വി.എസിന്റെ ഭാവിനീക്കങ്ങള്‍ സി.പി.എമ്മിനു തലവേദനയാകും
തിരുവനന്തപുരം: മുഖ്യമന്ത്രിസ്ഥാനം നിഷേധിക്കപ്പെട്ട വി.എസ് അച്യുതാനന്ദനെ ഫിദല്‍ കാസ്‌ട്രോയുമായി താരതമ്യപ്പെടുത്തി വാഴ്ത്തുമ്പോഴും അദ്ദേഹത്തിന്റെ ഭാവി നീക്കങ്ങളെക്കുറിച്ചുള്ള ആശങ്ക വിട്ടൊഴിയാതെ സി.പി.എം നേതൃത്വം. പാര്‍ട്ടിയുടെ തീരുമാനങ്ങളെല്ലാം അംഗീകരിച്ച് ഇനിയും അദ്ദേഹം അടങ്ങിയിരിക്കുമെന്ന് ആരും കരുതുന്നില്ല. മറ്റെന്തെങ്കിലും സ്ഥാനം നല്‍കി അദ്ദേഹത്തെ തൃപ്തിപ്പെടുത്താമെന്ന നിര്‍ദേശം പാര്‍ട്ടിക്കു മുന്നിലുണ്ടെങ്കിലും അതു പ്രായോഗികമാണെന്ന വിശ്വാസം നേതൃത്വത്തിനില്ല.
വെറുമൊരു എം.എല്‍.എയായി വി.എസ് നിയമസഭയിലിരിക്കുമെന്ന് നേതൃത്വം പൂര്‍ണമായി വിശ്വസിക്കുന്നില്ല. അങ്ങനെ ഇരുന്നാല്‍ തന്നെ അത് പാര്‍ട്ടിക്കു രാഷ്ട്രീയമായി ഒട്ടും സുഖകരമാകുകയുമില്ല. കാബിനറ്റ് റാങ്കോടെ എല്‍.ഡി.എഫ് ചെയര്‍മാന്‍ എന്നൊരു പദവി സൃഷ്ടിച്ചു വി.എസിനു നല്‍കാമെന്ന നിര്‍ദേശം നേതൃത്വത്തിനു മുന്നില്‍ ചിലര്‍ വച്ചിട്ടുണ്ട്.
എന്നാല്‍ അതുകൊണ്ട് വി.എസ് തൃപ്തിപ്പെടുമെന്ന് നേതൃത്വം വിശ്വസിക്കുന്നില്ല. താന്‍ തഴയപ്പെട്ടെന്ന വികാരവുമായി കഴിയുന്ന വി.എസിന്റെ ഓരോ വാക്കും പാര്‍ട്ടിക്കും സംസ്ഥാന സര്‍ക്കാരിനുമെതിരായ അസ്ത്രങ്ങളായി മാറുമെന്നു കരുതുന്ന നേതാക്കള്‍ ഏറെയാണ്.
സംഘടനാ നടപടിയെന്ന ഭീഷണി ഉയര്‍ത്തി വി.എസിനെ അതില്‍ നിന്നു തടയുക ഇനി എളുപ്പമാവില്ല. മുഖ്യമന്ത്രി പദവിയിലേക്കു പരിഗണിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് കഴിഞ്ഞ കുറേ നാളുകളായി വി.എസ് അച്ചടക്കം പാലിച്ചതെന്ന് എല്ലാവര്‍ക്കുമറിയാം. ആ പ്രതീക്ഷ നഷ്ടപ്പെട്ട അദ്ദേഹം ഇനി അങ്ങനെ ചെയ്തുകൊള്ളണമെന്നില്ല.
പുതിയ സര്‍ക്കാരിനു സംഭവിച്ചേക്കാവുന്ന ഓരോ വീഴ്ചകളിലും അഭിപ്രായം തേടി മാധ്യമങ്ങള്‍ വി.എസിനെ സമീപിച്ചേക്കുമെന്നുറപ്പാണ്. പുതിയ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ പ്രതികരണങ്ങള്‍ സര്‍ക്കാരിനു വിനയായി മാറാനുള്ള സാധ്യത ഏറെയാണ്.
ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന ലാവ്‌ലിന്‍ കേസില്‍ പുതിയ ചലനങ്ങളുണ്ടായാല്‍ വി.എസ് അതിനെ പിന്തുടര്‍ന്നേക്കുമോ എന്ന ആശങ്ക നേതാക്കളിലുണ്ട്. ടി.പി ചന്ദ്രശേഖരന്‍ വധത്തിനു പിന്നിലെ ഗൂഢാലോചന സി.ബി.ഐ ഏറ്റെടുക്കണമെന്ന ആവശ്യം ഇപ്പോഴും നടപ്പായിട്ടില്ല. ഈ ആവശ്യം ഇനിയും ശക്തമായി ഉയര്‍ന്നാല്‍ അതു വി.എസ് ആയുധമാക്കിയേക്കാനുമിടയുണ്ട്.
വി.എസ് ഇന്നു മാധ്യമങ്ങളെ കാണാന്‍ തീരുമാനിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ പിന്തുണ നല്‍കിയവര്‍ക്കും മാധ്യമങ്ങള്‍ക്കുമൊക്കെ നന്ദി പറയുക മാത്രമാണ് ഇതിന്റ ലക്ഷ്യമെന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നത്.
എന്നാല്‍ ഈ വാര്‍ത്താസമ്മേളനം അതില്‍ മാത്രം ഒതുങ്ങാനിടയില്ലെന്നു കരുതുന്നവര്‍ ഏറെയാണ്.
അതിനപ്പുറം എന്തെങ്കിലും പരാമര്‍ശങ്ങള്‍ നടത്തിയാല്‍ അതിനു പലതരം വ്യാഖ്യാനങ്ങളുണ്ടാവാനിടയുണ്ടെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."