കസ്റ്റഡിയിലെ പീഡനം: അധ്യാപകന് ഒരുലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്
കൊച്ചി: നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്തു പീഡിപ്പിച്ചെന്ന പരാതിയില്‍ റിട്ടേര്‍ഡ് അധ്യാപകന് ഒരു ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരമായി രണ്ടു മാസത്തിനുള്ളില്‍ നല്‍കണമെന്ന് ഹൈക്കോടതിഉത്തരവിട്ടു.
കേസില്‍ കുറ്റക്കാരനായ വടകര സി.ഐ പി.എം മനോജിന്റെ ശമ്പളത്തില്‍ നിന്ന് ആറുമാസം കൊണ്ട് ഈ തുക സര്‍ക്കാര്‍ ഈടാക്കണമെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖിന്റെ ഉത്തരവില്‍ പറയുന്നു.കോഴിക്കോട് വില്യാപ്പള്ളി കുനിയില്‍ വീട്ടില്‍ ഒ. പ്രഭാകരന്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്.
എഴുപതു വയസുള്ള റിട്ടേര്‍ഡ് അധ്യാപകനായ ഹര്‍ജിക്കാരനെ 2012 മേയ് ഒമ്പതിന് വടകര എസ്.ഐയായിരിക്കെ മനോജ് പൊതുസ്ഥലത്തു വച്ച് പുക വലിച്ചതിനു പിടികൂടി. ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചു വലിച്ചിഴച്ചുവെന്നും പൊതുജനമധ്യത്തില്‍ അസഭ്യം പറഞ്ഞെന്നും ഹര്‍ജിക്കാരന്‍ പറയുന്നു.
സംഭവത്തെത്തുടര്‍ന്ന് പ്രഭാകരന്‍ നല്‍കിയ പരാതിയില്‍ മനോജിന്റെ ഒരു ഇന്‍ക്രിമെന്റ് റദ്ദാക്കിക്കൊണ്ട് വകുപ്പു തല അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു.
ഈ ശിക്ഷ പര്യാപ്തമല്ലെന്നും നഷ്ടപരിഹാരമായി തനിക്ക് പത്തു ലക്ഷം രൂപ അനുവദിക്കണമെന്നും വ്യക്തമാക്കിയാണ് പ്രഭാകരന്‍ ഹൈക്കോടതിയിലെത്തിയത്.
അച്ചടക്ക നടപടിയെന്ന ശിക്ഷയില്‍ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയ സിംഗിള്‍ബെഞ്ച് ഒരു ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ ഉത്തരവിടുകയായിരുന്നു.
ഹര്‍ജിക്കാരന് നഷ്ടപരിഹാരത്തുക കൂടുതല്‍ ലഭിക്കാന്‍ സിവില്‍ കോടതിയെ സമീപിക്കാമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."