മദ്രാസ് ഐ.ഐ.ടിയില്‍ സോഷ്യല്‍ സയന്‍സ്, ഹ്യൂമാനിറ്റീസ് പ്രവേശനപരീക്ഷ ഏപ്രില്‍ 16ന്
സമര്‍ഥരായ പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി) മദ്രാസ് നടത്തുന്ന പഞ്ചവത്സര സംയോജിത മാസ്റ്റര്‍ ഓഫ് ആര്‍ട്‌സ് (എം.എ) പ്രോഗ്രാമിലേക്കുള്ള ഹ്യൂമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സ് എന്‍ട്രന്‍സ് പരീക്ഷ (എച്ച്.എസ്.ഇ.ഇ 2017) ഏപ്രില്‍ 16ന് നടക്കും. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ ദേശീയതലത്തിലാണ് പരീക്ഷ നടക്കുന്നത്.
പരീക്ഷയ്ക്കു 2016 ഡിസംബര്‍ 17 മുതല്‍ ജനുവരി 27വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അഞ്ചുവര്‍ഷത്തെ റെഗുലര്‍ ഇന്റഗ്രേറ്റഡ് എം.എ പ്രോഗ്രാമില്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ്, ഇംഗ്ലീഷ് സ്റ്റഡീസ് എന്നിങ്ങനെ രണ്ടു സീറ്റുകളിലാണ് പഠനാവസരം.
ആര്‍ട്‌സ് ആന്‍ഡ് ഹ്യൂമാനിറ്റീസ് വിഷയങ്ങളില്‍ അതീവ തല്‍പരരായ വിദ്യാര്‍ഥികള്‍ക്കായാണ് കോഴ്‌സുകള്‍ നടത്തുന്നത്. ഓരോ സ്ട്രീമിലും 23 സീറ്റുകള്‍ വീതം ആകെ 46 പേര്‍ക്കാണ് പ്രവേശനം.
2016ല്‍ ആദ്യതവണ പ്ലസ്ടു, തുല്യ ബോര്‍ഡ് പരീക്ഷയെഴുയി മൊത്തം 60 ശതമാനം മാര്‍ക്കില്‍ അല്ലെങ്കില്‍ തത്തുല്യ ഗ്രേഡില്‍ കുറയാതെ നേടി വിജയിച്ചവര്‍ക്കും 2017ല്‍ യോഗ്യതാ പരീക്ഷയെഴുതുന്നവര്‍ക്കുമാണ് പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്നത്. പട്ടികജാതി, പട്ടികവര്‍ഗം, ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗങ്ങളില്‍പെടുന്നവര്‍ക്ക് യോഗ്യതാ പരീക്ഷയില്‍ 55 ശതമാനം മാര്‍ക്ക് മതിയാകും.
അപേക്ഷകര്‍ 1992 ഒക്ടോബര്‍ ഒന്നിനോ അതിനുശേഷമോ ജനിച്ചവരാകണം. പട്ടികജാതി, പട്ടികവര്‍ഗം, ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗങ്ങളില്‍പെടുന്നവര്‍ക്ക് പ്രായപരിധിയില്‍ അഞ്ച് വര്‍ഷത്തെ ഇളവുമുണ്ട്. ഫിസിക്കല്‍ ഫിറ്റ്‌നസ് ഉണ്ടായിരിക്കണം.
പരീക്ഷാഫീസ് 2,200 രൂപയാണ്. എന്നാല്‍, വനിതാ അപേക്ഷകര്‍ക്കും പട്ടികജാതി, പട്ടികവര്‍ഗം, ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗങ്ങളില്‍പെടുന്നവര്‍ക്കും 1,100 രൂപ മതി. അപേക്ഷ നിര്‍ദേശാനുസരണം http:hsee.iitm.ac.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്കു വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."