ഹുബ്ബുര്‍റസൂല്‍, ഹുബ്ബുല്‍വത്വന്‍
വിശ്വാസി പരിസരം പ്രാധാന്യമര്‍ഹിക്കുന്നതാണ് പ്രവാചക സ്‌നേഹം. സത്യവിശ്വാസത്തിന്റെ ശക്തമായ അടിത്തറകളിലൊന്ന് പ്രവാചകരെ കളങ്കരഹിതമായി ഇഷ്ടപ്പെടലാണ്. മുഹമ്മദ് നബി(സ്വ)യെ സകല സൃഷ്ടികളിലും വച്ച് അത്യുത്തമനായാണ് അല്ലാഹു സൃഷ്ടിച്ചത്. സകല ലോകങ്ങളിലും പ്രസിദ്ധനാക്കി; സകല കാലങ്ങളിലും പ്രകീര്‍ത്തിക്കപ്പെട്ടവരുമാക്കി. വിശുദ്ധ ഖുര്‍ആന്‍ 57:21ല്‍ അല്ലാഹു മുഹമ്മദ് നബി(സ്വ)ക്ക് അല്ലാതെ മറ്റാര്‍ക്കും നല്‍കിയിട്ടില്ലാത്ത പ്രകീര്‍ത്തനവും അംഗീകാരവും വ്യക്തമാക്കുന്നു. 'അത് അല്ലാഹുവിന്റെ അനുഗ്രഹമത്രെ! അല്ലാഹു ഉദ്ദേശിക്കുന്നവര്‍ക്ക് അവനത് നല്‍കുന്നു. അല്ലാഹു മഹത്തായ അനുഗ്രഹം ഉള്ളവനാകുന്നു.'
നബി(സ്വ)യുടെ അത്യുന്നത പദവി അംഗീകരിക്കുക എന്നതാണ് ഇസ്‌ലാമിക വിശ്വാസത്തിന്റെ കാതല്‍. '(അല്ലാഹുവിന്റെ) ദൂതരെ ആര് അനുസരിക്കുന്നുവോ തീര്‍ച്ചയായും അവന്‍ അല്ലാഹുവിനെ അനുസരിച്ചു.' (വിശുദ്ധ ഖുര്‍ആന്‍: 4:80) നബി(സ്വ)യെ അനുസരിക്കാനുള്ള കല്‍പ്പന വിശുദ്ധ ഖുര്‍ആന്‍ അഞ്ചു ഭാഗങ്ങളില്‍ വിശദീകരിച്ചിട്ടുണ്ട്.
'അങ്ങയുടെ സ്മരണ നാം ഉയര്‍ത്തി' (വിശുദ്ധ ഖുര്‍ആന്‍: 94:4) പ്രസിദ്ധി ഭൂമിയിലും ആകാശത്തിലും ഇലാഹീ സിംഹാസനത്തിലും അല്ലാഹു ഉയര്‍ത്തി. ബാങ്കിലും ഇഖാമത്തിലും ഖുതുബയിലും നിസ്‌കാരങ്ങളിലും സച്ചരിതരുടെ നാവിലും നബി(സ്വ)യുടെ സ്മരണ അല്ലാഹു ഉയര്‍ത്തി. (തഫ്‌സീര്‍ റാസി: 5:32)
മാനവസമൂഹത്തിനാകമാനമായാണ് നബി(സ്വ)യെ നിയോഗിച്ചത്. സകല മനുഷ്യരുടെയും പ്രകൃതിയുടെയും സുരക്ഷയും അവകാശങ്ങളും അവിടുന്ന് പഠിപ്പിച്ചു. പ്രകൃതിയെ സകലര്‍ക്കും സൗകര്യപ്പെടുത്തുന്നവിധം ആവാസ വ്യവസ്ഥകള്‍ ക്രമീകരിക്കുകയും സമാധാനവും ഐശ്വര്യവും ഉറപ്പുവരുത്തുകയും ചെയ്തു. നബി(സ്വ)യെ കാരുണ്യം എന്നാണ് ഖുര്‍ആന്‍ വിശേഷിപ്പിച്ചത്. പറവകളോട്, മൃഗങ്ങളോട്, ഇഴജന്തുക്കളോട് കരുണ കാണിക്കാന്‍ നബി(സ്വ) കല്‍പ്പിച്ചു.
ഒരു പൂച്ചയ്ക്ക് ഭക്ഷണം നല്‍കാതെ ബന്ധിച്ച് അതു ചത്തുപോകാന്‍ കാരണക്കാരിയായ സ്ത്രീയെ സംബന്ധിച്ച് അവള്‍ നരകാവകാശിയാണെന്ന് നബി(സ്വ) പ്രസ്താവിച്ചിട്ടുണ്ട്. (ബുഖാരി, മുസ്‌ലിം) മദീനയിലെ കറവക്കാരോട് നഖം നീട്ടരുതെന്നും മുറിച്ചു വൃത്തിയാക്കണമെന്നും നീണ്ട നഖത്തിന്റെ ക്ഷതമേറ്റ് ഒട്ടകത്തിന്റെ അകിടിലോ മറ്റോ നീറ്റല്‍ ഉണ്ടാവാനിടവരരുതെന്നും നബി(സ്വ) പറഞ്ഞുകൊടുത്തു.
'അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ ഗുണകരമായ വര്‍ത്തമാനം മാത്രം പറയുക, അയല്‍ക്കാരനെ ആദരിക്കുക, അതിഥിയെ ബഹുമാനിക്കുക.'(മുസ്‌ലിം) 'ലജ്ജ ഈമാനില്‍ പെട്ടതാണ്.' (ബുഖാരി, മുസ്‌ലിം). 'എല്ലാ ലഹരി വസ്തുക്കളും നിഷിദ്ധമാണ.്' (സിഹാഹു സിത്ത) ശുദ്ധി വിശ്വാസത്തിന്റെ ഭാഗമായി നബി(സ്വ) പ്രഖ്യാപിച്ചു. സാമൂഹിക പരിസരങ്ങളെ പവിത്രവല്‍ക്കരിച്ച ദര്‍ശനമായിരുന്നു നബി(സ്വ)യുടേത്. വൃത്തിയുള്ള വസ്ത്രം ധരിക്കാന്‍ നിര്‍ദേശിച്ചു. ശരീരം വെടിപ്പായി സൂക്ഷിക്കാന്‍ കല്‍പ്പിച്ചു. ദാനം ശീലമാക്കി, തൊഴിലിനു മഹത്വം കല്‍പ്പിച്ചു. യാചനയുടെ പഴുതുകള്‍ അടച്ചു. ദരിദ്രമുക്ത സമൂഹനിര്‍മിതി സാധിച്ചു. മാനവസമൂഹത്തിന്റെ സകല അവകാശങ്ങളും ജാഗ്രതയോടെ ശ്രദ്ധിച്ചു. സ്ത്രീ അധമയല്ലെന്ന് പ്രഖ്യാപിച്ചു. അനാഥകള്‍ അവഗണിക്കപ്പെടേണ്ടവരല്ലെന്നു പഠിപ്പിച്ചു. മാതാപിതാക്കള്‍, മുതിര്‍ന്നവര്‍, രോഗികള്‍ എന്നിവര്‍ സംരക്ഷിത വിഭാഗമായി പ്രഖ്യാപിക്കപ്പെട്ടു.
നബി(സ്വ)യെ ഒന്നാമനായി അല്ലാഹു നിശ്ചയിച്ചിരിക്കയാല്‍ വിശ്വാസികള്‍ അതുള്‍ക്കൊള്ളാന്‍ ബാധ്യസ്ഥരാണ്. നബി(സ്വ)യെ സ്‌നേഹിക്കുകയെന്നാല്‍ മുഖ്യം അവിടുത്തെ ചര്യകള്‍ പിന്തുടരലാണ്. സ്‌നേഹപ്രകടനത്തിന്റെ അടിസ്ഥാന തലം അതാണ്. നബി(സ്വ) സാധാരണക്കാരനല്ല, സകലരുടെയും മാതൃകാപുരുഷനാണ്. പുണ്യപുരുഷനുമാണ്. ഓരോ റബീഉല്‍ അവ്വല്‍ വരുമ്പോഴും ഈ പുണ്യപുരുഷന്‍ കൂടുതല്‍ വായിക്കപ്പെടുന്നു. അതിലൂടെ ഇതര സമൂഹങ്ങള്‍ വരെ തിരുനബിയെ തിരിച്ചറിയുന്നു.
നബിദിനത്തോടനുബന്ധിച്ച് പൂര്‍വസൂരികളായ മഹാന്‍മാര്‍ നടപ്പില്‍വരുത്തിയ ചടങ്ങുകളെല്ലാം തന്നെ ലോകത്തിന്റെ മുക്കുമൂലകളിലും നന്മകള്‍ നിറഞ്ഞ, അനുഗൃഹീത പരിപാടികളായി നടന്നുവരുന്നു. കേരളത്തില്‍ വര്‍ധിത ആവേശത്തോടെയാണ് ആഘോഷങ്ങള്‍ നടക്കുന്നത്. സമൂഹങ്ങള്‍ക്ക് യാതൊരുവിധ പ്രയാസങ്ങളും ഉണ്ടാവാതെയാവണം ആഘോഷങ്ങളെല്ലാം. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാവരുത്. വഴികളിലെ തടസ്സങ്ങള്‍ നീക്കുക ഈമാനില്‍പ്പെട്ടതാണെന്ന് നബി(സ്വ) പ്രഖ്യാപിച്ചിട്ടുണ്ട്. മാര്‍ഗതടസ്സം സൃഷ്ടിക്കല്‍ വിശ്വാസവിരുദ്ധമാണെന്നു കൂടി അര്‍ഥം ഇതിനുണ്ട്. മാലിന്യങ്ങള്‍, പ്രത്യേകിച്ച് ഖരമാലിന്യങ്ങള്‍, പ്ലാസ്റ്റിക് പോലുള്ളവ പ്രകൃതിയെ അതിന്റെ സ്വാഭാവിക ധര്‍മം നിര്‍വഹിക്കാന്‍ അനുവദിക്കാത്ത വസ്തുക്കളായതിനാല്‍ അവ തെരുവുകളിലും മണ്ണിലും നിക്ഷേപിക്കരുത്. ഫ്‌ളക്‌സ് പോലുള്ളവയുടെ അമിത ഉപയോഗം കാരണം വലിയ പ്രയാസങ്ങള്‍ ഉണ്ടാകുന്നത് ശ്രദ്ധിക്കണം.
നബി(സ്വ) കാരുണ്യമാണെന്ന കാര്യം മറന്നുപോകരുത്. കുരുന്നുകളുടെ മദ്ഹ് ഗാനങ്ങള്‍, പ്രഭാഷണങ്ങള്‍, പ്രകീര്‍ത്തനാഘോഷങ്ങള്‍, അന്നദാനങ്ങള്‍ ഇതെല്ലാം ആ മഹാപുണ്യാത്മാവിനെ സ്‌നേഹിക്കാന്‍ പ്രമാണങ്ങളുടെ പിന്തുണയോടെ സലഫുസ്വാലിഹുകള്‍ (പൂര്‍വകാല പണ്ഡിതര്‍) നിര്‍ദേശിച്ച് നടപ്പിലാക്കിയതാണ്. അതിരുകള്‍ ലംഘിക്കാതെ മതവരകള്‍ പാലിച്ചു മാത്രം പുണ്യ റബീഇനെ സ്വീകരിക്കുക.
സ്വരാജ്യസ്‌നേഹം വിശ്വാസത്തിന്റെ ഭാഗമാണെന്നാണ് ഇസ്‌ലാം സിദ്ധാന്തിച്ചത്. ഭാരതം നമ്മുടെ ജന്മഭൂമിയാണ്. ഈ നാടിന്റെ ഐശ്വര്യവും സുരക്ഷയും വികസനവും നമ്മുടെ കടമയാണ്. പകയുടെ പുകപടലങ്ങളും മനുഷ്യരെ അവര്‍ണര്‍-സവര്‍ണര്‍, ദരിദ്രര്‍-ധനികര്‍ എന്നിങ്ങനെ തരംതിരിച്ച് അസഹിഷ്ണുതയും അതിലൂടെ അസമാധാനവും സൃഷ്ടിക്കുന്നവരെ സ്‌നേഹത്തിന്റെ മതിലുകള്‍ തീര്‍ത്ത് താക്കീത് ചെയ്യണം. ജനാധിപത്യം, മതേതരത്വം തുടങ്ങിയ ഭാരതത്തിന്റെ ഭരണഘടനാമൂല്യങ്ങളെ മാനിക്കാത്തവരെ വ്യവസ്ഥാപിത മാര്‍ഗേണ തിരുത്താന്‍ ശ്രമിക്കണം.
ഓരോ സല്‍പ്രവൃത്തിയും ധര്‍മമാണ്. നീ പുഞ്ചിരിയോടെ സഹോദരന്റെ മുഖത്തേക്കു നോക്കിയാല്‍ അതും സല്‍കര്‍മമാകുന്നു. നന്മ ചെയ്യാന്‍ നീ അന്യരെ പ്രേരിപ്പിക്കുന്നത് സല്‍കര്‍മമാകുന്നു. തിന്മയില്‍നിന്നു വിലക്കുന്നതും സല്‍കര്‍മമാകുന്നു. ദൂരെനിന്ന് വരുന്ന സഞ്ചാരിക്ക് വഴി കാണിക്കുന്നതും ധര്‍മമാണ്. കണ്ണില്ലാത്തവര്‍ക്ക് സഹായം ചെയ്യുന്നതും ധര്‍മംതന്നെ. നടപ്പാതയില്‍നിന്ന് കല്ലുകളും മുള്ളുകളും എല്ലുകളും എടുത്തുമാറ്റുന്നതും സല്‍കര്‍മമാണ്. നിന്റെ പാത്രത്തിലുള്ള വെള്ളം ആവശ്യമുള്ള സഹോദരന്റെ പാത്രത്തിലേക്ക് ഒഴിച്ചുകൊടുക്കുന്നതും ധര്‍മമാണ്.
ഇപ്പറഞ്ഞതിലെല്ലാം അടയാളപ്പെട്ടുകാണുന്നത് ഉദാത്ത മനുഷ്യസ്‌നേഹവും മനുഷ്യധര്‍മങ്ങള്‍ സഹജീവികള്‍ക്ക് ഉപകാരപ്പെടുന്നവിധത്തിലാവണമെന്നുമാണ്.
പാശ്ചാത്യ നാഗരികത സ്വാധീനം ചെലുത്തുന്ന നാടുകളില്‍ പോലും കഴിഞ്ഞ നൂറ്റാണ്ടിലാണ് പക്ഷി, മൃഗങ്ങളോട് ക്രൂരതകള്‍ തടയുന്ന സംഘടനകള്‍ (എസ്.പി.സി.എ) രൂപംകൊണ്ടത്. എന്നാല്‍, നബി(സ്വ) പ്രബോധനം ചെയ്ത വിശുദ്ധ ഖുര്‍ആന്‍ ആറാം നൂറ്റാണ്ടില്‍ പ്രസ്താവിച്ചത് ഇപ്രകാരമാണ്: 'ഭൂമിയിലുള്ള മൃഗങ്ങളും ചിറകു വിടര്‍ത്തി പറക്കുന്ന പക്ഷികളും നിങ്ങളെപ്പോലെയുള്ള സൃഷ്ടികളാണ്. അവ അല്ലാഹുവിലേക്ക് മടങ്ങിപ്പോകുന്നവയാണ്.'
'മുസല്‍മാന്‍, നിന്റെ അറിവാണ് നിന്റെ പരിച. നിന്റെ ഇശ്ഖാണ്, ഇലാഹീ പ്രേമമാണ് നിന്റെ വാളായുധം. നീ യഥാര്‍ഥ മുസ്‌ലിമാണെങ്കില്‍ നിന്റെ പരിശ്രമം നിന്റെ വിധിയാവും. നീ മുഹമ്മദ്(സ്വ)നോട് അനുരാഗമുള്ളവനാണെങ്കില്‍ നാംതന്നെ നിന്റെ സ്വന്തമായിത്തീരുന്നു. നീ ആഗ്രഹിക്കുന്ന ഈ ലോകം ഒരു വലിയ വസ്തുവോ? ലൗഹ്, ഖലം തുടങ്ങിയതിന്റെ സൃഷ്ടിസര്‍വാധിപത്യം തന്നെ നിന്റേതാണല്ലോ. മഹാനബിയെ സമ്പൂര്‍ണ മനസ്സോടെ പിന്‍പറ്റി ജീവിക്കുകയാണെങ്കില്‍ ഈ ലോകമെന്ത്്? നാം നിന്നെ എല്ലാ പടപ്പുകളുടെയും മേലധികാരിയാക്കും.' (അല്ലാമാ മുഹമ്മദ് ഇഖ്ബാല്‍ -ജവാബെ ശിഖ്‌വാ)
പ്രവാചകരുടെ സാര്‍വദേശീയ വീക്ഷണത്തിലെ മാനുഷികവും സദാചാരപരവുമായ ഉല്‍കൃഷ്ട ഭാവങ്ങള്‍ മാനവചരിത്രത്തിനു നല്‍കിയ സംഭാവനകള്‍ ചെറുതല്ല. ഇസ്‌ലാമിന്റെ പൊതുബോധ്യം ഈ സമ്പന്ന നയനിലപാടുകളുടെ അംഗീകാരമാണ്.
ശണ്ഠയുടെ ഭാഷ ഇസ്‌ലാമിനില്ല. സൗഹൃദത്തിന്റെ മിണ്ടിപ്പറയലാണ് ഇസ്‌ലാമിനുള്ളത്. ഇന്ത്യ ആറായിരത്തിലധികം വര്‍ഷങ്ങളായി നിരവധി ഭിന്ന സംസ്‌കാരങ്ങളുടെ ഭൂമിയായി നിലകൊള്ളുന്നു. സഹിഷ്ണുതയുടെ ആസ്ഥാനവും കൂടിയാണ് ഇന്ത്യ. അതത് നാടുകളിലെ സാംസ്‌കാരികാടയാളങ്ങള്‍ മാനിക്കുകയും എന്നാല്‍ വിശ്വാസ വ്യക്തിത്വം കാത്തുസൂക്ഷിച്ച് നാടിന്റെ ഭാഗമായി അലിഞ്ഞുചേരാനുമാണ് ഇസ്‌ലാം പഠിപ്പിച്ചത്. ഈ സാഹചര്യത്തില്‍ 'ഹുബ്ബുര്‍റസൂല്‍, ഹുബ്ബുല്‍ വത്വന്‍' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി സുന്നി യുവജനസംഘം സംസ്ഥാന കമ്മിറ്റി ആചരിക്കുന്ന മീലാദ് കാംപയിന്‍ വിജയിപ്പിക്കാന്‍ സര്‍വരോടും അഭ്യര്‍ഥിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."