കൂച്ച് ബിഹാര്‍ ട്രോഫി: കേരളത്തിന് ഇന്നിങ്‌സ് വിജയം
ആലപ്പുഴ: കൂച്ച് ബിഹാര്‍ ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനു തകര്‍പ്പന്‍ ജയം. റെയില്‍വേസിനെതിരേ ഇന്നിങ്‌സിനും 33 റണ്‍സിനുമാണ് കേരളം വിജയം സ്വന്തമാക്കിയത്.
ആദ്യ ഇന്നിങ്‌സില്‍ റെയില്‍വേസ് 235 റണ്‍സില്‍ പുറത്തായപ്പോള്‍ കേരളം ഒന്നാം ഇന്നിങ്‌സില്‍ 378 റണ്‍സടിച്ച് 143 റണ്‍സിന്റെ ലീഡ് സ്വന്തമാക്കി. രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ റെയില്‍വേസിന്റെ പോരാട്ടം 110 റണ്‍സില്‍ അവസാനിപ്പിച്ചാണ് കേരളം ഉജ്ജ്വല വിജയം സ്വന്തമാക്കിയത്.
കേരള നായകന്‍ സിജോമോന്‍ ജോസഫ് അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തി റെയില്‍വേസിന്റെ തകര്‍ച്ചക്ക് നേതൃത്വം നല്‍കി. ഫനൂസ് മൂന്നു വിക്കറ്റുകളും ഡാരിയല്‍ ഫെരാരിയോ, അതുല്‍ രവീന്ദ്രന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. 49 റണ്‍സെടുത്ത ധീരു സിങും 26 റണ്‍സെടുത്ത മീനയും മാത്രമാണ് റെയില്‍വേസിന്റെ നിരയില്‍ തിളങ്ങിയത്. ഇരുവരും മാത്രമാണ് രണ്ടാമിന്നിങ്‌സില്‍ രണ്ടക്കം കടന്ന ബാറ്റ്‌സ്മാന്‍മാരും.
നേരത്തെ 172 റണ്‍സെടുത്തു പുറത്താകാതെ നിന്ന ഡാരിയല്‍ ഫെരാരിയോയുടെ കിടയറ്റ സെഞ്ച്വറിയുടെ ബലത്തിലാണ് കേരളം 378 റണ്‍സടിച്ചത്. ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 324 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം തുടങ്ങിയ കേരളത്തിനായി അവസാന ബാറ്റ്‌സ്മാനായി ഇറങ്ങിയ വിവേക് കെ.എസ് നേടിയ 28 റണ്‍സ് സ്‌കോര്‍ 350 കടക്കാന്‍ സഹായിച്ചു.
23 ഫോറുകളും മൂന്നു സിക്‌സുകളും പറത്തിയാണ് ഡാരിയല്‍ ശതകം കുറിച്ചത്. ആദ്യ ഇന്നിങ്‌സില്‍ നാലു വിക്കറ്റുകളും രണ്ടാമിന്നിങ്‌സില്‍ ഒരു വിക്കറ്റുമടക്കം അഞ്ചു വിക്കറ്റുകളും കൊയ്ത് ഡാരിയല്‍ ഓള്‍റൗണ്ട് പ്രകടനം പുറത്തെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."