്കും സുരക്ഷ ശക്തമാക്കാന്‍ ഇന്റലിജന്‍സ് നിര്‍ദ്ദേശം. മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന മൂലമറ്റം പവര്‍ ഹൗസിനും ഇടുക്കിയിലെ അഞ്ചു പൊലിസ് സ്റ്റേഷനുകള്‍ക്കും സുരക്ഷ ശക്തമാക്കാനാണ് ഇന്റലിജന്‍സ് എ.ഡി.ജി.പി ആര്‍. ശ്രീലേഖ ഇടുക്കി ജില്ലാ പൊലിസ് മേധാവി എ.വി. ജോര്‍ജിനു നിര്‍ദേശം നല്‍കിയത്. സുരക്ഷ കര്‍ശനമാക്കാന്‍ കൂടുതല്‍ പൊലിസ് സേനയെ വിന്യസിക്കാനും നിര്‍ദേശമുണ്ട്. കഞ്ഞിക്കുഴി, രാജാക്കാട്, കുളമാവ്, മറയൂര്‍, ദേവികുളം പൊലിസ് സ്‌റ്റേഷനുകള്‍ക്കാണു ഭീഷണി നിലനില്‍ക്കുന്നത്. മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കെ ഇടുക്കി പദ്ധതിക്കു കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തണമെന്നു കേന്ദ്ര ഐ. ബിയുടെ നിര്‍ദേശവും നിലനില്‍ക്കുന്നുണ്ട്.
എന്നാല്‍ മൂലമറ്റം പവര്‍ഹൗസില്‍ ഭാഗികമായി നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുന്നതില്‍ മാത്രം ഐ.ബി നിര്‍ദേശങ്ങള്‍ വൈദ്യുതി ബോര്‍ഡ് ഒതുക്കിയിരിക്കുകയായിരുന്നു. ബട്ടര്‍ഫ്‌ളൈ വാല്‍വുകള്‍ പോലുള്ള തന്ത്രപ്രധാന മേഖലകളില്‍ അര്‍ധ സൈനിക വിഭാഗത്തെയോ പൊലിസിനെയോ നിയോഗിക്കുക, കണ്‍ട്രോള്‍ റൂമിനെ പ്രധാന കവാടത്തിലെ ചെക്ക്്‌പോസ്റ്റുമായും ജനറേഷന്‍ സര്‍ക്കിള്‍ ഓഫിസുമായി ബന്ധിപ്പിച്ചു വയര്‍ലെസ് ഫോണുകള്‍ ഘടിപ്പിക്കുക, പവര്‍ഹൗസിനു തൊട്ടുമുന്നിലെ പൊലിസ് ചെക്ക് പോസ്റ്റ് അവിടെ നിന്നും മാറ്റി സ്വിച്ച്‌യാഡിലേക്കു തിരിയുന്ന ഭാഗത്താക്കുക, മെഗാഫോണുകള്‍ ഏര്‍പ്പെടുത്തുക, ബട്ടര്‍ഫ്‌ളൈ വാല്‍വില്‍ സ്ഥിരം ഓപ്പറേറ്ററെ നിയോഗിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ നേരത്തെ പുറപ്പെടുവിച്ചിരുന്നെങ്കിലും നടപ്പാക്കിയിട്ടില്ല. ഇന്റലിജന്‍സ് ബ്യൂറോ ഹെഡ് ക്വാര്‍ട്ടേഴ്‌സ് അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം 2010 ജൂണില്‍ ഇടുക്കി, ചെറുതോണി, കുളമാവ് ഡാമുകളും, പവര്‍ഹൗസ്, ബട്ടര്‍ഫ്‌ളൈ വാല്‍വ്, സര്‍ജ് കേന്ദ്രങ്ങളും സന്ദര്‍ശിച്ച ശേഷമാണ് സുപ്രധാന നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചത്.
കഞ്ഞിക്കുഴി, കുളമാവ്, ദേവികുളം, രാജാക്കാട്, കാളിയാര്‍ പൊലിസ് സ്‌റ്റേഷനുകളുടെ അധികാര പരിധിയില്‍ വനമേഖലകള്‍ കൂടുതലുള്ളതിനാല്‍ മാവോയിസ്റ്റ് തീവ്രവാദികള്‍ കടന്നുകയറാന്‍ സാധ്യതയുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. കഞ്ഞിക്കുഴി പൊലിസ് സ്‌റ്റേഷന്‍ പരിധിയില്‍ തീവ്രവാദ സ്വഭാവമുള്ള സംഘടനയുടെ പ്രവര്‍ത്തനം വ്യാപകമാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. രൂപേഷിന്റെ കൈയെഴുത്തു പ്രതികളിലും ലഘുലേഖകളിലും ഇടുക്കി ജില്ലയിലെ മാങ്കുളം മേഖലയെക്കുറിച്ചു പ്രത്യേകം പരാമര്‍ശമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."